
രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്ന നേട്ടങ്ങൾ സമ്മാനിക്കുമ്പോഴൊക്കെ ഐ.എസ്.ആർ.ഒയുടെ റോക്കറ്റായ പി.എസ്.എൽ.വിയുടെ മേന്മയെ ശാസ്‌ത്രലോകം അഭിനന്ദിക്കാറുണ്ട്. 2017-ൽ ഒറ്റക്കുതിപ്പിന് 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച യാഗാശ്വമാണ് പി.എസ്.എൽ.വി. ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ - 1, ചൊവ്വാ ദൗത്യമായ മംഗൾയാൻ -1, സൂര്യപര്യവേക്ഷണ ദൗത്യമായ ആദിത്യ- എൽ 1 തുടങ്ങി ലോകം ശ്രദ്ധിച്ച പ്രധാനപ്പെട്ട ദൗത്യങ്ങൾ പിഴവറ്റ രീതിയിൽ നിർവഹിച്ച റോക്കറ്റാണിത്. 1993-ൽ തുടങ്ങിയ കുതിപ്പിൽ ഇതുവരെ 64 വിക്ഷേപണ ദൗത്യങ്ങൾ പി.എസ്.എൽ.വി പൂർത്തിയാക്കി. അതിനിടെ ചുരുക്കം ചില ദൗത്യങ്ങൾ മാത്രമാണ് പരാജയപ്പെട്ടത്. പക്ഷേ ഒരിക്കലും തുടർച്ചയായി പരാജയം ആവർത്തിച്ചിട്ടില്ല. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്നതിനാൽ അതിന്റെ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്.
ശ്രീഹരിക്കോട്ടയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 10.17-ന് പതിനഞ്ച് വാണിജ്യ ഉപഗ്രഹങ്ങളുമായി കുതിച്ച പി.എസ്.എൽ.വി.സി - 62 റോക്കറ്റാണ് ഗതി മാറിപ്പോയി പരാജയപ്പെട്ടത്. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനായില്ല. പ്രതിരോധ നിരീക്ഷണത്തിനായുള്ള ഡി.ആർ.ഡി.ഒയുടെ 'അന്വേഷ" എന്ന അത്യാധുനിക നിരീക്ഷണ ഉപഗ്രഹവും വിക്ഷേപിച്ചതിൽ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മേയ് 18-ന് നടത്തിയ അറുപത്തിമൂന്നാമത് വിക്ഷേപണം പരാജയപ്പെടാനിടയായ അതേ കാരണമാണ് ഇത്തവണയും ആവർത്തിച്ചിരിക്കുന്നത്. ഖരഇന്ധനം ജ്വലിക്കുന്ന മൂന്നാം ഘട്ടത്തിന്റെ തുടക്കത്തിലാണ് അന്ന് നിയന്ത്രണം നഷ്ടപ്പെട്ടതെങ്കിൽ, ഇത്തവണ അതു സംഭവിച്ചത് നാലാം ഘട്ടത്തിലായിരുന്നു. ഒരേ പരാജയം വീണ്ടും ആവർത്തിച്ചത് എന്തുകൊണ്ടാണെന്നത് വിശദമായ അന്വേഷണത്തിലൂടെയേ അറിയാനാകൂ.
600 കോടിയുടെ നഷ്ടമാണ് ഈ പരാജയത്തിലൂടെ ഉണ്ടായിരിക്കുന്നത്. റോക്കറ്റിന്റെ നിർമ്മാണച്ചെലവായ 200 കോടിയും പതിനഞ്ച് ഉപഗ്രഹങ്ങളുടെ ചെലവായ 400 കോടിയും ചേർത്തുള്ള കണക്കാണ് ഇത്. പക്ഷേ, വിദേശ ഉപഗ്രഹ വിക്ഷേപണ ദൗത്യങ്ങളുടെ കരാർ നഷ്ടപ്പെടുന്നതിലൂടെ ഈ നഷ്ടം കൂടുതൽ ഉയരാനാണ് സാദ്ധ്യത. ഇന്നലത്തെ പരാജയം ഉൾപ്പെടെ 64 വിക്ഷേപണങ്ങൾ നടത്തിയിട്ടുള്ള പി.എസ്.എൽ.വി റോക്കറ്റിന് മൊത്തം നാല് പരാജയങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെങ്കിലും ആവർത്തിച്ച് സംഭവിച്ച പരാജയം ഐ.എസ്.ആർ.ഒയിലെ ശാസ്‌ത്രജ്ഞരെ അമ്പരപ്പിച്ചിരിക്കുകയാണ്. അട്ടിമറിക്ക് സാദ്ധ്യത കുറവാണെങ്കിലും ആ വശവും അന്വേഷണത്തിൽ വരേണ്ടത് ഇക്കാലത്തെ പ്രത്യേക സാഹചര്യത്തിൽ ആവശ്യമാണ്. അതുപോലെ തന്നെ,ഇതു സംബന്ധിച്ച അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയും മിതത്വം പാലിക്കണം. എല്ലാ ദൗത്യങ്ങളും എല്ലായ്‌പ്പോഴും വിജയിക്കണമെന്നില്ല. യന്ത്രങ്ങളാവുമ്പോൾ പിഴവ് സംഭവിക്കുക എന്നത് നൂറു ശതമാനവും ഒഴിവാക്കാനാകില്ല. ബഹിരാകാശ രംഗത്ത് പരാജയം സംഭവിച്ചിട്ടില്ലാത്ത ആരും തന്നെയില്ല. എന്നിരുന്നാലും പരാജയമെന്നത് പരാജയം തന്നെയാണ്.
ഈ ദൗത്യത്തിന്റെ മുന്നൊരുക്കങ്ങൾക്കായി അഹോരാത്രം പ്രവർത്തിച്ച ശാസ്‌ത്രജ്ഞർക്കും മറ്റ് സാങ്കേതിക വിദഗ്ദ്ധർക്കും മേൽ ഈ പരാജയം സൃഷ്ടിക്കുന്ന ആഘാതവും ചെറുതല്ല. ഒരിക്കൽ ഇതുപോലൊരു പരാജയത്തിനു പിന്നാലെ കരഞ്ഞുപോയ അന്നത്തെ ഐ.എസ്.ആർ.ഒ ചെയർമാനെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശ്വസിപ്പിച്ച രംഗവും ഈ പരാജയം പലരുടെയും സ്മൃതിപഥത്തിൽ തെളിയാൻ ഇടയാക്കുന്നതാണ്. ഖരഇന്ധനം ജ്വലിക്കുന്ന വേളയിൽ മർദ്ദവ്യതിയാനം സംഭവിക്കാതിരിക്കാൻ വേണ്ട ഗവേഷണങ്ങളിലേക്കും നടപടികളിലേക്കുമാണ് ഐ.എസ്.ആർ.ഒയുടെ ശ്രദ്ധ തിരിയേണ്ടത്. ഇതിനായി ഡേറ്റ വിശകലനം ചെയ്യുകയാവും ആദ്യപടിയായി ചെയ്യുക. അതിലൂടെ പിഴവിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനാവുമെന്ന് പ്രതീക്ഷിക്കാം. അതിനുശേഷം, എന്തു സംഭവിച്ചു എന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ അറിയിച്ചത്. എന്തായാലും അടുത്ത വിജയം കുറിക്കുന്നതുവരെ ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞർക്ക് ഉറക്കമില്ലാത്ത രാവുകളായിരിക്കും ഉണ്ടാവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |