SignIn
Kerala Kaumudi Online
Wednesday, 14 January 2026 3.43 AM IST

തൊട്ടതെല്ലാം പൊന്നാക്കി മജീദ് ഖാൻ മടങ്ങി

Increase Font Size Decrease Font Size Print Page

s

ദീർഘവീക്ഷണത്തിന് ഒരു മറുപേര്! കഠിനാദ്ധ്വാനത്തിലൂടെ ജീവിതവിജയം പടുത്തുയർത്തിയ സ്ഥിരോത്സാഹി,​ ഇന്നലെ അന്തരിച്ച നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ചാൻസലറും നൂറുൽ ഇസ്ലാം സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ.എ.പി. മജീദ് ഖാന്റെ ജീവിതത്തെ ഇങ്ങനെ അടയാളപ്പെടുത്താം. ഒരുനാടിനും തലമുറയ്ക്കും പുതിയ ദിശാബോധം നൽകിയ വ്യക്തിത്വമായിരുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിൽ ജനിച്ചു വളർന്നെങ്കിലും സുഖസൗകര്യങ്ങളിൽ ഒതുങ്ങികൂടാൻ അദ്ദേഹം തയ്യാറായില്ല.

മറിച്ച്,​ നിരന്തര പരിശ്രമത്തിലൂടെ കർമ്മശേഷിയെ രാകിമിനുക്കി അത് സമൂഹത്തോട് ചേർത്തുവച്ചു. ആ പരിശ്രമം കേരളത്തിൽ ആദ്യത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ (ഐ.ടി.ഐ) പിറവിക്ക് കാരണമായി. തുടർന്നിങ്ങോട്ടുള്ള ജൈത്രയാത്ര അദ്ദേഹത്തെ നൂറുൽ ഇസ്ലാം കല്പിത സർവകലാശാലയുടെ ചാൻസലർ പദവിയിൽ വരെ എത്തിച്ചു. ജീവിതത്തിൽ ഓരോഘട്ടം കടക്കുമ്പോഴും ഒപ്പമുണ്ടായിരുന്നവരുടെ കൈകളെ മജീദ് ഖാൻ ചേർത്തുപിടിച്ചു.

എൻജിയറിംഗ് പഠനം പാതിയിൽ ഉപേക്ഷിച്ചെങ്കിലും ഒരുനാട്ടിലുടനീളം മജീദ് ഖാൻ എൻജിയർമാരെ സൃഷ്ടിച്ചു! അലിസൻ മുഹമ്മദിന്റെയും സൽമാ ബീവിയുടെയും മകനായി 1934 ഡിസംബർ 21-ന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജനനം. മൂന്ന് സഹോദരിമാരും ഒരു സഹോദരനും. ഊരൂട്ടുകാല ഗവ.സ്‌കൂളിൽ നാലാംക്ലാസ് വരെ പഠിച്ചു. പത്താംക്ലാസ് വരെ നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹൈസ്‌കൂളിൽ. ഇന്റർമീഡിയറ്റിന് പഠിച്ചത് തിരുവനന്തപുരം എം.ജി കോളേജിലാണ്.

മദ്രാസിൽ മോട്ടോർ മെക്കാനിക്, ഇലക്ട്രിക്കൽ മേഖലയിൽ പ്രാവീണ്യം നൽകുന്ന എം.ജി.ടി.ഇ.എൽ.സി കോഴ്സ് പഠിച്ചു. എൻജിനിയറിംഗ് പഠിക്കാൻ തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെത്തി. യുദ്ധത്തെ തുടർന്നുള്ള രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തിന്റെ കാലം. ഹോസ്റ്റലിൽ ബജ്ര കഞ്ഞിയാണ് ഭക്ഷണം. മകന്റെ അവസ്ഥയറിഞ്ഞ പിതാവ് 20 ദിവസം മാത്രമെത്തിയ പഠനം അവസാനിപ്പിച്ച് മജീദ്ഖാനെ വീട്ടിലേക്കു മടക്കിക്കൊണ്ടു വന്നു. ഇതോടെ,​ മജീദ്ഖാൻ താൻ പഠിച്ച മോട്ടർ മെക്കാനിക്കും ഇലക്ട്രിക്കൽ ജോലികളും നാട്ടിലെ ചെറുപ്പക്കാരെ പഠിപ്പിക്കാനുള്ള ശ്രമം തുടങ്ങി. 1954-ൽ കമുകിൻകോട് കേന്ദ്രീകരിച്ചായിരുന്നു ഇത്.

1956- ൽ എസ്.കെ. പണിക്കരുടെ സഹായത്തോടെയാണ് തൊഴിലധിഷ്ഠിത കോഴ്സായ എം.ജി.ടി പഠിപ്പിക്കാൻ തുടങ്ങുന്നത്. ഇതായിരുന്നു നെയ്യാറ്റിൻകരയിലെ അദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. തമിഴ്നാട് സാങ്കേതിക വകുപ്പിന്റെ കോഴ്സുകളാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. പഠിക്കുന്നത് ഇവിടെയും പരീക്ഷയും സർട്ടിഫിക്കറ്റും തമിഴ്നാട്ടിലും. തമിഴ്നാട്ടിലെ തൊഴിലധിഷ്ഠിത കോഴ്സുകൾ കേരളത്തിലും ആരംഭിക്കണമെന്ന ആഗ്രഹത്തോടെ മജീദ്ഖാൻ അന്നത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഗോപാലകൃഷ്ണപിള്ളയെ സമീപിച്ച് ഐ.ടി.ഐയ്ക്കുള്ള അനുമതി നേടിയെടുത്തു. കേരളത്തിൽ ഭൂപരിഷ്‌കരണ ബിൽ പാസായ സമയം സർവേ വകുപ്പ്‌ കേരളത്തിലുടനീളം ആദ്യമായി റീസർവേ നടത്താൻ തീരുമാനിച്ചു. അക്കാലത്ത് കേരളം അളന്നു തിട്ടപ്പെടുത്തിയവരാകെ ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു.

നാടിന്റെ വികസനത്തിന് മാറിവന്ന സർക്കാരുകൾ പലവട്ടം മജീദ് ഖാന്റെ കർമ്മശേഷി വിനിയോഗിച്ചു. അക്കാലത്ത് പാടങ്ങളിൽ എൻ.ആർ.എട്ട് എന്ന വിത്തിനം കൃഷി ചെയ്തപ്പോൾ അത് പൊഴിക്കുവാനുള്ള മെഷീന് ആവശ്യക്കാരേറെ. അതിന്റെ നിർമ്മാണം ഏറ്റെടുക്കാൻ എൻ.ഐ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറായി. മുട്ട വിരിയിക്കുന്നതിനുള്ള ഇൻക്യുബേറ്ററും നിർമ്മിച്ചു. കെ.എസ്.ഇ.ബിയ്ക്ക് മലബാർ മേഖലയിലെ നവീകരണത്തിനാവശ്യമായ എല്ലാ ഉപകരണങ്ങളും നിർമ്മിച്ചു നൽകിയത് എൻ.ഐ ആയിരുന്നു. കോൺക്രീറ്റ് പോസ്റ്റുകൾ കേരളത്തിലുടനീളം സ്ഥാപിക്കുവാൻ കെ.എസ്.ഇ.ബി തീരുമാനിച്ചപ്പോൾ നിർമാണച്ചുമതല എൻ.ഐ ക്ക് നൽകി.

അതിർത്തി ജില്ലയായ കന്യാകുമാരിയിലെ തിരുവിതാംകോട്ട് 1984-ൽ പോളിടെക്നിക് ആരംഭിച്ചു. കുമാരകോവിലിൽ നൂറുൽ ഇസ്ലാം എൻജിനിയറിംഗ് കോളേജ് 1989 ൽ പ്രവർത്തനം ആരംഭിച്ചു. ഇതിനിടെ ഒരു ആർട്സ് കോളേജും തുടങ്ങി. നെയ്യാറ്റിൻകരയോടുള്ള അടങ്ങാത്ത സ്‌നേഹത്തിൽ 2006-ൽ നിംസ് ഡെന്റൽ കോളേജ് പ്രവർത്തനം ആരംഭിച്ചു. പിൽക്കാലത്ത് നിംസ് മെഡിസിറ്റിയായി. കന്യാകുമാരിയിലെ നൂറുൽ ഇസ്ലാമിന് കല്തിത സർവകലാശാലാ പദവിയായി. 21-ാം വയസിൽ അദ്ധ്യാപകനായി ആരംഭിച്ച് നൂറുൽ ഇസ്ലാം സർവകലാശാലയുടെ ചാൻസലർ പദവി വരെയെത്തിയ മജീദ്ഖാന്റെ ജീവിതം വരുംതലമുറയ്ക്ക് മാതൃകയാണ്.

TAGS: MAJEEDKHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.