
തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും പത്തനംതിട്ട പതിമൂന്നാമത് ആയതിൽ ആശ്ചര്യമില്ല. എല്ലാത്തവണയും പിന്നിൽ നിൽക്കുകയാണ് പത്തനംതിട്ട. പക്ഷെ,സ്കൂളുകളുടെ പ്രകടനത്തിൽ പത്തനംതിട്ട കിടങ്ങന്നൂരിലെ ശ്രീവിജയാനന്ദ ഗുരുകുലം വിദ്യാപീഠം ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തിയത് ശ്രദ്ധിക്കേണ്ടതാണ്. കലയിലും കായിക രംഗത്തും ജില്ല പൊതുവെ പിന്നിൽ നിൽക്കുമ്പോൾ ചില സ്കൂളുകൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. കലാരംഗത്ത് ശ്രീവിജയാനന്ദ സ്കൂളും കായിക രംഗത്ത് ഇരവിപേരൂർ ഹയർസെക്കൻഡറി സ്കൂളുമാണ് ജില്ലയുടെ അഭിമാനം. രണ്ടു മേഖലയിലും മികവ് പ്രകടിപ്പിക്കാൻ കഴിവുള്ള കുട്ടികൾ ഉണ്ടായിട്ടും അടിസ്ഥാന പരിശീലനം പോലും നൽകാൻ അധികൃതർക്ക് കഴിയുന്നില്ല. കുട്ടികൾ സ്വന്തം ചെലവിൽ പരിശീലനം നേടി സംസ്ഥാന മേളകളിൽ പങ്കെടുക്കുകയാണ് പതിവ്. കലാരംഗത്ത് കിടങ്ങന്നൂർ സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും പി.ടി.എയും നൽകുന്ന നേതൃപരമായ ഇടപെടലാണ് കുട്ടികളുടെ മികവാർന്ന പ്രകടനത്തിന് കാരണമാകുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആയിരത്തോളം സ്‌കൂളുകൾ മാറ്റുരച്ച കലാമേളയിലാണ് കിടങ്ങന്നൂർ സ്‌കൂളിന്റെ നേട്ടം.
ഓവറോൾ പ്രകടനത്തിൽ രണ്ടാം സ്ഥാനമാണ് സ്കൂളിന്. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലും സ്‌കൂളിന് മൂന്നാംസ്ഥാനമുണ്ട്.
നൂറ്റി അൻപത്തിയേഴ് പോയിന്റ് നേടിയാണ് സ്‌കൂളുകളുടെ പട്ടികയിൽ സംസ്ഥാനതലത്തിൽ വിജയാനന്ദം സ്കൂൾ രണ്ടാമതെത്തിയത്. ഹൈസ്‌കൂളിൽ എഴുപത്തിയെട്ട് പോയിന്റും ഹയർസെക്കൻഡറിയിൽ എഴുപത്തിയൊൻപത് പോയിന്റും നേടി. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി പരിചമുട്ട് കളി, പഞ്ചവാദ്യം, ചെണ്ടമേളം, സംഘഗാനം തുടങ്ങിയ പതിനഞ്ച് ഇനങ്ങളിൽ കിടങ്ങന്നൂർ സ്കൂൾ എ ഗ്രേഡ് കരസ്ഥമാക്കി. ജില്ലാ കലോത്സവത്തിൽ തുടർച്ചയായി ഇരുപത് വർഷം ഒന്നാംസ്ഥാനത്താണ് സ്‌കൂൾ. ആ നേട്ടത്തിന്റെ പകിട്ട് സംസ്ഥാനമേളയിലും തെളിഞ്ഞുമിന്നി. കോഴഞ്ചേരിയിൽ നടന്ന ജില്ലാ കലോത്സവത്തിൽ മിന്നുന്ന പ്രകടനം നടത്തിയാണ് സ്‌കൂൾ ജേതാക്കളായത്.
തിരിച്ചുവരവിന്റെ പാതയിൽ കിടങ്ങന്നൂർ
കിടങ്ങന്നൂരിന്റെ നേട്ടത്തിന് തിരിച്ചുവരവിന്റെ കഥ കൂടിയുണ്ട്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ അഞ്ചാമതായിരുന്നു സ്‌കൂൾ. ആദ്യത്തെ മൂന്ന് സ്ഥാനത്തിൽ വരണമെന്ന് ഈ അദ്ധ്യായന വർഷത്തിന്റെ തുടക്കത്തിൽ തന്നെ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും തീരുമാനിച്ചുറപ്പിച്ചു. ഓരോ പീരിയഡിന്റെയും അഞ്ച് മിനിറ്റ് വീതം എടുത്ത്, വൈകിട്ട് മൂന്നര മുതൽ പരിശീലനം ആരംഭിച്ചു. അതുകൊണ്ട് കുട്ടികൾക്ക് ക്ളാസുകൾ നഷ്ടമായില്ല. മിക്ക ദിവസങ്ങളിലും പരിശീലനം രാത്രിയോളം നീണ്ടു. രണ്ടായിരത്തി ഏഴിൽ സംസ്ഥാന കലോത്സവത്തിൽ സ്‌കൂൾ ഒന്നാമതെത്തിയിട്ടുണ്ട്. ഇത്തവണ സംസ്ഥാനതലത്തിൽ, ഹയർസെക്കൻഡറിയിലെ തൊണ്ണൂറ്റിയൊൻപത് വിദ്യാത്ഥികൾ പതിനെട്ട് ഇനങ്ങളിലായി മത്സരിച്ചു. ഹൈസ്‌കൂളിൽ നിന്ന് അൻപത്തിയൊൻപത് പേരും കലാമേളയുടെ വേദിയിലെത്തി. ആകെ നൂറ്റിയൻപത്തി എട്ട് കുട്ടികളാണ് സ്‌കൂളിനുവേണ്ടി ഇറങ്ങിയത്. കലോത്സവമെന്ന് കേട്ടാൽ കിടങ്ങന്നൂർ കച്ചകെട്ടിയിറങ്ങും. ചിട്ടയായ പരിശീലനം മാസങ്ങൾക്ക് മുൻപേ തുടങ്ങും. പൂർവവിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും സഹായം കൂടിയാവുമ്പോൾ ടീം സജ്ജമാകും. കുട്ടികൾ വേദികളിൽ കേമന്മാരാകും. ജില്ലാ കലോത്സവത്തിൽ വിവിധയിനങ്ങളിലായി സ്കൂളിൽ നിന്ന് മുന്നൂറ്റി അറുപത്തിയഞ്ച് കുട്ടികളായിരുന്നു മത്സരിച്ചത്. കഴിഞ്ഞ തവണത്തേക്കാളും കൂടുതൽ പോയിന്റും ഇത്തവണ നേടാനായി. സംസ്ഥാനതലത്തിലെ മികവുറ്റ പ്രകടനത്തിന് ഇതും കാരണമായി. ശ്രീ വിദയാനന്ദ ഗുരുദേവൻ സ്ഥാപിച്ച കിടങ്ങന്നൂർ സ്‌കൂൾ ശ്രീവിജയാനന്ദാശ്രമത്തിന്റെ ഉടമസ്ഥതയിലാണ് .
കല അവഗണിക്കപ്പെടുന്നു
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ കാര്യമായ സഹായങ്ങളില്ലാതെയാണ് കിടങ്ങന്നൂർ സ്കൂൾ മത്സരയിനങ്ങളിൽ പങ്കെടുത്തത്. പഠന പാഠ്യേതര വിഭാഗങ്ങളിൽ പത്തനംതിട്ട ജില്ലാ പൊതുവെ പിന്നിലാണ്. ഈ ദുരവസ്ഥ മാറ്റിയെടുക്കാൻ ആത്മാർത്ഥമായ ശ്രമങ്ങൾ എവിടെയുമില്ല. കുട്ടികൾ സ്വന്തം നിലയ്ക്കോ സ്കൂളുകളുടെ ചെലവിലോ ആണ് കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത്. നൃത്തയിനങ്ങൾ, നാടൻകലകൾ, വഞ്ചിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങളിൽ ജില്ലയിൽ നിരവധി പ്രതിഭകളുണ്ട്. നാടെങ്ങും നൃത്ത വിദ്യാലയങ്ങളുമുണ്ട്. കുട്ടികളുടെ കലാ കായിക കഴിവുകളെ പരിപോഷിപ്പിച്ചുകൊണ്ടു വരാൻ ജില്ലയിൽ ഏകീകൃത സംവിധാനമില്ല. വിദ്യാഭ്യാസ വകുപ്പ് ദൈനംദിന പ്രവർത്തന പരിപാടികളുമായി മുന്നോട്ടു പോകുന്നതല്ലാതെ പാഠ്യേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മോഹൻലാൽ ഉൾപ്പെടെ പ്രശസ്തരായ ഒട്ടേറെ കലാകാരന്മാരുടെ നാടാണ് പത്തനംതിട്ട. അഭിനയം, നൃത്തരംഗങ്ങളിൽ നിരവധി പ്രമുഖർക്ക് ജന്മം നൽകി. തങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കാൻ മറ്റു ജില്ലകളിലേക്ക് ചേക്കേറേണ്ടി വരുന്നവരാണ് ഏറെയും. സിനിമാ മേഖലയിൽ രാജ്യാന്തര പ്രശസ്തി നേടിയ അടൂർ ഗോപാലകൃഷ്ണനും ഡോ. ബിജുവും പത്തനംതിട്ട ജില്ലക്കാരാണ്. ഇവരുടെയൊക്കെ നാട്ടിൽ കലയെ പ്രോത്സാഹിപ്പിക്കാൻ ആരുമില്ലെന്നതാണ് സ്ഥിതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |