
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് പ്ലസ് ടു പാസായ ചെറുപ്പക്കാരെല്ലാം പലായനം ചെയ്യുന്നത് എന്തു കൊണ്ടെന്ന് ചിന്തിക്കേണ്ട സമയമായെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി. കേരളത്തിലിപ്പോൾ അദ്ധ്വാനിക്കുന്ന ജനവിഭാഗം ബംഗാളികൾ മാത്രമാണ്. കേരളം മലയാളികളുടെ നാടല്ലാതായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം ഹസന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട രാഷ്ട്രീയജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ ദി ലെഗസി ഓഫ് ട്രൂത്ത് എംഎം ഹസൻ ബിയോണ്ട് ദ ലീഡർ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്ദിരാഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ രാഷ്ട്രീയ ജീവിത ചരിത്രമാണ് ഹസന്റേത്. ലക്ഷക്കണത്തിന് ചെറുപ്പക്കാർക്ക് വിദേശത്ത് ജോലി നേടിക്കൊടുത്ത നോർക്ക റൂട്ട്സ് ഹസൻ തന്റെ മന്ത്രിസഭയിൽ അംഗമായിരുന്നപ്പോൾ സ്ഥാപിച്ചതാണ്.
എംഎം ഹസനെക്കുറിച്ചുള്ള ഡോക്യുമെന്ററി വ്യക്തിയേക്കുറിച്ചല്ല ,ഒരു കാലഘട്ടത്തെക്കുറിച്ചാണെന്ന് കെ മുരളീധരൻ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഷാഫി പറമ്പിൽ എംപി ഡോക്യുമെന്ററിയുടെ ടൈറ്റിൽ ഏറ്റുവാങ്ങി. എംഎം ഹസൻ, നെയ്യാറ്റിൻകര സനൽ, കെ. ശശിധരൻ, മരിയാപുരം ശ്രീകുമാർ, കെഎസ് ശബരിനാഥൻ, ആർ. ലക്ഷ്മി, ചെറിയാൻ ഫിലിപ്പ് ഡിസിസി പ്രസിഡന്റ് ശക്തൻ നാടാർ, എംആർ തമ്പാൻ തുടങ്ങിയവർ പങ്കെടുത്തു. മഖ്ബൂൽ റഹ്മാനാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. ഔദ്യോഗിക പ്രദർശനം 31ന് കലാഭവൻ തിയേറ്ററിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |