
ശബരിമല: ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ . വൈകിട്ട് 3.08 ന് സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തത്തിലാണ് സംക്രമ പൂജ. പൂജയ്ക്കായി 2.45ന് നട തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിക്കുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് സംക്രമ പൂജയിൽ അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യുന്നത്. പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40നാണ് ദീപാരാധന . ഈ സമയം ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും. സന്നിധാനത്തും പരിസരത്തുമായി പർണശാലകൾ കെട്ടി ദർശനം കാത്തിരിക്കുകയാണ് ഭക്തർ.
ഇന്നലെ പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് ശരംകുത്തിയിലെത്തും.
ദേവസ്വം അധികൃതർ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.15ന് പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിൽ എത്തുമ്പോൾ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, അംഗങ്ങളായ പി.ഡി .സന്തോഷ് കുമാർ, കെ.രാജു, സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, ശബരിമല പൊലീസ് ചീഫ് കോ ഓർഡിനേറ്റർ എ.ഡി.ജി.പി.എസ്.ശ്രീജിത്ത് എന്നിവർ സ്വീകരിച്ച് സോപാനത്ത് എത്തിക്കും.
തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. പ്രാസാദശുദ്ധിക്രിയകൾ ഇന്നലെ നടന്നു. ഇന്ന് ബിംബശുദ്ധിക്രിയകൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |