SignIn
Kerala Kaumudi Online
Tuesday, 20 January 2026 4.38 AM IST

സ്കൂൾ കലാമേളയ്ക്ക് തിരശീല വീഴുമ്പോൾ

Increase Font Size Decrease Font Size Print Page

klolsava-

അഞ്ചുനാൾ തൃശൂരിനെ കലയുടെ കനകവർണത്തിലാറാടിച്ച 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം വിജയകരമായി പര്യവസാനിച്ചിരിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായിരുന്ന തൃശൂരിനെ അവരുടെ മണ്ണിൽ പോയിന്റ് പട്ടികയിൽ മറികടന്ന് കണ്ണൂർ ജില്ലയിലെ കലാകാരന്മാർ ജേതാക്കൾക്കുള്ള സ്വർണക്കപ്പുയർത്തി. ആദ്യ ദിവസം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട പോയിന്റ് ബോർഡിൽ അഞ്ചുപോയിന്റ് വ്യത്യാസത്തിലാണ് കണ്ണൂർ തൃശൂരിനെ പിന്നിലാക്കിയത്- 1028 പോയിന്റ്. തൃശൂരിന് 1023 പോയിന്റ് ലഭിച്ചു. 1017 പോയിന്റോടെ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 117.5 പവന്റെ സ്വർണ്ണക്കപ്പ് നടൻ മോഹൻലാലും മന്ത്രി വി. ശിവൻകുട്ടിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചേർന്നാണ് സമ്മാനിച്ചത്. 23 വർഷങ്ങൾക്കു ശേഷമാണ് സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജേതാക്കളാകുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിൽ പാലക്കാടാണ് മുന്നിൽ. കോഴിക്കോട് രണ്ടാമതെത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ കണ്ണൂരും തൃശൂരും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി.

സ്‌കൂളുകളിൽ 238 പോയിന്റുമായി ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് പതിമൂന്നാം തവണയും ഒന്നാമതെത്തിയപ്പോൾ കിടങ്ങന്നൂർ വി.ജി വി.എച്ച്.എസ് രണ്ടാം സ്ഥാനവും മാനന്തവാടി എം.ജി.എം എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. അറബിക് കലോത്സവത്തിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് ഈരാറ്റുപേട്ട മുസ്ളിം ഗേൾസ് എച്ച്.എസ്.എസിനാണ്. സംസ്കൃതോത്സവം ഓവറാൾ ചാമ്പ്യൻഷിപ്പ് ഇടുക്കി നാരിയംപാറ എം.എം.എച്ച്.എസ്.എസിനും. ഓരോ മത്സരത്തിലും പങ്കെടുത്ത് വിജയിച്ചവർക്കൊപ്പം സന്തോഷിക്കാനും അഭിമാനിക്കാനും വകയുള്ളത് വിദ്യാഭ്യാസ വകുപ്പിനാണ്. ചിട്ടയായ രീതിയിൽ പരാതിരഹിതമായി സ്കൂൾ കലോത്സവങ്ങളും നടത്താനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് തെളിയിച്ചിരിക്കുന്നു. മുമ്പൊക്കെ സ്കൂൾ കലോത്സവങ്ങളെക്കുറിച്ചുള്ള പേടി,​ സമയത്ത് തുടങ്ങാത്ത മത്സരങ്ങളും വെളുപ്പാൻകാലത്തും കർട്ടൻ വീഴാത്ത വേദികളുമായിരുന്നു. അപ്പീലുകളും തർക്കങ്ങളും ആരോപണങ്ങളും മറ്റൊരുവശത്ത്.

കല കലാപമായി മാറുന്നതിന് തടയിടാനും ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമെന്ന പെരുമ നിലനിറുത്തുന്നതിനും മുന്നിൽനിന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് മറ്റൊരു പൊൻതൂവലാണ് ഈ കലോത്സവം. ഒളിമ്പിക്സ് മാതൃകയിൽ സ്കൂൾ കായികമേളകൾ നടത്തിയ ശിവൻകുട്ടിക്ക് ആ പരിചയസമ്പത്ത് ഇവിടെയും തുണയായി. നിയമങ്ങൾക്കും ചട്ടങ്ങൾക്കുമുള്ളിൽ നിൽക്കുമ്പോൾത്തന്നെ മനുഷ്യത്വപരമായ തീരുമാനങ്ങളെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞതിനാലാണ് സമാപനവേദിയിൽ പ്രതിപക്ഷ നേതാവിൽ നിന്ന് അഭിനന്ദനം ലഭിച്ചത്. സച്ചുവെന്ന കൊച്ചുകലാകാരന്റെ ജീവിത ദുരിതങ്ങൾ 'കേരളകൗമുദി"യിലൂടെ വായിച്ചറിഞ്ഞ് ആ മിടുക്കന് വീടൊരുക്കാൻ മുന്നോട്ടുവന്നതും വിദ്യാഭ്യാസ മന്ത്രിയാണ്. തൃശൂരിൽ നിന്നുള്ള മറ്റു മന്ത്രിമാരും ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരുമൊക്കെ അക്ഷീണം പണിയെടുത്തതിനാലാണ് കലോത്സവം സുഗമമായി നടന്നത്. പൂരംപോലെ കലോത്സവത്തെയും നെഞ്ചേറ്റിയ തൃശൂരുകാരുടെ പങ്കാളിത്തവും അഭിനന്ദനമർഹിക്കുന്നു.

സമാപനസമ്മേളനത്തിൽ കലാപഠനത്തിനായി സ്പോർട്സ് സ്കൂൾ മാതൃകയിൽ ആർട്സ്‌ സ്കൂൾ സ്ഥാപിക്കുന്നതിനെപ്പറ്റി വിദ്യാഭ്യാസമന്ത്രി പറഞ്ഞത് മികച്ച ഒരാശയമാണ്. നല്ല പണച്ചെലവുള്ള കാര്യമാണ് ഇന്നത്തെ കാലത്ത് കലാപഠനം. പക്കമേളവും ആടയാഭരണങ്ങളും ചമയങ്ങളുമൊക്കെയായി സ്കൂളിൽ തുടങ്ങി ഉപജില്ലയും ജില്ലയുംകടന്ന് സംസ്ഥാനതലത്തിലേക്ക് എത്തുമ്പോൾ വലിയൊരു തുക രക്ഷിതാക്കളിൽ നിന്നാകും. ഇങ്ങനെചെലവഴിക്കാൻ കാശില്ലാത്തവരുടെയും മോഹങ്ങൾ പൂവണിയുന്ന തരത്തിലാകട്ടെ ആർട്സ് സ്കൂൾ. കലോത്സവങ്ങളിൽ സമ്മാനം ലഭിക്കാത്തവർ മോശം കലാകാരന്മാരാകുന്നില്ലെന്നാണ് നടൻ മോഹൻലാൽ സമാപനച്ചടങ്ങിൽ ഓർമ്മിപ്പിച്ചത്. മത്സരിക്കുന്നതാണ് പ്രധാനം. തോൽവിയെന്നത് വിജയത്തിലേക്കുള്ള പടവാണ്. കലയോടുള്ള അർപ്പണം ആത്മാർത്ഥമെങ്കിൽ അവസരങ്ങൾ തേടിവരുമെന്നും മലയാളത്തിന്റെ മഹാനടൻ പറഞ്ഞത് പുതുതലമുറ നെഞ്ചിൽ കുറിക്കണം. തോൽവികൾക്കു മുന്നിൽ പതറാതെ നാളെയുടെ വിജയവഴികളിലേക്ക് പറക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്കാകട്ടെ. മത്സരാർത്ഥിയായും പിന്തുണക്കാരായും സംഘാടകരായും കാണികളായുമൊക്കെ കലോത്സവത്തിന്റെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ.

TAGS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.