SignIn
Kerala Kaumudi Online
Wednesday, 14 January 2026 11.24 AM IST

'തർക്കിക്കാൻ നിന്നാൽ നിങ്ങളെന്നെ അവിടെ പിടിച്ചുനിർത്തും, അതുകൊണ്ടാണ് ഞാൻ ആ കൊലച്ചതി ചെയ്തത്'

Increase Font Size Decrease Font Size Print Page
sathyan-anthikad

നടൻ ശ്രീനിവാസനെ ഓർത്ത് വെെകാരിക കുറിപ്പ് പങ്കുവച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ ഇനിയില്ല. അതൊരു സത്യമാണ്. പക്ഷേ ആ സത്യം പൂർണമായി ഉൾക്കൊള്ളാൻ തനിക്കിപ്പോഴും കഴിയുന്നില്ലെന്നും സത്യൻ അന്തിക്കാട് കുറിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ശ്രീനിവാസനോടൊപ്പം ഉണ്ടായിരുന്ന നാളുകളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

ശ്രീനിയെന്ന ഒറ്റ നക്ഷത്രം -

ഒരു ട്രെയിൻയാത്രയാണ് പെട്ടെന്ന് ഓർമ്മയിൽ വരുന്നത്. തൃശ്ശൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഞാൻ. വെഞ്ചാമരംപോലെ നരച്ച മുടിയുള്ള പ്രൗഢയായ ഒരു സ്ത്രീ അടുത്തുവന്ന് പരിചയപ്പെട്ടു. ഒരു പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലായി റിട്ടയർ ചെയ്ത അധ്യാപികയാണ്. സംസാരത്തിനിടയിൽ അവർ ചോദിച്ചു: ‘‘മലയാളത്തിലെ ഏറ്റവും നല്ല തിരക്കഥാകൃത്ത് ആരാണ്?’’

സ്വാഭാവികമായും ഞാൻ എം.ടി.യുടെ പേര് പറഞ്ഞു. പത്മരാജനും ലോഹിതദാസും തൊട്ടടുത്തുവരുമെന്നും. ഒരു ചെറിയ ചിരിയോടെ അവർ പറഞ്ഞു: ‘‘ശരിയായിരിക്കാം. പക്ഷേ, മലയാളിയുടെ മനസ്സ് ഏറ്റവും കൂടുതൽ തൊട്ടറിഞ്ഞ എഴുത്തുകാരൻ ശ്രീനിവാസനാണ്. ചിരിപ്പിക്കുന്ന നടനായതുകൊണ്ട് എഴുത്തുകാരൻ എന്നനിലയിൽ അദ്ദേഹത്തിന്റെ മികവ് പലരും കാണാതെ പോകുന്നു.’’

എന്നിട്ട് ചിന്താവിഷ്ടയായ ശ്യാമളയിലെയും വടക്കുനോക്കിയന്ത്രത്തിലെയും സന്ദേശത്തിലെയും വരവേല്പിലെയും കഥാപാത്രങ്ങളുടെ ശക്തിയെപ്പറ്റി അവർ പറഞ്ഞു. നാടോടിക്കാറ്റിലെ ദാസനും വിജയനും കടന്നുവന്ന ജീവിതസാഹചര്യങ്ങളെപ്പറ്റി പറഞ്ഞു. വളച്ചുകെട്ടില്ലാത്ത സംഭാഷണങ്ങളെപ്പറ്റി പറഞ്ഞു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു അധ്യാപികയുടെ നിരീക്ഷണമാണ്. എനിക്ക് അദ്‌ഭുതം തോന്നിയില്ല. അവർ പറഞ്ഞതൊക്കെ സത്യമാണെന്ന് എനിക്കും അറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ശ്രീനിവാസനെ എന്നും ചേർത്തുനിർത്താൻ ഞാൻ ശ്രമിച്ചിട്ടുള്ളത്.

ശ്രീനിവാസൻ ഒരേസമയം എന്റെ സുഹൃത്തും ഗുരുനാഥനുമായിരുന്നു. ശ്രീനിവാസനിൽനിന്ന് പഠിച്ച പാഠങ്ങൾ സ്വയം തിരക്കഥയെഴുതുമ്പോഴും മറ്റുള്ളവരുടെ തിരക്കഥകൾ സിനിമയാക്കുമ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്. ആത്മാർഥതയില്ലാതെ ഒരു വാചകംപോലും ശ്രീനി എഴുതിയിട്ടില്ല. എഴുതാമെന്ന് സമ്മതിച്ച തിരക്കഥകളിൽനിന്നുപോലും തനിക്ക് പറ്റുന്നില്ലെന്ന്‌ തോന്നിയാൽ ഓടി രക്ഷപ്പെടാറുണ്ട്. അതെന്റെ അനുഭവംകൂടിയാണ്.

‘കുടുംബപുരാണം’ എന്ന സിനിമയുടെ ആദ്യത്തെ തിരക്കഥാകൃത്ത് ശ്രീനിവാസനായിരുന്നു. അന്ന് അഭിനയിക്കാനും എഴുതാനും വളരെയേറെ തിരക്കുകളൊന്നുമില്ലാത്ത കാലമാണ്. ‘സംസാരം അത് മിൻസാരം’ എന്ന തമിഴ് സിനിമയുടെ കഥയിൽനിന്നാണ് തിരക്കഥ രൂപപ്പെടുത്തേണ്ടത്. ശ്രീനിവാസൻ ആ സിനിമ കണ്ടിട്ടില്ല. ആശയം പറഞ്ഞപ്പോൾ ഇഷ്ടമായി എന്റെ കൂടെ വന്നതാണ്. കോഴിക്കോട്ട്‌ അളകാപുരി ഹോട്ടലിലെ കോട്ടേജിലിരുന്ന് ഞങ്ങളതിന്റെ ചർച്ചകൾ ആരംഭിച്ചു. ശ്രീനി കൂടെയുണ്ടാകുമ്പോൾ സ്‌ക്രിപ്റ്റിനെപ്പറ്റി എനിക്ക് പേടിയില്ല. പ്രൊഡ്യൂസറെ വിളിച്ച് ഷൂട്ടിങ് പ്ലാൻ ചെയ്തു. ബാലചന്ദ്രമേനോനും തിലകനുമടക്കമുള്ള നടീനടന്മാരുടെ ഡെയ്‌റ്റൊക്കെ വാങ്ങി. ഷൂട്ടിങ്ങിനുള്ള സമയമാകാറായിട്ടും തിരക്കഥയെഴുത്ത് പുരോഗമിക്കുന്നില്ല. പത്തുപതിനഞ്ച് സീനുകൾക്കപ്പുറത്തേക്ക് കഥ വികസിക്കുന്നതേയില്ല. തമിഴ് സിനിമയുടെ കാസറ്റ് എന്റെ കൈയിലുണ്ട്. നമുക്കതൊന്ന് കണ്ടുനോക്കിയാലോ എന്ന് ഞാൻ ചോദിച്ചു. സിനിമ കണ്ടാൽ അത് വെറുമൊരു റീമേയ്‌ക്ക് ആയിപ്പോകുമോ എന്ന പേടിയുള്ളതുകൊണ്ടാണ് ശ്രീനിയത് കാണാതിരുന്നത്. പക്ഷേ, മറ്റുവഴികളൊന്നും തെളിയാത്തതുകൊണ്ട് പടം കാണാൻതന്നെ തീരുമാനിച്ചു. ഒരു സുഹൃത്തിന്റെ വീട്ടിൽപോയിരുന്ന് ‘സംസാരം അത് മിൻസാരം’ പൂർണമായി കണ്ടു. തിരിച്ചെത്തുമ്പോൾ രാത്രിയായി. ശ്രീനി ഒന്നും മിണ്ടുന്നില്ല. അറിയാവുന്ന കഥയായതുകൊണ്ട് ഞാനതിനെപ്പറ്റി വേവലാതിപ്പെട്ടുമില്ല.

പിറ്റേന്ന് രാവിലെ ഞാനുണരുമ്പോൾ കാണുന്നത് ശ്രീനിവാസൻ കുളിച്ച് വേഷംമാറി പെട്ടി പാക്ക്‌ചെയ്യുന്നതാണ്.

‘‘എന്തുപറ്റി?’’ എന്ന ചോദ്യത്തിന് മറുപടി പറയാതെ റിസപ്ഷനിൽ വിളിച്ച് തലശ്ശേരിക്ക് പോകാനൊരു കാർ വേണമെന്ന് പറയുന്നു. വീട്ടിലാർക്കെങ്കിലും എന്തെങ്കിലും പറ്റിക്കാണുമെന്ന് ഞാൻ സംശയിച്ചു.

തിരക്കിട്ട് കാറിൽ കയറുന്നതിന് മുൻപ്‌ ശ്രീനി പറഞ്ഞു: ‘‘ഈ കഥയിൽനിന്ന് ഞാൻ രക്ഷപ്പെടുകയാണ്. ജീവൻ വേണമെങ്കിൽ നിങ്ങളും രക്ഷപ്പെട്ടോ. ഇതിൽനിന്നൊരു സിനിമയുണ്ടാക്കാൻ പറ്റില്ല.’’ മറുപടിക്ക് കാത്തുനില്ക്കാതെ ശ്രീനി പോയി. ഞാൻ നടുക്കടലിലായി!

ആ തമിഴ് സിനിമയുടെ കഥയിൽ നല്ലൊരു ആശയമുണ്ടെന്ന് എനിക്കപ്പോഴും തോന്നുന്നുണ്ടായിരുന്നു. പ്രൊഡ്യൂസറെ വിളിച്ച് ഷൂട്ടിങ് ഡെയ്‌റ്റൊക്കെ മാറ്റി ഞാൻ ലോഹിതദാസിനെ സമീപിച്ചു. നടന്ന സംഭവങ്ങളൊക്കെ പറഞ്ഞു. കഥ കേട്ടപ്പോൾ ലോഹി പറഞ്ഞു: ‘‘എനിക്കും ആ സിനിമ കാണണ്ട. സത്യൻ പറഞ്ഞ കഥയിൽനിന്ന് നമുക്കൊരു തിരക്കഥയുണ്ടാക്കാം. അതിനുള്ള മരുന്ന് ആ കഥയിലുണ്ട്.’’

ലോഹിതദാസ് അത് മനോഹരമായി എഴുതി. ശ്രീനിവാസനും അതിൽ നല്ലൊരു വേഷമുണ്ടായിരുന്നു. അഭിനയിക്കാൻ വന്നപ്പോൾ തിരക്കഥ ഞാൻ ശ്രീനിയുടെ കൈയിൽ കൊടുത്തു. ‘‘ലോഹി എഴുതിയപ്പോൾ ഇത് നന്നായി. എനിക്കത് പറ്റുന്നുണ്ടായിരുന്നില്ല. തർക്കിക്കാൻ നിന്നാൽ നിങ്ങളെന്നെ അവിടെ പിടിച്ചുനിർത്തും. അതുകൊണ്ടാണ് ഞാനന്ന് ആ കൊലച്ചതി ചെയ്തത്’’ എന്നുപറഞ്ഞ് ശ്രീനി ചിരിച്ചു.

തിരക്കഥയെഴുത്ത് ഒരു ജോലിയായി ശ്രീനി കണ്ടിട്ടില്ല. അനുഭവങ്ങളും അറിവുകളുമാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.

‘‘നമുക്ക് കടക്കാർ ആരുമില്ലാത്ത എവിടേക്കെങ്കിലും പോകാം മോനേ’’ എന്ന് ‘സന്മനസ്സുള്ളവർക്ക് സമാധാന’ത്തിലെ അമ്മ പറയുമ്പോൾ നമ്മളറിയുന്നില്ല യഥാർഥ ജീവിതത്തിൽ ശ്രീനിയുടെ അമ്മ ശ്രീനിയോട് പറഞ്ഞ വാക്കുകളാണ് അതെന്ന്.

ടി.പി. ബാലഗോപാലൻ എം.എ. എന്ന സിനിമ മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം. അത് എഴുതാൻ വന്നപ്പോൾ ശ്രീനി എന്നോട് ആദ്യം പറഞ്ഞത്, ‘‘ഞാനൊരു എഴുത്തുകാരനൊന്നുമല്ല. നിങ്ങളാഗ്രഹിക്കുന്നതുപോലെ എനിക്കെഴുതാൻ കഴിയുമെന്നും തോന്നുന്നില്ല. ഒന്ന് ശ്രമിച്ചുനോക്കാം’’ എന്നാണ്.

ആ ശ്രമം സിനിമാജീവിതത്തിൽ എനിക്കൊരു വഴിത്തിരിവായി എന്നത് ചരിത്രം. ബാലഗോപാലൻ തൊട്ടാണ് സിനിമയിൽ എന്റെ ദിശ ഏതാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ഒരുപോലെ ചിന്തിക്കുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന രണ്ടുപേരുടെ കൂടിച്ചേരലായിരുന്നു അത്. ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതസാഹചര്യങ്ങൾ ഏകദേശം ഒരുപോലെയായിരുന്നു. ഇടത്തരക്കാരുടെ പ്രശ്നങ്ങൾ നർമത്തിന്റെ കണ്ണിലൂടെയാണ് രണ്ടുപേരും കണ്ടിരുന്നത്.

എത്ര തീവ്രമായ വിഷയമായാലും അതിനെ നർമംകൊണ്ട് പൊതിയാനായിരുന്നു ഞങ്ങൾക്ക് താത്‌പര്യം. വരവേൽപ്പും സന്ദേശവുമൊക്കെ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളാണ്. ശ്രീനിവാസൻ അതിനെ തമാശയുടെ ചരടിൽ കോർത്താണ് തിരക്കഥയാക്കി രൂപപ്പെടുത്തിയത്. ചില രംഗങ്ങൾ മനസ്സിൽ തെളിഞ്ഞാൽ കടലാസിലേക്ക് പകർത്തുംമുൻപ്‌ പരസ്പരം പറഞ്ഞും വിശദീകരിച്ചും ഞങ്ങൾതന്നെ ആർത്തുചിരിക്കും. അങ്ങനെ ആസ്വദിച്ചുണ്ടാക്കുന്ന രംഗങ്ങൾ പത്തിരട്ടി ചിരിയോടെ പ്രേക്ഷകർ ഏറ്റെടുക്കും.

‘ഗാന്ധിനഗർ സെക്കൻഡ്‌ സ്ട്രീറ്റിൽ’ ഗൂർഖ കള്ളനെ പിടിച്ചുവെന്നുകാണിക്കാൻ ശ്രീനിവാസൻതന്നെ കള്ളനായി വേഷമിട്ടുവരുന്ന രംഗമുണ്ട്. എഴുതുന്നതിന് മുൻപുതന്നെ ആ സീൻ മനസ്സിൽകണ്ട് മദ്രാസിലെ ഹോട്ടലിൽ ഞങ്ങൾ ചിരിച്ചുമറിഞ്ഞു. അതുകണ്ടുകൊണ്ട് സംവിധായകൻ ജി. അരവിന്ദൻ മുറിയിലേക്ക് വന്നു.

‘‘രണ്ടാൾക്കും വട്ടായിപ്പോയോ?’’ എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. ശ്രീനി വിശദമായി ആ രംഗം പറഞ്ഞുകൊടുത്തപ്പോൾ പൊതുവേ മൗനിയാണെന്ന് എല്ലാവരും പറയാറുള്ള അരവിന്ദേട്ടൻ ചിരിച്ചുചിരിച്ച് അത് നിർത്താൻ പാടുപെടുന്നത് ഇപ്പോഴും ഓർമ്മയുണ്ട്.

‘നാടോടിക്കാറ്റാ’ണ് ശ്രീനിവാസൻ ഏറ്റവുംകൂടുതൽ സമയമെടുത്ത് എഴുതിയ തിരക്കഥ. ഏകദേശം ഒരുവർഷത്തോളം ഞങ്ങളാ കഥ ചർച്ചചെയ്ത് കേരളം മുഴുവൻ അലഞ്ഞിട്ടുണ്ട്. ‘ശ്രീധരന്റെ ഒന്നാംതിരുമുറിവ്’ വേണ്ടത്ര വിജയിക്കാതെപോയതിന്റെ പേടിയും മനസ്സിലുണ്ടായിരുന്നു. ഒരു ധൈര്യത്തിനുവേണ്ടി മൂകാംബികയിൽ പോയി ഒന്ന്‌ തൊഴുതു വന്നാലോ എന്നുചോദിച്ചപ്പോൾ അതിനും ശ്രീനി സമ്മതിച്ചു. മംഗലാപുരത്തുനിന്ന് ബസ്സിൽക്കയറി കൊല്ലൂരിലും അവിടെനിന്ന് മറ്റുയാത്രക്കാരുടെ വാടകജീപ്പിൽ കുടജാദ്രിയിലുംപോയി. ഭട്ടിന്റെ വീട്ടിൽ നിന്ന് ആഹാരംകഴിച്ച് രാത്രി അവിടെത്തന്നെ കൂടി. നല്ല തണുപ്പുണ്ടായിരുന്നു. തികഞ്ഞ ഏകാന്തതയിൽ കുടജാദ്രിമലയുടെ മുകളിൽനിന്ന് താഴോട്ടുനോക്കി ഏറെനേരം നിന്നു.

‘കാറ്റത്താരോ ഒരു ചുവന്ന തൂവാല വീശിയുണക്കുന്നതുപോലെ കാട്ടുതീ’ എന്ന് എം.ടി. എഴുതിയ ദൃശ്യം നേരിട്ടുകണ്ടു.

സംവിധായകൻ, നടൻ, എഴുത്തുകാരൻ എന്ന പരിവേഷങ്ങളൊക്കെ ഞങ്ങളിൽ നിന്ന് അഴിഞ്ഞുപോയിരുന്നു.

‘‘നമ്മളൊക്കെ എത്ര ചെറിയവരാണല്ലേ’’ എന്ന് ശ്രീനി ചോദിച്ചു. ശരിക്കും അങ്ങനെത്തന്നെയാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. പിറ്റേന്ന് താഴേക്ക് നടന്നിറങ്ങി സൗപർണികയിൽ മുങ്ങിക്കുളിച്ചു. അമ്പലത്തിലെ പ്രസാദഊട്ടിന് എല്ലാവരോടുമൊപ്പമിരുന്ന് ഭക്ഷണംകഴിച്ചു. ഒന്നോ രണ്ടോ പേരൊഴികെ ആരും ശ്രീനിയെ തിരിച്ചറിഞ്ഞില്ല.

‘നാടോടിക്കാറ്റ്’ സൂപ്പർഹിറ്റായപ്പോൾ ഞാൻ പറഞ്ഞു-‘‘മൂകാംബികയുടെ അനുഗ്രഹം- അല്ലേ ശ്രീനി?’’ ആണെന്നോ അല്ലെന്നോ ശ്രീനി പറഞ്ഞില്ല. സിഗരറ്റിന്റെ പുക ഊതിവിട്ടുകൊണ്ട് നിസ്സംഗനായി ഇരുന്നു. ‘ദൈവമുണ്ടോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല’ എന്നാണ് ശ്രീനിപറയാറുള്ളത്. വിശ്വാസിയല്ല. എന്നാൽ വിശ്വാസത്തിന് എതിരുമല്ല.

ഇത്രയേറെ സാമൂഹികനിരീക്ഷണമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. ലോകരാഷ്ട്രീയത്തിലുണ്ടാകുന്ന ഓരോ ചലനവും ശ്രീനി ശ്രദ്ധിക്കാറുണ്ട്. സന്ദേശത്തിലെ പ്രകാശനും കോട്ടപ്പള്ളി പ്രഭാകരനും തമ്മിൽ പോരടിക്കുമ്പോൾ പറയുന്ന സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ അതറിയാം.

‘പോളണ്ടിനെപ്പറ്റി ഒരക്ഷരം പറയരുത്’ എന്ന് എഴുതിയത് ആ വാക്കുകളുടെ ആഴം കൃത്യമായി അറിഞ്ഞുകൊണ്ടുതന്നെയാണ്.

ശ്രീനിവാസൻ അരാഷ്ട്രീയവാദിയാണെന്ന് പറയുന്നവരുണ്ട്. നേതൃത്വം പറയുന്നതെന്തും കണ്ണടച്ചുവിഴുങ്ങുന്ന രാഷ്ട്രീയ അന്ധവിശ്വാസികളുടെ അഭിപ്രായമാണത്.

വിമർശനം ശരിയായ അർഥത്തിൽ ഉൾക്കൊള്ളാൻ കഴിയണം. അതിന് വിവേകം വേണം. റിലീസ്‌ചെയ്ത് മുപ്പത്തിനാലു കൊല്ലംകഴിഞ്ഞിട്ടും സന്ദേശത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ഇന്നും തോൽക്കുന്ന പാർട്ടികൾക്ക്‌ പിടിവള്ളി സജീവമാകുന്ന ‘അന്തർധാര’യും താത്ത്വിക അവലോകനങ്ങളുംതന്നെയാണ്. രാഷ്ട്രീയത്തെ മാത്രമല്ല താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയെയും ശ്രീനി ശക്തമായി വിമർശിച്ചിട്ടുണ്ടല്ലോ. മലയാള സിനിമയുടെ നേർക്ക്‌ തിരിച്ചുവെച്ച കണ്ണാടിതന്നെയാണ് ‘ഉദയനാണ് താരം’

കഥപറയുമ്പോൾ എന്ന സിനിമയുടെ അവസാനഭാഗത്ത് മമ്മൂട്ടിയുടെ ഒരു പ്രസംഗമുണ്ട്. സൂപ്പർസ്റ്റാർ അശോക്‌കുമാർ തന്റെ പഴയ സുഹൃത്ത് ബാർബർ ബാലനെ ഓർമിക്കുന്ന രംഗം. അതുകണ്ട് കണ്ണ്‌ നനയാത്തവർ ചുരുക്കമാണ്. പതിനഞ്ച് ദിവസത്തോളമെടുത്താണ് താനാ പ്രസംഗം എഴുതിയതെന്ന് ശ്രീനി എന്നോടുപറഞ്ഞിട്ടുണ്ട്. എഴുതിയതുതന്നെ വീണ്ടുംവീണ്ടും മാറ്റിയെഴുതും. വാചകങ്ങളുടെ ഘടനമാറ്റും.

‘‘അവസാനമെഴുതിയത് വീണ്ടുമെടുത്ത് വായിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞു. ഇത് വർക്കാകും എന്ന് അപ്പോൾ തോന്നി. മമ്മൂട്ടിക്ക് സീൻ വായിക്കാൻ കൊടുത്ത് മാറിനിന്ന് ഞാൻ അദ്ദേഹത്തെ ശ്രദ്ധിച്ചു.

വായിച്ചുകഴിഞ്ഞപ്പോൾ മമ്മൂട്ടി കണ്ണുതുടയ്ക്കുന്നത് ഞാൻ കണ്ടു.’’ സിനിമയിലെ ഓരോ സീനും നന്നാകുന്നത് അതിനുവേണ്ടി മനസ്സുരുകി പരിശ്രമിക്കുന്നതുകൊണ്ടാണ്. ശ്രീനിയുടെ മറ്റൊരു മുഖവുംകൂടി ഞാൻ കണ്ടിട്ടുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനുവേണ്ടി തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ താമസിക്കുകയാണ് ഞങ്ങൾ. ഒരുദിവസം ഷൂട്ടിങ് കഴിഞ്ഞ് മുറിയിൽ എത്തിയപ്പോൾ ശ്രീനിവാസൻ ഒരു കത്തും കൈയിൽ പിടിച്ച് ഇരിക്കുകയാണ്.

വീട്ടിലെ വിലാസത്തിൽ വരുന്ന കത്തുകളെല്ലാം എടുത്തുകൊണ്ടുവന്ന് സമയം കിട്ടുമ്പോൾ ഓരോന്നായി വായിക്കുകയാണ് പതിവ്. അങ്ങനെ വന്ന ഒരു കത്താണ് ‘‘ഇതൊന്ന് വായിച്ചുനോക്കൂ’’ എന്നുംപറഞ്ഞ് കത്ത് എന്റെ കൈയിൽത്തന്നു. ശ്രീനിക്ക് നേരിട്ടു പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ ഡൽഹിയിൽനിന്ന് എഴുതിയ കത്താണ്. ഞാനത് വായിച്ചുതുടങ്ങിയപ്പോൾ ശ്രീനിപറഞ്ഞു- ‘‘വേണ്ട ഞാൻ വായിച്ചുകേൾപ്പിക്കാം.’’ പിന്നെ ശ്രീനിയത് വായിക്കാൻ തുടങ്ങി. നെഞ്ചുലയ്ക്കുന്ന കത്തായിരുന്നു അത്. ഒരാൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകളാണ്. വായിച്ചുവായിച്ച് ഒരു ഘട്ടമെത്തിയപ്പോൾ ശ്രീനി ഏങ്ങിയേങ്ങി ക്കരഞ്ഞു. അതുകണ്ട് എന്റെ കണ്ണും നിറഞ്ഞു.

കരയാൻ കഴിയുന്നത് വലിയൊരു അനുഗ്രഹമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. മാലിന്യമില്ലാത്ത മനസ്സിൽനിന്നേ കണ്ണീരിന്റെ ഉറവ ഒഴികിവരൂ. നിർമലമായ മനസ്സാണ് ശ്രീനിയുടെത്. മലയാളികളെ മുഴുവൻ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇടയ്ക്കൊക്കെ കരയിക്കാനും ശ്രീനിക്ക് കഴിഞ്ഞത് അങ്ങനെയൊരു മനസ്സുള്ളതുകൊണ്ടാണ്. ശ്രീനിവാസൻ ഇനിയില്ല. അതൊരു സത്യമാണ്. പക്ഷേ, ആ സത്യം പൂർണമായി ഉൾക്കൊള്ളാൻ എനിക്കിപ്പോഴും കഴിയുന്നില്ല.

TAGS: SATHYAN ANTHIKAD, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.