
ഒരു വ്യക്തിയ്ക്ക് ഒരു ഹെൽത്ത് റെക്കോർഡ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇ-ഹെൽത്ത് പദ്ധതി സംസ്ഥാനത്ത് ഇതേവരെ ആരംഭിച്ചത് 1,072 ആരോഗ്യ സ്ഥാപനങ്ങളിൽ. 19 മെഡിക്കൽ കോളേജ്, 33 ജില്ലാ ആശുപത്രികൾ, 87 താലൂക്ക് ആശുപത്രികൾ, 82 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, 562 പ്രൈമറി ഹെൽത്ത് സെന്ററുകൾ, 99 അർബൺ പ്രൈമറി ഹെൽത്ത് സെന്ററുകൾ, 15 സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ, മൂന്ന് പബ്ലിക്ക് ഹെൽത്ത് ലാബ്, 172 ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. രോഗിയുടെ മുൻകാല രോഗങ്ങൾ, ലഭിച്ച ചികിത്സ, ഓപ്പറേഷൻ നടത്തിയതാണോ തുടങ്ങിയ എല്ലാ കാര്യങ്ങളും യു.എച്ച്.ഐ.ഡി നൽകുന്നതോടെ കമ്പ്യൂട്ടറിൽ ലഭ്യമാവും. ഇ-ഹെൽത്ത് പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ ഏത് സർക്കാർ ആശുപത്രിയിലും തുടർചികിത്സ ഉറപ്പാക്കാനുമാവും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ഇഹെൽത്തിൽ രജിസ്റ്റർ ചെയ്ത ജില്ല തിരുവനന്തപുരമാണ്, 153പേർ. ഏറ്റവും കുറവ് പേർ രജിസ്റ്റർ ചെയ്തത് ഇടുക്കിയിലാണ്, 32 പേർ. കാസർഗോഡ് - 39, കണ്ണൂർ - 70, വയനാട് - 42, കോഴിക്കോട് - 89, മലപ്പുറം - 110, പാലക്കാട് - 76, തൃശൂർ - 101, എറണാകുളം - 109, കോട്ടയം - 69, ആലപ്പുഴ - 72, പത്തനംതിട്ട - 42, കൊല്ലം - 69 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. ആശുപത്രികളിലെ ഒ.പി രജിസ്‌ട്രേഷൻ മുതൽ ചികിത്സാ വിവരങ്ങൾ വരെ വിരൽ തുമ്പിൽ ലഭ്യമാക്കുന്ന ഇ ഹെൽത്ത് പദ്ധതിയിൽ സംസ്ഥാനത്ത് 9.67 കോടി ജനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഉപയോഗിക്കുന്നവരുടെ എണ്ണം പലയിടങ്ങളിലും കുറവാണ്. പദ്ധതി സംബന്ധിച്ച അവബോധക്കുറവ് മൂലം യുണീക്ക് ഹെൽത്ത് ഐഡന്റന്റി (യു.എച്ച്.ഐ.ഡി) എടുത്തവരിൽ പലരും പരിശോധനയ്ക്ക് എത്തുമ്പോൾ കാർഡ് കൈവശം വെയ്ക്കുന്നില്ല. ഫീൽഡ് സർവേ പൂർത്തിയാക്കി വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കുകയും പൊതുജനാരോഗ്യ കേന്ദ്രങ്ങളെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിച്ചുമുള്ള ഏറെ ശ്രമകരമായ പരിശ്രമങ്ങളിലൂടെയാണ് പദ്ധതി യാഥാർത്ഥ്യമായത്. ഇ-ഹെൽത്ത് പദ്ധതി പൂർത്തിയായ ഇടങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായ മാനേജ്‌മെന്റ് സംവിധാനം നിലവിൽ വന്നിട്ടുണ്ട്. ഒ.പി ടിക്കറ്റെടുക്കാൻ ആധാർ നമ്പർ നൽകിയാൽ മതി. ഡോക്ടറുടെ കമ്പ്യൂട്ടറിൽ രോഗിയുടെ പ്രാഥമിക വിവരങ്ങളെത്തും. ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി, ഫാർമസി, നഴ്സിംഗ് ഏരിയാ എന്നിവിടങ്ങളെ പരസ്പരം ബന്ധിപ്പിച്ചതിനാൽ ഇവിടങ്ങളിലെ തിരക്കും കാലതാമസവും ഒഴിവാക്കാനാവും. കടലാസ് രഹിതമായാണ് പ്രവർത്തനങ്ങളെല്ലാം. പദ്ധതിയെക്കുറിച്ച് പലർക്കും കൃത്യമായ അവബോധമില്ലത്തതിനാൽ ഐ.ഡി ഉണ്ടെങ്കിലും പലരും ഉപയോഗിക്കാൻ മടിക്കുന്ന സാഹചര്യത്തിന് ഫലപ്രദമായ പരിഹാരം അനിവാര്യമാണ്.
സംസ്ഥാനത്താകെ പദ്ധതിയിൽ രജിസ്റ്റർ ചെയത 9.67 കോടി പേരിൽ സ്ഥിര രജിസ്ട്രഷൻ ചെയ്തവരുടെയെണ്ണം 2.64 കോടിയാണ്. താൽക്കാലിക രജിസ്‌ട്രേഷൻ ചെയ്തവർ 7.02 കോടിയും. സ്മാർട്ട്‌ഫോണും ഇന്റർനെറ്റും ഇല്ലാത്തവരും അവ ഉപയോഗിക്കാൻ അറിയാത്തവരും ഈ സംവിധാനം പ്രയോജനപ്പെടുത്താൻ മടിക്കുകയാണ്. ആരോഗ്യ വിവരങ്ങൾ ഡിജിറ്റലായി പങ്കുവെക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകളും പലർക്കുമുണ്ട്. ചില ഘട്ടങ്ങളിൽ പോർട്ടലുകളിലെ തകരാറുകളും ലോഗിൻ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളും ജനങ്ങൾക്ക് പദ്ധതിയോടുള്ള വിമുഖതയ്ക്ക് കാരണമായിട്ടുണ്ടെന്ന് പറയേണ്ടി വരും. പണ്ട് മുതലേ ശീലിച്ച് പോന്ന രീതിയായ ഡോക്ടർമാരെ നേരിട്ട് കാണുന്നതും നേരിട്ട് ടിക്കറ്റ് എടുക്കുന്നതിനും കൂടുതൽ ആളുകൾ താല്പര്യപ്പെടുന്ന സാഹചര്യവും സംസ്ഥാനത്തുണ്ട്.
കൂടുതൽ പേർ ഇ-ഹെൽത്ത് സംവിധാനം ഉപയോഗപ്പെടുത്തുന്നതിനും ഇതേക്കുറിച്ച് ഇവരിൽ അവബോധം സൃഷ്ടിക്കുന്നതിനും കൃത്യമായ മാർഗ നിർദേശങ്ങൾ നൽകേണ്ടത് പ്രധാനമാണ്. ഇതിനാൽ ആരോഗ്യ പ്രവർത്തകരിലൂടെയും മാദ്ധ്യമങ്ങളിലൂടെയുമുള്ള പ്രചാരണം കൂടുതൽ സഹായകരമാവും. കൂടാതെ, ഗ്രാമീണ മേഖലകളിലുള്ളവരിൽ പലരും ഡിജിറ്റൽ സാക്ഷരതയുടെ അഭാവം മൂലം പദ്ധതിയിലേക്ക് കടന്ന് വരാത്ത സാഹചര്യവുമുണ്ട്. അതുകൊണ്ട് തന്നെ ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ പരിശീലനം നൽകേണ്ടതും അനിവാര്യമാണ്. ഇ-ഹെൽത്ത് ആപ്പുകളും പോർട്ടലുകളും കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്നതിലൂടെയും പദ്ധതിയിലേക്ക് കൂടുതൽ പേർ രജിസ്റ്റർ ചെയ്ത് സേവനം ഉപയോഗപ്പെടുത്തുന്നതിന് സഹായകരമാവും.
ഇ-ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in
എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന്, ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒ.ടി.പി വരും. ഈ ഒ.ടി.പി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാം. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാൻ സാധിക്കും. വിവര സാങ്കേതിക വിദ്യകളുടെ പുരോഗതിക്കനുസൃതമായി നമുക്കും അവ പ്രയോജനപ്പെടുത്താം...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |