
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ചതോടെ, നിയമസഭ ലക്ഷ്യമിട്ട് ബി.ജെ.പി.വോട്ട് കൂട്ടുകയല്ല,സീറ്റുകൾ നേടുകയാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ അമിത് ഷാ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനായി സംസ്ഥാനത്തെ വിപുലമായ കോർ കമ്മിറ്റിയാണ് അമിത്ഷായുടെ നേതൃത്വത്തിൽ ചേർന്നത്. സംസ്ഥാന പ്രഭാരിമാരാണ് ഇലക്ഷന് നേതൃത്വം നൽകുക പതിവെങ്കിലും, സംസ്ഥാനത്തെ ഇലക്ഷന് തന്റെ നേരിട്ടുള്ള മേൽനോട്ടവും ഉണ്ടാകുമെന്ന് അമിത് ഷാ അറിയിച്ചത് നേതാക്കളെ ആവേശത്തിലാക്കി. ഉത്തർ പ്രദേശിലും ത്രിപുരയിലും വിജയം നേടിയ അമിത്ഷായുടെ നേതൃത്വത്തിലാണ് ബംഗാളിൽ ബി.ജെ.പി.മുഖ്യ പ്രതിപക്ഷമായി ഉയർന്നത്. അതേ വിജയം കേരളത്തിലും ആവർത്തിക്കാനൊരുങ്ങുകയാണ് പാർട്ടി.
ശബരിമല സ്വർണക്കൊള്ളയും വികസന മുരടിപ്പും പ്രചാരണ വിഷയമാക്കുന്നതിനൊപ്പം കേരളത്തിൽ വളർന്നു വരുന്ന മതതീവ്രവാദ ഭീഷണിയും ബി.ജെ.പി ആയുധമാക്കും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഭരണം മതതീവ്രവാദ പ്രസ്ഥാനങ്ങളുടെ കൈകളിലെത്തുന്ന എ.കെ.ബാലന്റെ പ്രസ്താവന ബി.ജെ.പി.ഏറ്റു പിടിച്ചേക്കും. ഇടതുമുന്നണി ഭരണത്തിൽ മതതീവ്രവാദികൾക്ക് തണലൊരുക്കുന്നതായും ബിജെപി ആരോപിക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് മുന്നേ കടക്കാനും, മണ്ഡലങ്ങളുടെ പ്രത്യേകതകൾ വിലയിരുത്താനും, ഭരണം ലഭിച്ച തദ്ദേശ സ്ഥാപനങ്ങളിൽ ജനവിശ്വാസവും പ്രതീക്ഷയും ആർജിക്കുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാനും അമിത് ഷാ കോർ കമ്മിറ്റി യോഗത്തിൽ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |