
സന്തോഷത്തിനും ആത്മസംതൃപ്തിക്കും മാത്രമുളളതല്ല കലകളെന്ന് എല്ലാവർക്കും അറിയാം. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുളളതു കൂടിയാണ് കലയെന്ന് കേരളം എത്രയോ പതിറ്റാണ്ടുകൾക്ക് മുൻപേ തിരിച്ചറിഞ്ഞിരിക്കുന്നു. കലാ സാംസ്കാരിക പാരമ്പര്യമാണ് നമ്മുടെ കരുത്ത്. കാടിന്റെ മക്കളും കടലിന്റെ മക്കളുമെല്ലാം കഠിനാദ്ധ്വാനത്തിന്റെയും പട്ടിണിയുടേയും നടുവിൽ നട്ടംതിരിയുമ്പോഴും കലകളെ ചേർത്തുപിടിച്ചിരുന്നു. അത് വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും പേരിലാണെങ്കിലും അല്ലെങ്കിലും കലാസമ്പന്നമായ മനസ്സ് അവർ നിലനിറുത്തിപ്പോന്നു. സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ കൊടിയിറങ്ങിക്കഴിഞ്ഞപ്പോഴും, ഒരു കാലത്ത് പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ സർഗാത്മക മനസ്സുകളുടെ അടയാളപ്പെടുത്തലുകൾ അവിടെ ശേഷിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ആദ്യം ഓർക്കുന്നത് 'മാനന്തവാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ 24 ഓളം ആദിവാസി കലാകാരന്മാരെയാണ്. 'ഒക്കാക്കും നന്ദിളാ... (എല്ലാവർക്കും നന്ദി...)" ഹെെസ്കൂൾ വിഭാഗം പണിയനൃത്തം മത്സരത്തിന്റെ വേദിയിലേക്ക് കയറും മുൻപേ അവർ മനസ്സുകൊണ്ട് പറഞ്ഞു കാണണം. അവരുടെ കണ്ണുകളിൽ കടപ്പാടിന്റെ നിഴൽ നൃത്തമുണ്ടായിരുന്നു. അതിന് കാരണമുണ്ട്, ഉപജില്ലയിൽ നിന്ന് ജില്ലയിലേക്കും സംസ്ഥാനതലത്തിലേക്കും മത്സരിക്കാൻ പണമില്ലാതെ നട്ടം തിരിയുകയായിരുന്നു മാനന്തവാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പണിയവിഭാഗം ആദിവാസി കലാകാരന്മാരായ വിദ്യാർത്ഥികൾ. പരിശീലകന് തന്നെ അരലക്ഷത്തിലേറെ രൂപ വേണം. വസ്ത്രാലങ്കാരത്തിനും യാത്രാചെലവിനും ഭക്ഷണത്തിനുമെല്ലാം അടക്കം ഒന്നരലക്ഷം രൂപ വരും. അദ്ധ്യാപകർക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഒടുവിൽ, 'മാനന്തവാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ 24 ഓളം ആദിവാസി കലാകാരന്മാർക്ക് സ്‌കൂൾ കലോത്സവത്തിൽ രണ്ടിനത്തിൽ മത്സരിക്കാൻ ധനസഹായം ആവശ്യമുണ്ട് " എന്ന സന്ദേശം സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ തീരുമാനിച്ചു. അത് ഫലം കണ്ടു. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുളളവർ മനസ്സുകൊണ്ട് ചേർത്തുപിടിച്ചു. കഴിയാവുന്ന സഹായങ്ങൾ എല്ലാവരും നൽകി. ഒടുവിൽ അവർ തൃശൂരിലെത്തി. പണിയനൃത്തം അവതരിപ്പിച്ചു. പണിയനൃത്തവും മംഗലംകളിയും കഴിഞ്ഞ് അവർ മടങ്ങി.
പരീക്ഷയ്ക്ക് സ്കൂളിൽ താമസിപ്പിച്ച് പഠിപ്പിക്കുന്നതു പോലെ കലോത്സവത്തിലെ മത്സരത്തിനും അവരെ സ്കൂളിൽ താമസിപ്പിക്കുകയായിരുന്നു. അദ്ധ്യാപകർക്ക് അതിനായി ഡ്യൂട്ടിയിട്ടു. അതിനുവേണ്ടിയും പണം ചെലവായി. തൃശൂരിലും അവർക്കു വേണ്ടി ഒരു വീടെടുത്ത് പരിശീലനം നടത്തിയാണ് വേദിയിലെത്തിച്ചത്. പണിയനൃത്തത്തിന് എട്ട് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ് എത്തിയത്.
മുടച്ചുള്, ഒറ്റത്താലി, കല്ലമാല, പണക്കല്ലമാല തുടങ്ങിയ മാലകളാണ് പെൺകുട്ടികൾ അണിഞ്ഞത്. ചെറിയ മുത്തുകൾ വെച്ച് കോർത്ത മാലകളാണത്. താേടക്കമ്മൽ, ഈയവള, മാട്ടി, പാറ്റമൂക്കുത്തി എന്നിവയുമുണ്ട്. ആൺകുട്ടികൾക്ക് കല്ലമാല, മൂന്ന് തുടി, ചീനക്കുഴൽ എന്നിവയാണുളളത്. മാനന്തവാടി സ്വദേശി മണികണ്ഠനായിരുന്നു ഗുരു. സ്കൂളിലെ അദ്ധ്യാപകൻ സനീഷിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികളെ വേദിയിലെത്തിച്ചത്. വയനാടാണ് പണിയവിഭാഗത്തിന്റെ പ്രധാനകേന്ദ്രം. വിളവെടുപ്പിന്റെ സന്തോഷം നടപ്പിലും ചേലിലും ആവാഹിച്ച് അവർ പണിയ നൃത്തത്തിൽ ചുവടു വെച്ചു മടങ്ങുകയായിരുന്നു.
അട്ടപ്പാടിയിലെ കല
നഞ്ചിയമ്മയെ 'അയ്യപ്പനും കോശിയും" സിനിമയുടെ സംവിധായകൻ സച്ചിയ്ക്ക് പരിചയപ്പെടുത്തിയ പഴനിസ്വാമിയെയും മറക്കാനാവില്ല. ഇരുളനൃത്തവേദിയുടെ അണിയറയിൽ ഓടിനടന്നിരുന്ന കലാകാരൻ. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലാ ടീമുകളുടെ കൊറിയോഗ്രാഫറായിരുന്നു അട്ടപ്പാടിയിലെ ഇരുള നൃത്ത കലാകാരനും സിനിമാനടനുമായ പഴനിസ്വാമി. മരണാനന്തരം പാടുന്ന പാട്ടുകളുണ്ട് ഇരുളവിഭാഗങ്ങളിൽ. അതാണ് ഇരുളനൃത്തത്തിന്റെ അടിസ്ഥാനം. പൊറെ, ദവിൽ, ജാൽറ, കൊഗൽ തുടങ്ങിയ അകമ്പടിവാദ്യങ്ങൾ മുഴക്കിയുളള നൃത്താവതരണം കാണാൻ നിറഞ്ഞ സദസ്സായിരുന്നു. എല്ലാ ജില്ലകളിലേയും ടീമുകൾ പഴനിസ്വാമിയെ വിളിച്ചിരുന്നു. പക്ഷേ, എല്ലായിടത്തും ഓടിയെത്താനായില്ലെന്ന് അദ്ദേഹം പറയുന്നു. 'അയ്യപ്പനും കോശി "യും ചിത്രത്തിലെ എക്സൈസ് ഇൻസ്പെക്ടറുടെ വേഷം ചെയ്ത പഴനി സ്വാമി ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനൊപ്പം കലയും കൂടെക്കൂട്ടുകയായിരുന്നു. വിലായത്ത് ബുദ്ധയിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തിനൊപ്പം മുഴുനീള വേഷം പഴനി സ്വാമിയെ കൂടുതൽ ശ്രദ്ധേയനാക്കി. പഴശ്ശിരാജയിൽ മനോജ് കെ. ജയനൊപ്പം ആദിവാസിയായി അഭിനയിച്ചിരുന്നു. കലോത്സവ വേദികളിൽ ഇരുള നൃത്തം അവതരിപ്പിക്കാൻ ഗോത്രകലകളുടെ ചിട്ടയും, തനിമയും, തനത് സംസ്കാരവും ഉണർത്തുന്ന പ്രത്യേക പരിശീലനം നൽകുന്ന അട്ടപ്പാടി ഗോത്രകലാമണ്ഡലം വഴിയാണ് സ്കൂളുകളിൽ നൃത്തം അഭ്യസിപ്പിക്കുന്നത്. അട്ടപ്പാടിയിലെ കുട്ടികളും ഇരുളനൃത്തവേദിയിലുണ്ടായിരുന്നു. അവർക്ക് വേറെ അദ്ധ്യാപകരുണ്ട്. അവരോടൊപ്പവും ഏറെ നേരം ചെലവഴിച്ചാണ് പഴനിസ്വാമി മടങ്ങിയത്. പഴനിസ്വാമിയുടെ ജീവിതവും ഒരു പാഠമാകുന്നു.
ഓർമ്മകളുടെ കലോത്സവം
കലോത്സവത്തിന്റെ ഓർമ്മകൾ അയവിറക്കുന്ന വലിയൊരു സമൂഹമുണ്ട്. അവർ കലോത്സവത്തെകുറിച്ച് ഓർമ്മകൾ പങ്കുവെച്ചുകൊണ്ടിരുന്നു. മറ്റുളളവർ അവതരിപ്പിക്കുന്നതു കണ്ട് ആസ്വദിക്കുക, കെെയടിക്കുക, പ്രോത്സാഹിപ്പിക്കുക, ആ സ്പിരിറ്റ് ഷെയർ ചെയ്യുക എന്ന സന്ദേശമാണ് പ്രധാനമെന്ന് കലാകാരിയും ഇംഗ്ളീഷ് എഴുത്തുകാരിയുമായ ദീപ്തിമേനോൻ അടിവരയിടുന്നു. ഇതെല്ലാം ജീവിതത്തിലും പ്രധാനമാണ്. പുസ്തകപ്പുഴു ആയിരിക്കുക എന്നത് വ്യക്തിത്വത്തിന്റെ ഒരു ഭാഗമേ ആകുന്നുളളൂ. ഹോബികളും കലകളുമെല്ലാം വിദ്യാർത്ഥിയുടെ കെെയിലുണ്ടാകണം. വായന, എഴുത്ത്, സ്പോർട്സ്... എല്ലാം വ്യക്തിത്വത്തിൽ ഉൾച്ചേർന്നിരിക്കണം. അതാണ് ആ വിദ്യാർത്ഥിയ്ക്ക് ഉയർച്ച നൽകുന്നത്. മുതിർന്നവരും അദ്ധ്യാപകരും സംഘാടകരും വിധികർത്താക്കളുമെല്ലാം ഇതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. ജയിക്കുക, തോൽക്കുക എന്നതല്ല സന്തോഷത്തോടെ സ്പോർട്സ്മാൻ സ്പിരിറ്റോടെ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും ദീപ്തിമേനോൻ പറയുന്നു.
സംഗീതജ്ഞനും കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ ഡോ. കണ്ണൻ സി.എസ്. വാര്യർക്കും കലോത്സവത്തെക്കുറിച്ച് ഏറെ പറയാനുണ്ടായിരുന്നു. 1984ൽ കോട്ടയത്ത് നടന്ന കലോത്സവത്തിൽ പദ്യപാരായണത്തിന് പങ്കെടുത്ത അദ്ദേഹം ഔദ്യോഗിക ജീവിതത്തിനിടയിലും സംഗീതത്തെ ചേർത്തുപിടിക്കുന്നു. ഒരു വർഷമേ കലോത്സവത്തിൽ മത്സരിക്കാൻ സാധിച്ചുള്ളൂവെങ്കിലും പത്ത് വർഷം സംസ്ഥാന കലോത്സവങ്ങളിൽ ഗിറ്റാറിന്റെയും വൃന്ദവാദ്യത്തിന്റെയും വിധി കർത്താവായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കുട്ടികളുടെ അപാരമായ കഴിവ് നേരിട്ട് കണ്ടറിയുവാൻ അവസരം ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. അതെ, അപാരമായ കഴിവുളള തലമുറയാണിത്. മത്സരങ്ങളിലെത്തിയ കാണികളുടെ കൂട്ടം അത് സാക്ഷ്യപ്പെടുത്തുന്നു. പ്രകടനം മെച്ചപ്പെടുമ്പോൾ കാഴ്ചക്കാർ കൂടിക്കൂടിവരുന്നതും തൃശൂരിൽ കണ്ടു. അതെ, കലോത്സവങ്ങൾ ഇനിയും തുടരണം. എല്ലാവരേയും ചേർത്തു പിടിച്ചുകൊണ്ട്...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |