
? വലിയ പ്രതീക്ഷയിലാണല്ലോ, 100 തികയുമോ?
നൂറല്ല, അതുക്കും അപ്പുറമാണ്! ഫലം കാണുമ്പോഴറിയാം. കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക സാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്. കഴിഞ്ഞ പത്തുവർഷം കേരളം മുരടിച്ചുപോയതും, അയ്യപ്പനെപ്പോലും കൊള്ളയടിച്ചതും ജനം കണ്ടതാണ്.
? സി.പി.എം ഗൃഹസന്ദർശനം തുടങ്ങിയിട്ടുണ്ട്.
അയ്യപ്പനെ വരെ കൊള്ളയടിച്ചിട്ട് ഗൃഹ സന്ദർശനം നടത്തിയിട്ട് എന്തു കാര്യം? പാർട്ടിയുടെ മുൻ എം.എൽ.എ അടക്കം ജയിലിൽ കിടക്കുമ്പോൾ എന്ത് ധാർമികതയാണ് അവർക്ക് വിശദീകരിക്കാനുള്ളത്? അവരുടെ ധാർമികതയെ ആര് വിശ്വസിക്കും!
? രാഹുൽ മാങ്കൂട്ടത്തിലിനോട് രാജിവയ്ക്കാൻ ആവശ്യപ്പെടാത്തത്...
എന്തിനാണ് രാഹുലിന്റെ രാജി ഞങ്ങൾ ആവശ്യപ്പെടുന്നത്? ആരോപണമുണ്ടായപ്പോൾ, പരാതിപോലും കിട്ടാതിരുന്നിട്ടും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയില്ലേ. അയാളിപ്പോൾ കോൺഗ്രസിൽ ഇല്ല. ശബരിമല സ്വർണകൊള്ളയിൽ പിടിച്ച നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്ത സി.പി.എമ്മിന് എന്ത് ധാർമ്മികതയാണ് കോൺഗ്രസിനെ വിമർശിക്കാനുള്ളത്? രാഹുൽ വിഷയത്തിൽ സി.പി.എം കോൺഗ്രസിനെ ധാർമ്മികത പഠിപ്പിക്കേണ്ട.
? എൽ.ഡി.എഫിൽ നിന്ന് കക്ഷികളും നേതാക്കളും വരുമെന്നു പറഞ്ഞിട്ട് വിസ്മയമൊന്നും കാണുന്നില്ലല്ലോ.
കോൺഗ്രസോ യു.ഡി.എഫോ ഇടതു മുന്നണിയിലെ ഒരു കക്ഷിയെയും അങ്ങോട്ടുപോയി കണ്ടിട്ടില്ല. ഒരു ചർച്ചയും നടത്തിയിട്ടില്ല. അതേസമയം, ഇങ്ങോട്ടു വരണമെന്ന് ആഗ്രഹിക്കുന്നവർക്ക് വരാം, ചർച്ച നടത്താം. ആളെപ്പിടിക്കാൻ ചാക്കുമായി നടക്കുന്ന പാർട്ടിയല്ല കോൺഗ്രസ്.
? അടൂർ പ്രകാശ് മത്സരിക്കുന്നുണ്ടോ? എം.പിമാരുടെ സംഘം തന്നെ മത്സരിക്കാൻ ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ടല്ലോ...
മത്സരിക്കണമെന്ന ആവശ്യവുമായി ഞാൻ ആരെയും ബന്ധപ്പെട്ടിട്ടില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും. തീരുമാനം എ.ഐ.സി.സിയുടേതാണ്. എം.പിമാർ ഒന്നടങ്കം മത്സരിക്കാനൊരുങ്ങുന്നു എന്നത് എനിക്കറിയില്ല. കാരണം, കേരളത്തിൽ ഏതു സീറ്റിലും മത്സരിക്കാൻ സ്ഥാനാർത്ഥികൾക്ക് ക്ഷാമമില്ലാത്ത, മിടുക്കരായ നേതാക്കളുള്ള പാർട്ടിയാണ് കോൺഗ്രസ്.
? ഇത്തവണത്തെ മുൻഗണനയിൽ യുവാക്കളും വനിതകളുമുണ്ടോ.
യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാധാന്യമുണ്ടാവും. പക്ഷെ ഇത്തവണ മുൻഗണന ജയിക്കുന്ന നേതാക്കൾക്കാണ്. അവരുടെ പ്രായമല്ല പ്രശ്‌നം, ജനകീയതയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |