
ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹ്റ(60) എന്നിവരാണ് മരിച്ചത്. ഇവരുടെ വളർത്തു മകൾ സുൽഫിയത്തിന്റെ മൂന്നു വയസുകാരനായ മകൻ മുഹമ്മദ് ഇഷാനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി വെളിയങ്കോട് സ്വദേശി മുഹമ്മദ് റാഫിയെ(30) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച അർദ്ധരാത്രി 12 ഓടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയുമായി രക്ഷപ്പെട്ട സുൽഫിയത്തിനെ നാട്ടുകാർ കാണ്ടതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്ത്. കുട്ടിയെ ആദ്യം ഒറ്റപ്പാലം
താലൂക്കാശുപത്രിയിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതി നൽകിയ വിവരമനുസരിച്ച് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് നസീറിനെയും സുഹറയെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പൊലീസ് എത്തുമ്പോൾ കൈഞരമ്പ് മുറിച്ച നിലയിൽ മുഹമ്മദ് റാഫി അവിടെയുണ്ടായിരുന്നെങ്കിലും വെട്ടിച്ച് കടന്നുകളയുകയായിരുന്നു..

രാത്രി പന്ത്രണ്ടോടെ വീടിന് പിറകു വശത്തെത്തിയ മുഹമ്മദ് റാഫി ആ സമയം വീടിന് പിന്നിലേക്ക് വന്ന നസീറിനെയും സുഹറയെയും കുത്തി. തുടർന്ന് മുകളിൽ കിടന്നുറങ്ങുകയായിരുന്ന സുൽഫിയത്തിന് അരികിലെത്തി. റാഫിയെ കണ്ട് ഓടിയെത്തിയ ഇഷാനെയും ആക്രമിച്ചു. ഈ സമയം ആക്രമണത്തെ പ്രതിരോധിച്ച് കുട്ടിയെ എടുത്ത് സുൽഫിയത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. റാഫിയും സുൽഫിയത്തും തമ്മിൽ വിവാഹ മോചന കേസ് നടക്കുന്നുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് അതിക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |