
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം ജില്ലാ നേതൃയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
ഓരോ നിയമസഭ മണ്ഡലത്തിലെയും രാഷ്ട്രീയ സാഹചര്യവും സ്ഥാനാർത്ഥികളുടെ വിജയ സാദ്ധ്യതയും സംബന്ധിച്ച് സി.പി.എം സംസ്ഥാന നേതൃത്വം ഏരിയ തലത്തിൽ വിശദ റിപ്പോർട്ട് ജില്ലാ കമ്മിറ്റികൾ പരിശോധിച്ച ശേഷം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നു. പിണറായിയുടെ നേതൃത്വത്തിൽ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷം ജില്ലാതല ആക്ഷൻ പ്ലാൻ തയ്യാറാക്കും..
കൊല്ലത്തു കൂടിയ ജില്ലാ നേതൃയോഗത്തിൽ 11 സീറ്റും പിടിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പത്മകുമാർ അറസ്റ്റിലായതിനെത്തുടർന്ന് പത്തനംതിട്ടയിൽ പാർട്ടിക്കെതിരെ ഉടലെടുത്ത ആരോപണങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര ശ്രദ്ധ നൽകണമെന്ന് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിരുന്നു. . മുതിർന്ന നേതാക്കൾക്കു പുറമേ ജില്ലാതല നേതാക്കൾക്കും പ്രവർത്തന ചുമതല നൽകും.
2021ൽ 75 സീറ്റിൽ മത്സരിച്ച സി.പി.എം 62 ഇടത്താണ് വിജയിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നു മാത്രം 44 സീറ്റുകൾ നേടാൻ എൽ.ഡി.എഫിന് കഴിഞ്ഞു. ഈ ആറു ജില്ലകളിലെ സിറ്റിംഗ് സീറ്റുകൾ നിലനിർത്താനുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം പ്രാധാന്യം നൽകും. ഗൃഹ സമ്പർക്ക പരിപാടി പൂർത്തിയാക്കിയാലുടൻ മേഖല ജാഥകൾ ആരംഭിക്കും. എൽ.ഡി.എഫിൻെ്റ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. അത് പൂർത്തിയായ ശേഷം സ്ഥാനാർത്ഥി നിർണയത്തിലേക്കും പ്രചാരണ പ്രവർത്തനങ്ങളിലേക്കും കടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |