
ഇന്നു നാം കാണുന്ന
ബുൾഡോസറുകൾക്ക്
കെട്ടിയുയർത്തിയതിനെ
ഇടിച്ചുവീഴ്ത്തുക മാത്രമല്ല,
ചരിത്രമുറഞ്ഞതിനെയെല്ലാം
തോണ്ടിയെടുക്കാനും
ചിലത് ഇളക്കി മറിക്കാനും
പലതും കൂട്ടിക്കുഴയ്ക്കാനും
വേരോടെ പിഴുതെറിയാനും
പോന്ന തരം ശക്തിയുണ്ട്...
വലിയ മലകളെ തോണ്ടി
ചെറുതാക്കുന്ന ജോലിയും
ചെറിയ ചതുപ്പുകളെ
പുറമേ മൂടി, കാണുമ്പോൾ
വന്മലയാക്കുന്ന ജോലിയും
അവ ചെയ്യാറുണ്ട്...
ആഴത്തിലെ വേരുകൾ
തോണ്ടിയെടുക്കുന്നതും
ജീവനെ കുഴികുത്തി
മൂടുന്നതും ഉൾപ്പെടെയുള്ള
പല ജോലികളും ചെയ്യുന്ന
ബുൾഡോസറുകളാണ്
ഇന്ന് നിലവിലുള്ളത്...
കാടുപോലെ വളരുമ്പോൾ
അരിഞ്ഞു തള്ളി
വളരെ നേരിയതാക്കിയും
പിന്നെ നേരിലില്ലാതാക്കിയും
വാരിയെറിഞ്ഞുടയ്ക്കുന്ന
ബുൾഡോസറുകൾക്ക്
പണികൾ അനവധിയാണ്...
തുല്യമായി വളരാതെ
സമത്വപാതയിൽ കുഴികൾ
തീർക്കുന്നത് അതിന്റെ
യന്ത്രനാവാണ്,
വളർച്ചയില്ലാതെ മുരടിപ്പിച്ച്
ചില്ലകളൊടിച്ചിളക്കി
പിഴുതു മാറ്റുന്നതും
അവ തന്നെയാണ്...
അങ്ങനെ അങ്ങനെ
നാം കണ്ടുവന്നിരുന്ന
നമ്മുടെ വിശ്വാസങ്ങളെ
അകലേക്ക് മറയ്ക്കുന്നതും
കൃത്യമായി ചെയ്യുന്നത്
ബുൾഡോസറുകളാണ്...
പാതാളത്തോളമാണെങ്കിലും
താഴെയുള്ളതിന്റെ മേലെ
മണ്ണിട്ട് പിന്നെയും മൂടുമ്പോൾ
മുകളിലെത്തേണ്ടതിനെ
കൈ താങ്ങിയുയർത്തിയിട്ട്
എല്ലാരും കാണുന്ന തരത്തിലും
കാണുമ്പോഴറിയുന്ന തരത്തിലും
പൊക്കി ഉയർത്തുകയുൾപ്പടെ
അതു ചെയ്യുന്ന ജോലിതന്നെ...
മുന്നോട്ടുള്ള പാതയിൽ
തടസ്സമെതിർക്കുന്നതിനെ
ആരുമറിയാത്ത വിധത്തിൽ
ഞെരിച്ചു താഴ്ത്തുക
എന്നിവയും അതിന്റെ
ജോലി തന്നെയാണ്...
എങ്കിലും നമുക്കു മുന്നിൽ
പല്ലുകളുടെ മൂർച്ചയാരും
കാണാതെ പുഞ്ചിരിച്ചവയുണ്ട്,
ശക്തിയാരും അറിയാതെ
ഓരോ നിമിഷവും കൂട്ടി
പതുങ്ങിയെവിടെയോ...
ഇപ്പോൾ തോന്നുന്നില്ലേ,
സമൂഹത്തിൽ പലതരം
ബുൾഡോസറുകൾ ഒളിച്ച്
ഇന്നും കണ്ടിട്ടുണ്ടെന്ന്...
ഒന്ന് പറയുവാനുണ്ട്! നേരത്തെ
പറയാൻ മറന്നതാണ്,
ഞാൻ പറഞ്ഞതൊന്നും
നിങ്ങളുദ്ദേശിച്ച ഇഴഞ്ഞു
നീങ്ങുന്ന തരം തുമ്പിക്കയ്യുള്ള
യന്ത്രവണ്ടിയെക്കുറിച്ചല്ല!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |