
കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നതായും ഇതിന് പ്രചോദനമായത് ബോളിവുഡ് താരം സുസ്‌മിത സെൻ ആണെന്നും നടി പാർവതി തിരുവോത്ത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
'കുട്ടിക്കാലം മുതൽതന്നെ അമ്മയാകണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയിരുന്നു. ഏഴാം വയസിൽ കുഞ്ഞിന്റെ പേരുവരെ കണ്ടുവച്ചു. എന്നാൽ മുതിർന്നപ്പോൾ എന്റെ ശരീരം ഗർഭകാലത്തിലൂടെ കടന്നുപോകുന്നതിന് താത്‌പര്യമില്ലാതായി. ഇപ്പോൾ കുഞ്ഞുങ്ങളെ ദത്തെടുക്കാനാണ് ആഗ്രഹം. സുസ്‌മിത സെൻ ആണ് ഇതിന് പ്രചോദനമായത്. സുസ്‌മിതയുടെ അഭിമുഖങ്ങൾ കണ്ട് ഞാൻ ദത്തിനെക്കുറിച്ച് മാതാപിതാക്കളോട് സംസാരിക്കുമായിരുന്നു. അന്നവരത് കാര്യമാക്കിയില്ല. എന്നാലിന്ന് ഞാൻ സീരിയസ് ആണെന്ന് അമ്മയ്ക്കറിയാം.
എന്റെ അണ്ഡം ശീതീകരിച്ചിട്ടില്ല. എന്റെ ശരീരം അതിലൂടെ കടന്നുപോകുന്നത് ആഗ്രഹിക്കുന്നില്ല. എല്ലാവർക്കും അവരുടേതായ തീരുമാനമുണ്ട്. എന്റെ പല തീരുമാനങ്ങളും മാറ്റിയിട്ടുണ്ട്. അമ്മയാകുന്നതിനായാണ് ഞാൻ ജനിച്ചത് എന്നുവരെ തോന്നിയിട്ടുണ്ട്. ഭാഗ്യത്തിന് ആ ചിന്തയിൽ നിന്ന് പുറത്തുകടന്നു. ദൈവത്തിന് നന്ദി. അന്നത്തെ ആ ഞാൻ ഇന്ന് എവിടെയുമില്ല. പക്ഷേ ഒരു കുഞ്ഞിനെ പ്രസവിച്ചില്ലെങ്കിലും പരിപാലിക്കാനുള്ള സെൻസ് എനിക്കിന്നുണ്ട്. ഒരു കുഞ്ഞ് വേണമെന്ന് ഭാവിയിൽ തോന്നിയാൽ അതെന്റെ പങ്കാളിയുടെയും അംശങ്ങളുള്ള കുഞ്ഞ് വേണമെന്ന നിമിഷത്തിൽ മാത്രമായിരിക്കും. ഇന്നത്തെ ലോകത്ത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയെന്നാൽ അവരെ തീയിലേയ്ക്ക് എറിയുന്നത് പോലെയാണ്. കൂടുതൽ കുട്ടികളെ ഉണ്ടാക്കുവാനും ആഗ്രഹിക്കുന്നില്ല'- പാർവതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |