പൂച്ചാക്കൽ: ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി എന്തുതന്നെ ആയാലും ഇനിയും 20 മാസം കാലാവധിയുള്ള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഒരു പാർട്ടിക്കും കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അരൂർ മണ്ഡലത്തിലെ പൂച്ചാക്കലിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥികൾ അഞ്ച് മണ്ഡലങ്ങളിൽ വിജയിച്ചാൽ ഈ മണ്ഡലങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന വിശ്വാസം വോട്ടർമാർക്കുണ്ട്. കേരളത്തിൽ ബി.ജെ.പിക്ക് ബദൽ ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ ബി.ജെ.പി ശ്രമിക്കുന്നു. ഈ ശ്രമത്തെ കോൺഗ്രസ് പിന്തുണയ്ക്കുകയാണ്. ബി.ഡി.ജെ.എസ് പാലാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കൂടെ ആയിരുന്നു. എന്നാൽ എസ്.എൻ.ഡി.പിയുടെ വോട്ട് ഇടതുപക്ഷത്തിന് ലഭിച്ചു. അഞ്ച് മണ്ഡലങ്ങളിലും എസ്.എൻ.ഡി.പി കൂടെ നിൽക്കും എന്നാണ് കരുതുന്നത്. എൻ.എസ്.എസിന്റെ ഒരാവശ്യം സാമ്പത്തിക സംവരണം വേണമെന്നും സാമുദായിക സംവരണം വേണ്ടെന്നുമാണ്. സി.പി.എമ്മിന്റെ നിലപാട് സാമുദായിക സംവരണം തുടരണമെന്നും എന്നാൽ മുന്നാക്ക സമുദായത്തിലെ ഏറ്റവും പാവപ്പെട്ടവർക്ക് പത്ത് ശതമാനം സംവരണം നൽകണം എന്നുമാണ്. ഇടതുമുന്നണിക്ക് ഒരു സമുദായ സംഘടനയോടും ശത്രുതയില്ല. പാലായിലെ വിജയം അഞ്ച് മണ്ഡലങ്ങളിലും ആവർത്തിക്കും. കൂടത്തായി കേസിലെ പ്രതികളെ അറിയാമായിരുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്തുകൊണ്ടാണ് വിവരം പൊലീസിനെ അറിയിക്കാതിരുന്നതെന്നും കോടിയേരി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |