തിരുവനന്തപുരം. സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിൽ, ആർദ്രം പദ്ധതിയുടെ പണം ചെലവിട്ട് വാങ്ങിയ ആറ് പുതിയ ആംബുലൻസുകൾ പുലയനാർ കോട്ട നെഞ്ചുരോഗ ആശുപത്രി വളപ്പിലെ കുറ്റിക്കാട്ടിൽ അഞ്ചു മാസമായി മഴയും വെയിലുമേറ്റ് നശിക്കുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പേരിൽ വാങ്ങിയ വാഹനങ്ങൾ ഓരോന്നിനും 15 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് വില. ഒന്നേകാൽ കോടിയോളം രൂപ വിലവരുന്ന ആറു വാഹനങ്ങളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത് ഒന്നിനു മാത്രം. മറ്റു വാഹനങ്ങളുടെ, കാലാവധി കഴിഞ്ഞ താത്കാലിക രജിസ്ട്രേഷൻ പുതുക്കുന്നതു പോയിട്ട് തിരിഞ്ഞുനോക്കാൻ പോലും ആളില്ലാത്തത് കൗമുദി ടിവിയിലെ വാർത്താധിഷ്ഠിത പരിപാടിയായ 'നേർക്കണ്ണ്' കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ആർദ്രം പദ്ധതിയിൽ, സംസ്ഥാനത്തെ വിവിധ പ്രാഥമിക സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കു വേണ്ടി വാങ്ങിയ വാഹനങ്ങളിൽ ആറെണ്ണമാണ് ഇവ. ആംബുലൻസ് ആയും മെഡിക്കൽ ക്യാമ്പുകളിലേക്ക് ആരോഗ്യ വകുപ്പ് ജീവനക്കാരെ എത്തിക്കുന്നതിനും മറ്റും ഉദ്ദേശിച്ച് വാങ്ങിക്കൂട്ടിയതാണ് 15 പേർക്കു വീതം ഇരിക്കാവുന്ന ടാറ്റാ വിംഗർ വാഹനങ്ങൾ.മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന വാങ്ങിയ ആംബുലൻസുകൾ ആശുപത്രി വളപ്പിൽ സൂക്ഷിക്കാൻ കോർപ്പറേഷനിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നെന്നും മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം തിരികെ എടുക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം.
സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് പുനരാരംഭിച്ച കനിവ് 108 ആബുലൻസ് സർവീസുകൾക്ക് പ്രവർത്തിക്കാൻ വേണ്ടത്ര ആംബുലൻസുകൾ ഇല്ലാത്തപ്പോഴാണ് ആറ് പുതിയ വാഹനങ്ങൾ ഉപയോഗമില്ലാതെ തുരുമ്പെടുത്തു നശിക്കുന്നത്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വാഹനങ്ങൾ വാങ്ങിയതിനു പിന്നിൽ സാമ്പത്തിക ക്രമക്കേടുകളുണ്ടെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |