ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ
മഞ്ജു റാണിക്ക് തോൽവി, വെള്ളി മെഡൽ
ഉലാൻ-ഉഡെ : റഷ്യയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തിയ ഏക ഇന്ത്യക്കാരി മഞ്ജു റാണിക്ക് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇന്നലെ നടന്ന ഫൈനലിൽ റഷ്യക്കാരിയായ എകാതറിന പാൽച്ചീവയോട് 1-4 എന്ന സ്കോറിനാണ് 48 കിലോഗ്രാം വിഭാഗത്തിൽ മഞ്ജു തോറ്റത്. മഞ്ജുവിന്റെ കരിയറിലെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു ഇത്.
മൂന്ന് റൗണ്ട് പോരാട്ടത്തിന്റെ ആദ്യറൗണ്ടിൽ മഞ്ജു മികച്ചുനിന്നെങ്കിലും രണ്ടാം സീഡായ എകാതറിനയുടെ പരിചയസമ്പത്തിന് മുന്നിൽ 20 കാരിയായ മഞ്ജുവിന് പിഴയ്ക്കുകയായിരുന്നു. ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഹരിയാനക്കാരിയായ മഞ്ജു ഇൗവർഷം മാത്രമാണ് ദേശീയ ക്യാമ്പിലേക്ക് എത്തിയിരുന്നത്. ഇൗ വർഷമാദ്യം നടന്ന യൂറോപ്പിലെ പ്രമുഖ ടൂർണമെന്റായ സ്ട്രാൻഡിയ മെമ്മോറിയലിൽ മഞ്ജു വെള്ളി നേടിയിരുന്നു. 2010 ൽ അർബുദ ബാധിതനായി മരിച്ച ബി.എസ്.എഫ് ജവാന്റെ മകളാണ് മഞ്ജു.
ഇൗ ലോക ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് മഞ്ജു നേടിയത്. നേരത്തെ മുൻ ലോക ചാമ്പ്യൻ എം.സി മേരികോം (51 കി. ഗ്രാം), യമുന ബോറോ (54 കി.ഗ്രാം), ലവ്‌ലിന ബോറോ ഗെയ്ൻ (60 കി.ഗ്രാം) എന്നിവർ സെമി ഫൈനലിൽ തോറ്റ് വെങ്കലം സ്വന്തമാക്കിയിരുന്നു. തന്റെ കരിയറിലെ എട്ടാം ലോക ചാമ്പ്യൻഷിപ്പ് മെഡലാണ് മേരികോം റഷ്യയിൽ നേടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |