
തിരുവനന്തപുരം: മുന്നണി വിപുലീകരണത്തിനുള്ള യു.ഡി.എഫിന്റെ കരുനീക്കങ്ങൾ കര തൊടുന്നു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയും മന്ത്രി റോഷി അഗസ്റ്റിനും നിഷേധ പ്രസ്താവനയുമായി വന്നെങ്കിലും, പാർട്ടി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫുമായി കൈ കോർക്കാൻ സാദ്ധ്യത തെളിയുന്നു. മൂന്ന് തിരഞ്ഞെടുപ്പുകളിൽ കൊട്ടാരക്കര മണ്ഡലത്തിൽ എൽ.ഡി.എഫിനുവേണ്ടി വിജയക്കൊടി പാറിച്ച, നിയമസഭയിൽ സി.പി.എമ്മിന്റെ മൂർച്ചയുള്ള നാവായിരുന്ന ഐഷാ പോറ്റി കോൺഗ്രസിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയ സാദ്ധ്യത കല്പിക്കുന്ന മറ്റു ചില കക്ഷികളും മനസ് മാറ്റിയേക്കുമെന്നാണ് സൂചന.
സി.പി.എമ്മുമായി അകൽച്ചയിലായിരുന്ന ഐഷാ പോറ്റി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത് ഇടത് പാളയത്തെ
ഞെട്ടിച്ചു. കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗത്തിനും പാലാ എം.എൽ.എ മാണി സി.കാപ്പനും മാണി വിഭാഗം യു.ഡി.എഫിലേക്ക് വരുന്നതിൽ അത്ര സന്തോഷമില്ലെങ്കിലും, എങ്ങനെയും അധികാരത്തിലെത്തുകയെന്ന യു.ഡി.എഫ് പ്രഖ്യാപിത ലക്ഷ്യത്തിന് മുന്നിൽ ഈ അസന്തുഷ്ടികൾക്ക് പ്രസക്തിയില്ല. സംസ്ഥാനത്ത് 30 ലക്ഷത്തോളം വിശ്വാസികളുള്ള സീറോ മലബാർ സഭയുടെ സുപ്രധാന സിനഡിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ലഭിച്ച പ്രവേശനം ചെറിയ കാര്യമല്ല. 49 ബിഷപ്പുമാർ പങ്കെടുത്ത, സഭ തന്ത്രപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നിടത്താണിത്. മാണി കേരള കോൺഗ്രസിന് മേൽ സഭയ്ക്കുള്ള സ്വാധീനം ചെറുതല്ല. എ.ഐ.സി.സി നേതൃത്വത്തിൽ നിന്ന് ജോസ് കെ.മാണിയുമായി ചില ആശയവിനിമയങ്ങൾ നടന്നിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയും കേരള കോൺഗ്രസിനെ യു.ഡി.എഫ് പാളയത്തിലെത്തിക്കാൻ നയതന്ത്രപരമായ നീക്കം നടത്തിയിട്ടുണ്ട്.
സഭ കാട്ടുന്ന താത്പര്യത്തെ അവഗണിച്ച് കേരള കോൺഗ്രസിന് മുന്നോട്ട് പോകാനുമാവില്ല. പാർട്ടി ഇടതു മുന്നണിക്കൊപ്പമെന്ന് ചെയർമാൻ ജോസ് കെ.മാണി ഇന്നലെ സമൂഹ മാദ്ധ്യമത്തിൽ വ്യക്തമാക്കിയെങ്കിലും, മുൻപ് ഇതേപോലെ നിലപാട് പ്രഖ്യാപിക്കുകയും പിന്നീട് മാറുകയും ചെയ്ത സന്ദർഭങ്ങൾ കേരള രാഷ്ട്രീയത്തിന് പുതുമയല്ല.
പുറമെ പരസ്പരം കടിച്ച് കീറുന്നുണ്ടെങ്കിലും ബി.ജി.പിയുമായി സി.പി.എം ചില അന്തർധാരകൾ പുലർത്തുന്നുവെന്ന ധാരണ സഭകൾക്കിടയിലുണ്ട്. മറ്റു ചില സംസ്ഥാനങ്ങളിൽ ക്രൈസ്തവ സഭകൾ നേരിടേണ്ടിവരുന്ന പീഡനങ്ങളിൽ അവർ അസ്വസ്ഥരുമാണ്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി യു.ഡി.എഫിന് ഇപ്പോൾ നിയമസഭയിലെ അംഗബലം വെറും ഒൻപത് പേരാണ്. ഈ മേഖലകളിൽ മാണി വിഭാഗത്തിന് നിർണായക സ്വാധീനമുണ്ട്. അവർ കൂടി ഒപ്പമെത്തിയാൽ ശക്തി കൂട്ടാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ഒപ്പം, ഭരണ വിരുദ്ധ വികാരം അനുകൂലമാകുമെന്നും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |