
കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവാർദ്ധം മുതൽക്കുള്ള സാമൂഹ്യ പരിവർത്തനങ്ങളും, ഭരണ പരിഷ്കാരങ്ങളും അങ്ങേയറ്റം പുരോഗമനപരമായിരുന്നെങ്കിലും, സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന ഈ പരിഷ്കാരങ്ങളെ ഭരണകൂ
ടങ്ങൾ തന്നെ അട്ടിമറിച്ചതിന്റെ നേർസാക്ഷ്യമാണ്, വി.വി. ഗിരി എഴുതിയ 'കതിരും പതിരും" എന്ന ഈടുറ്റ ഗ്രന്ഥം. സാമൂഹ്യ നീതിക്കായി പോരാടിയ പ്രസ്ഥാനങ്ങൾക്കൊപ്പം അരനൂറ്റാണ്ടുകാലം സഞ്ചരിച്ചതിന്റെ വെളിച്ചത്തിൽ, ആ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗ്രന്ഥകാരൻ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയ പതിന്നാല് പ്രൗഢ ലേഖനങ്ങളുടെ സമാഹാരമാണ് 'കതിരും പതിരും."
നവോത്ഥാനം, എയ്ഡഡ് വിദ്യാഭ്യാസ മേഖല, സാമ്പത്തിക സംവരണം, വൈദ്യുതി മേഖല, അറിയാനുള്ള അവകാശം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് ലേഖനങ്ങൾ. നിവർത്തന പ്രക്ഷോഭം തൊണ്ണൂറു വർഷം പിന്നിടുമ്പോൾ, വി.കെ. വേലായുധൻ- ഒരു അനുസ്മരണം, ക്ഷേത്രപ്രവേശനം- തമസ്കരിക്കപ്പെട്ട സത്യങ്ങൾ, ആദ്യ തൊഴിലാളി സംഘടനയ്ക്ക് നൂറു വയസ് എന്നീ ലേഖനങ്ങളോരോന്നും കേരളത്തിന്റെ നവോത്ഥാന കാലഘട്ടവുമായി ബന്ധപ്പെട്ട് ചരിത്രം മറന്നുപോവുകയോ, മറച്ചുവയ്ക്കുകയോ ചെയ്ത യാഥാർത്ഥ്യങ്ങളിലേക്ക് ആഴത്തിലുള്ള സഞ്ചാരമാണ്.
സാമ്പത്തിക സംവരണവും സാമൂഹ്യനീതിയും, മാനദണ്ഡം ലംഘിച്ച മുന്നാക്ക സംവരണം എന്നീ ലേഖനങ്ങളാകട്ടെ പിന്നാക്ക സംവരണം അട്ടിമറിക്കാൻ നടന്നിട്ടുള്ള ശ്രമങ്ങളെ തുറന്നുകാണിക്കുന്നു. സംസ്ഥാന സർവീസിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറും, വിവരാവകാശ കമ്മിഷണറും ആയിരുന്ന ഗ്രന്ഥകാരൻ അനുഭവങ്ങളുടെയും ദീർഘപഠനങ്ങളുടെയും വെളിച്ചത്തിലാണ് ഓരോ ലേഖനവും എഴുതിയിട്ടുള്ളതെന്ന് ഈ പുസ്തകം ഗൗരവപൂർവം വായിക്കുന്നവർക്ക് ബോദ്ധ്യപ്പെടും. അതുതന്നെയാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ മികവും.
ലേഖന വിഷയങ്ങളിൽ പലതിനും തമ്മിൽ പരസ്പര ബന്ധമില്ലല്ലോ എന്ന് വായനക്കാരന് തോന്നിയേക്കാം. അത്, അദ്ദേഹം പ്രവർത്തിച്ചിരുന്ന മേഖലകൾ അത്രമേൽ വ്യത്യസ്തമായിരുന്നതുകൊണ്ടാണ്. പ്രവർത്തിച്ച മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളോരോന്നും വി.വി. ഗരി ആഴത്തിൽ പഠിക്കുകയും, അതിൽ ഓരോന്നിലും തന്റേതായ അഭിപ്രായം സ്വരൂപിക്കുകയും ചെയ്തു. വിഷയങ്ങൾ വ്യത്യസ്തമായിരിക്കുമ്പോഴും അവയിലെല്ലാം പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ സാമൂഹ്യനീതി എന്ന വിഷയം ജ്വാലയായി നില്പുണ്ടെന്നതാണ് പരമാർത്ഥം. ചരിത്രത്തിന്റെ വ്യാഖ്യാനമല്ല, പലേടത്തും ചരിത്രത്തിന്റെ പൊഴിച്ചെഴുത്തു കൂടിയായിത്തീരുന്നുണ്ട്, വി.വി. ഗിരിയുടെ 'കതിരും പതിരും" എന്ന ഗ്രന്ഥം.
സാമൂഹ്യ മാറ്റങ്ങൾക്ക് നിദാനമായ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ സർക്കാരിന് ജാഗ്രതയില്ലെങ്കിൽ അതുണ്ടാക്കുന്ന കെടുതികൾ ഒരിക്കലും തിരുത്താനാവാതെ വരുമെന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഈ ഗ്രന്ഥത്തിലെ പല ലേഖനങ്ങളുമെന്ന്, അവതാരികയിൽ തിരുവനന്തപുരം ഭാഷാ സംഗമം പ്രസിഡന്റ് കൂടിയായ പ്രമുഖ ഗ്രന്ഥകാരൻ തുമ്പമൺ തങ്കപ്പൻ സാക്ഷ്യപ്പെടുത്തുന്നു. വിവരാവകാശ കമ്മിഷണർ ആയിരുന്ന വി.വി. ഗിരി, അതുമായി ബന്ധപ്പെട്ട് ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ള നാമറിയേണ്ട വിവരാവകാശം, രാഷ്ട്രീയ പാർട്ടികളും വിവരാവകാശവും, വിവരാവകാശം ദുരുപയോഗം ചെയ്യുന്നത് ആര്, മന്ത്രിസഭയും വിവരാവകാശവും എന്നീ നാല് ലേഖനങ്ങളും സർക്കാർ സർവീസിൽ പ്രവർത്തിക്കുന്നവരും, രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഗൗരവപൂർവം വായിക്കേണ്ടുന്നവ തന്നെയാണ്.
പ്രസാധകർ: പരിധി പബ്ളിക്കേഷൻസ്
തിരുവനന്തപുരം
വില: 160 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |