കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ അയൽക്കാരനായ മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി മൊയ്തീന്റെ വീട്ടിലും കൂടത്തായിയിലുള്ള മകന്റെ കടയിലും നടത്തിയ റെയ്ഡിൽ ജോളിയുടെ റേഷൻ കാർഡ് കണ്ടെടുത്തു. കടയിൽ നിന്നാണ് റേഷൻകാർഡ് കണ്ടെടുത്തത്. അറസ്റ്റിന് തൊട്ടുമുമ്പ് റേഷൻ കാർഡ്, ആധാർ കാർഡ് അടക്കമുള്ള രേഖകൾ ഇമ്പിച്ചി മൊയ്തീനെ ഏൽപിച്ചു എന്നായിരുന്നു ജോളിയുടെ മൊഴി. പൊന്നാമറ്റം വീടിന്റെ തൊട്ടടുത്താണ് ഇമ്പിച്ചി മൊയ്തീന്റെ വീട്.
പിടിയിലാകുന്നതിനു മുമ്പ് ജോളി ഇമ്പിച്ചിമൊയ്തീനെ നിരവധി തവണ വിളിച്ചതിന്റെ ഫോൺ രേഖകൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ തനിക്ക് വക്കീലിനെ ഏർപ്പാടാക്കണം എന്നാവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്നാണ് ഇമ്പിച്ചി മൊയ്തീൻ പോലീസിന് മൊഴി നൽകിയത്. അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുമ്പാണ് ജോളി ഇമ്പിച്ചി മൊയ്തീനെ നിരന്തരം ഫോണിൽ വിളിച്ചത്. ജോളി അദ്ദേഹത്തെ ചെന്ന് കാണുകയും ചെയ്തിരുന്നു. വക്കീലിനെ ഏർപ്പാടാക്കണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായും കാര്യമെന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും ഇമ്പിച്ചി മൊയ്തീൻ മൊഴിനൽകി. ഒരു വക്കീലുമായി താൻ ജോളിയെ സമീപിച്ചിരുന്നു. അപ്പോഴേക്കും കോഴിക്കോട്ടുള്ള കസിൻ വഴി വക്കീലിനെ ഏർപ്പാടാക്കിയെന്ന് ജോളി അറിയിച്ചതായും ഇമ്പിച്ചിമൊയ്തീൻ പൊലീസിനോട് പറഞ്ഞു.
രണ്ടരക്കൊല്ലം മുമ്പ് ജോളിയിൽ നിന്ന് അരലക്ഷം രൂപ കടം വാങ്ങിയിരുന്നു. കൊലപാതകങ്ങളെക്കുറിച്ചൊന്നും തനിക്ക് ഒരറിവുമില്ലെന്നും ഇമ്പിച്ചി മൊയ്തീൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |