
ഭക്ഷ്യവിലക്കയറ്റം ഒരു ദുർഭൂതമാണ്. എല്ലാ കാലത്തും സാധാരണക്കാരുടെ പേടിസ്വപ്നം. കൊള്ളവില കൂടിയാണെങ്കിൽ പറയാനുമില്ല. ജനം ഇപ്പോൾ പല പൊതു ഇടങ്ങളിലും അനുഭവിക്കുന്നത് കൊള്ളവിലയുടെ പ്രത്യാഘാതങ്ങളാണ്. പ്രത്യേകിച്ചും പാകം ചെയ്ത ഭക്ഷണത്തിന്റെ കാര്യത്തിൽ. ഭക്ഷണശാലകളിൽ ഇന്ന് കാണുന്ന വിലയായിരിക്കില്ല ഒരു മാസം കഴിഞ്ഞെത്തുമ്പോൾ കാണുക. പത്തും ഇരുപതും രൂപയുടെ കുത്തനേയുള്ള വർദ്ധനയാണ് ഓരോ ഇനത്തിലും ഉണ്ടാവുക. പച്ചക്കറി -ഇറച്ചി വിലക്കയറ്റം, പാചക വാതക വിലക്കയറ്റം, കൂലി വർദ്ധന എന്നിങ്ങനെ പല ന്യായങ്ങളും അവർക്ക് പറയാനുണ്ടാകും. വിമാനത്താവളങ്ങൾ, മൾട്ടിപ്ലക്സുകൾ, സിനിമാ തിയറ്ററുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ ചായയ്ക്കു പോലും പൊന്നുംവില ഈടാക്കുന്നത് തുടരുകയാണ്. അതേസമയം, 10 രൂപയ്ക്ക് ലഘുഭക്ഷണവും 20 രൂപയ്ക്ക് ഊണും നൽകുന്ന ഭക്ഷണശാലകൾ ഇതേ സമൂഹത്തിൽ തന്നെ നിലനിൽക്കുന്നുമുണ്ട്. ഭക്ഷണ വിലയിൽ ഏകോപനമുണ്ടാക്കുക അസാദ്ധ്യമാണ്. എന്നാൽ, ന്യായവില ഉറപ്പാക്കാൻ മാർഗമുണ്ട്. വിപണിയിൽ സർക്കാരിന്റെ സാന്നിദ്ധ്യമറിയിക്കുക മാത്രമാണ് പോംവഴി. എപ്പോഴൊക്കെ ഇത്തരം ഇടപെടലുണ്ടായോ അപ്പോഴെല്ലാം പെട്ടെന്നു തന്നെ ഫലം കണ്ടിട്ടുമുണ്ട്.
ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഒരു സംഭവമുണ്ടായാൽ, ഒരു വാർത്ത പൊട്ടിപ്പുറപ്പെട്ടാൽ സ്വാധീനിക്കപ്പെടുന്നതാണ് വിപണി. അതുകൊണ്ട് ന്യായവില ഉറപ്പാക്കാനുള്ള ചെറിയ ശ്രമങ്ങളെങ്കിലും മതി, വിപണി അതിനുസരിച്ച് പ്രതികരിക്കാൻ. ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നിരുന്നു. കേരഫെഡ് അടക്കമുള്ള സർക്കാർ ഏജൻസികൾ ഉത്പാദനം വെട്ടിക്കുറച്ചത് രംഗം വഷളാക്കി. സ്ഥിതി കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ് സർക്കാർ ഇടപെട്ടത്. കുറഞ്ഞവിലയിൽ വെളിച്ചെണ്ണ ലഭ്യമാക്കുമെന്ന പ്രഖ്യാപനം വന്നപ്പോൾ തന്നെ വിപണിയിൽ വില താഴ്ന്നു തുടങ്ങിയിരുന്നു. കേരഫെഡിന്റെ വെളിച്ചെണ്ണ വീണ്ടും വിപണിയിലെത്തി രണ്ടു ദിവസം കൊണ്ട് എണ്ണവില കുത്തനേ താഴ്ന്നു. ഇതാണ് വിപണിയിലെ സർക്കാർ ഇടപെടലിന്റെ മാജിക്. ജി.എസ്.ടി ഇളവു ചെയ്തെങ്കിലും കുപ്പിവെള്ളത്തിന് വിലകുറയ്ക്കാൻ സ്വകാര്യ വിതരണക്കാർ തയാറായിരുന്നില്ല. വാർത്തകളുടെ അടിസ്ഥാനത്തിൽ റെയിൽവേ വില കുറയ്ക്കുകയും ജി.എസ്.ടി അധികൃതർ പരിശോധന ശക്തമാക്കുകയും ചെയ്തതോടെയാണ് വിതരണക്കാർ വഴങ്ങിയത്. ഫലപ്രദമായ ഇത്തരം ഇടപെടൽ പൊതുവിപണിയിൽ മാത്രമല്ല, ജനങ്ങൾ എത്തുന്ന മറ്റു കേന്ദ്രങ്ങളിലും വേണ്ടിയിരിക്കുന്നു.
ഉഡാൻ യാത്രി കഫേ
വിമാനത്താവളങ്ങളിൽ ഭക്ഷണപാനീയങ്ങൾക്ക് കൊള്ളവിലയെന്നത് കാലങ്ങളായുള്ള പരാതിയാണ്. 2024ൽ മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ ഒരു സമൂഹമാദ്ധ്യമ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കൊൽക്കത്ത വിമാനത്താവളത്തിൽ അദ്ദേഹത്തിൽ നിന്ന് ഒരു ചായയ്ക്ക് ഈടാക്കിയത് 340 രൂപയാണ്. ചെന്നൈ വിമാനത്താവളത്തിൽ ചായയ്ക്ക് 80രൂപയാണ്. അതുവച്ചുനോക്കുമ്പോൾ ബംഗാളിൽ പണപ്പെരുപ്പം കൂടുതലാണെന്നു തോന്നുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കൊള്ളവിലയിൽ സർക്കാർ ഇടപെടണമെന്ന ആവശ്യം തുടർന്ന് പല കോണുകളിൽ നിന്നും ഉയർന്നു. വിമാനത്താവളത്തിലെ കൊള്ളവില കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയവരിൽ ഒരു മലയാളിയുമുണ്ട്.
അഡ്വ. ഷാജി കോടങ്കണ്ടത്ത്. കൊച്ചി വിമാനത്താവളത്തിൽ നിന്നും ചായ കുടിച്ചപ്പോൾ ബിൽ വന്നത് 150 രൂപ. കട്ടൻചായയ്ക്ക് 100 രൂപയായിരുന്നു വില. ചെറിയൊരു കപ്പിലെ ചൂടുവെള്ളത്തിനും ടീ ബാഗിനുമാണ് ആ വില ഈടാക്കിയിരുന്നത്. പ്രധാനമന്ത്രിക്ക് നേരിട്ടാണ് ഷാജി പരാതി അയച്ചത്. പ്രധാനമന്ത്രി ഇടപെടുകയും ചെയ്തു. ചായ 15 രൂപ, കാപ്പി 20, സ്നാക്സ് 15 എന്നിങ്ങനെ വില ക്രമീകരിക്കാൻ എയർപോർട്ട് അതോറിറ്റി എല്ലാ വിമാനത്താവളങ്ങളിലേക്കും നിർദ്ദേശം നൽകി. എങ്കിലും ഭക്ഷണപാനീയങ്ങൾക്ക് പല പേരുകൾ നൽകി അമിത വില ഈടാക്കുന്നത് തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഉഡാൻ യാത്രി കഫേ എന്ന പേരിൽ ന്യായവിലഷോപ്പുകൾ വിമാനത്താവളങ്ങളിൽ ആരംഭിച്ചത്. ഇവിടെ ചായവും കാപ്പിയും കുടിവെള്ളവും 10രൂപ, സമോസ അടക്കം സ്നാക്‌സ് 20 രൂപ എന്നിങ്ങനെയാണ് നിരക്ക്. 2024ൽ കൊൽക്കത്ത എയർപോർട്ടിലാണ് ആദ്യ കഫേ തുടങ്ങിയത്. തുടർന്ന് ചെന്നൈ, അഹമ്മദാബാദ്, പൂനെ, ഭുവനേശ്വർ, ഇറ്റാനഗർ, വിജയവാഡ വിമാനത്താവളങ്ങളിലും ഉഡാൻ കഫേ പ്രവർത്തനം തുടങ്ങി.
അത് വ്യാപിപ്പിക്കാനാണ് തീരുമാനം. അങ്ങനെ വരുമ്പോൾ വിമാനത്താവളങ്ങളിലെ സ്വകാര്യ കഫേകൾക്കും വില കുറയ്ക്കാതെ പിടിച്ചുനിൽക്കാനാകില്ല. കൊള്ളവില നിയന്ത്രിക്കാനുള്ള സർക്കാർ ഇടപെടലിന് മറ്റൊരു ഉദാഹരണം.
തിയറ്ററുകളിലെ തീവില
ഹോട്ടൽ ഭക്ഷണത്തിന് അടിയ്ക്കടി വിലകൂട്ടുന്നതിന് ബദൽ മാർഗങ്ങൾ ഒരുക്കാൻ സർക്കാരിന് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. 20 രൂപയ്ക്ക് ഊണ് നൽകുന്ന കൊച്ചിയിലെ സമൃദ്ധി കാന്റീനും സംസ്ഥാനത്തിന്റെ പല ഭാഗത്തുമുള്ള കടുംബശ്രീ കാന്റീനുകളുമെല്ലാം മാതൃകയാണ്. എന്നാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സിനിമ തിയറ്ററുകൾ പ്രത്യേകിച്ച് മൾട്ടിപ്ലക്സുകൾ എന്നിവിടങ്ങളിൽ താങ്ങാനാകാത്ത വില തുടരുകയാണ്. മൾട്ടിപ്ലക്സുകളിൽ നേരത്തേ കുടിവെള്ളം പോലും കരുതാൻ അനുവദിച്ചിരുന്നില്ല. 15 രൂപയുടെ കുപ്പിവെള്ളത്തിന് 100 രൂപ വരെ ഈടാക്കിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഇപ്പോൾ വാട്ടർ വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് സൗജന്യമായി വെള്ളമെടുക്കാം. പക്ഷേ പോപ്പ് കോൺ അടക്കമുള്ള സ്നാക്സിന് അമിത വില തുടരുകയാണ്. ''വെള്ളക്കുപ്പിക്ക് 100 രൂപയും കാപ്പിക്ക് 700 രൂപയുമാണ് നിങ്ങൾ ചാർജ് ചെയ്യുന്നത്. ഈ നിരക്കുകളിൽ പരിധി നിശ്ചയിച്ചില്ലെങ്കിൽ സിനിമാ തിയേറ്ററുകൾ കാലിയാകുന്ന അവസ്ഥ ഉണ്ടാകുമെന്ന് സുപ്രീം കോടതി തന്നെ മുന്നറിയിപ്പു നൽകിയത് ഈ സാഹചര്യത്തിലാണ്.
സിനിമാ തിയേറ്ററുകളിൽ വിൽക്കുന്ന ഭക്ഷണ പാനീയങ്ങൾക്ക് ഈടാക്കുന്ന ചരക്കു സേവന നികുതി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ സർക്കാർ തയ്യാറായിരുന്നു. ഇത്തരത്തിലുള്ള ഇളവുകൾക്കൊപ്പം ന്യായവിലയെന്ന പൗരന്മാരുടെ അവകാശം ഉറപ്പാക്കുന്നതിനുള്ള പരിശോധനകളിലും വിട്ടുവീഴ്ചയുണ്ടാകരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |