
ഒരുകോടി രൂപയുടെ സമ്മാനമടിച്ചയാളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, സമ്മാനാർഹമായ ടിക്കറ്റ് കൈവശപ്പെടുത്താൻ ശ്രമിച്ച സംഭവമുണ്ടായത് കണ്ണൂരിലെ പേരാവൂരിൽ കഴിഞ്ഞയാഴ്ചയാണ്. അതിബുദ്ധിക്കാരനായ 'തോക്കുകാരൻ" പിടിയിലാവുകയും ചെയ്തു. അപ്രതീക്ഷിത ഭാഗ്യം പലപ്പോഴും കെണിയായി മാറുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്.
നികുതിയും
കമ്മിഷനും
ലോട്ടറി അടിച്ചാൽ പകുതിയിലേറെ പണം സർക്കാർ കൊണ്ടുപോകുമെന്ന പേടി പല വിജയികളെയും തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അശാസ്ത്രീയമായ കണക്കുകളാണ് ഈ ഭയത്തിനു പിന്നിൽ. ആദായ നികുതി നിയമത്തിലെ 194- ബി വകുപ്പ് പ്രകാരം 10,000 രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക് 30 ശതമാനം നികുതി, സ്രോതസിൽ നിന്ന് സർക്കാർ നേരിട്ട് കുറയ്ക്കുകയാണ് ചെയ്യുന്നത് (TDS). ഇതിനോടൊപ്പം നാല് ശതമാനം സെസ് കൂടി ചേരുമ്പോൾ ഏകദേശം 31.2 ശതമാനമാണ് ഫലത്തിൽ നികുതി വരുന്നത്. ഇതിനു പുറമെ, ടിക്കറ്റ് വിറ്റ ഏജന്റിനുള്ള 10 ശതമാനം കമ്മിഷനും കുറയും.
ഉദാഹരണത്തിന്, ഒരുകോടി രൂപയാണ് ഒരാൾക്ക് സമ്മാനം ലഭിക്കുന്നതെങ്കിൽ മുകളിൽ പറഞ്ഞ നികുതിയും സെസും ഏജന്റിനുള്ള കമ്മിഷനും കിഴിച്ച് വിജയിക്ക് ലഭിക്കുന്ന ഏകദേശ തുക 63 ലക്ഷം രൂപയാണ്. ഇത് പൂർണമായും വൈറ്റ് മണിയാണ് എന്നതാണ് ഏറ്റവും വലിയ നേട്ടം. ഇത് ബാങ്കിൽ നിക്ഷേപിക്കുന്നതിനോ വസ്തു വാങ്ങുന്നതിനോ പിന്നീട് യാതൊരു നിയമതടസവും നേരിടേണ്ടി വരില്ല.
വാഗ്ദാനങ്ങളിൽ
വീഴരുത്
നികുതി ലാഭിച്ചുതരാം എന്നു വിശ്വസിപ്പിച്ച് വിജയികളെ സമീപിക്കുന്ന ബ്ലാക്ക് മാർക്കറ്റ് ലോബികളാണ് ഏറ്റവും വലിയ അപകടം. കള്ളപ്പണം വെളുപ്പിക്കാനായി വിജയികളിൽ നിന്ന് ഉയർന്ന തുകയ്ക്ക് ടിക്കറ്റ് വാങ്ങുന്നതാണ് ഇവരുടെ രീതി. ഉദാഹരണത്തിന്, ഒരു കോടി അടിച്ച ടിക്കറ്റ് 80 ലക്ഷം രൂപയ്ക്ക് നേരിട്ടു വാങ്ങാമെന്ന് ഇവർ വാഗ്ദാനം ചെയ്യും. ടാക്സ് കഴിഞ്ഞ് കിട്ടുന്ന 63 ലക്ഷത്തേക്കാൾ വലിയ തുക കിട്ടുമല്ലോ എന്ന് കരുതി പലരും ഇതിൽ വീണുപോവുകയും ചെയ്യും.
എന്നാൽ, ടിക്കറ്റ് കൈമാറുന്നത് നിയമവിരുദ്ധം ആയതിനാൽ ആദായ നികുതി വകുപ്പിന്റെയോ വിജിലൻസിന്റെയോ ശ്രദ്ധയിൽപ്പെട്ടാൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ലോട്ടറി ലോബിയിൽ നിന്ന് ലഭിക്കുന്ന പണം ബാങ്കിൽ നിക്ഷേപിക്കാനോ വലിയ ഇടപാടുകൾക്ക് ഉപയോഗിക്കാനോ കഴിയില്ല. അത് വീണ്ടും ബ്ലാക്ക് മണിയായിത്തന്നെ തുടരും.
വ്യാജ ആപ്പുകൾ
വഴി തട്ടിപ്പ്
വ്യാജ ആപ്പുകൾ വഴിയും തട്ടിപ്പുണ്ട്. 2024-ൽ മാത്രം അറുപതിലധികം വ്യാജ ലോട്ടറി ആപ്പുകൾ സർക്കാർ നിരോധിച്ചിരുന്നു. കേരള ലോട്ടറിയുടെ പേരിൽ വ്യാജമായി നിർമ്മിച്ച ഇത്തരം ആപ്പുകൾ വഴി, ടിക്കറ്റ് എടുത്തവർക്ക് സമ്മാനം അടിച്ചതായി വ്യാജ സന്ദേശം അയയ്ക്കും. സമ്മാനത്തുക ലഭിക്കാൻ നികുതി അടയ്ക്കണമെന്നോ ഫയൽ ചാർജ് വേണമെന്നോ പറഞ്ഞ് വിജയിയിൽ നിന്ന് മുൻകൂട്ടി പണം ആവശ്യപ്പെടും. പണം നൽകിക്കഴിഞ്ഞാൽ തട്ടിപ്പുകാർ മുങ്ങും. ലോട്ടറി വകുപ്പ് ഒരിക്കലും വിജയിയിൽ നിന്ന് മുൻകൂട്ടി പണം ആവശ്യപ്പെടാറില്ലെന്ന് തിരിച്ചറിയുക.
സമ്മാനാർഹമായ ടിക്കറ്റിനു പിന്നിൽ ഉടൻതന്നെ പേരും വിലാസവും ഒപ്പും രേഖപ്പെടുത്തുക. ടിക്കറ്റ് മോഷ്ടിക്കപ്പെട്ടാൽ മറ്റൊരാൾ അവകാശവാദം ഉന്നയിക്കുന്നത് തടയാൻ ഇത് സഹായിക്കും. സമ്മാനം ലഭിച്ച വിവരം പരമാവധി രഹസ്യമായി സൂക്ഷിക്കുക. അടുത്ത ബന്ധുക്കളെയോ വിശ്വസ്തരെയോ മാത്രം അറിയിക്കുക. മറ്റാർക്കും ടിക്കറ്റ് കൈമാറരുത്. ബാങ്ക് വഴിയോ ലോട്ടറി ഡയറക്ടറേറ്റിൽ നേരിട്ടോ മാത്രം ക്ലെയിം നടപടികൾ പൂർത്തിയാക്കുക. സമ്മാനത്തുകയെക്കുറിച്ചോ നടപടികളെക്കുറിച്ചോ സംശയമുണ്ടെങ്കിൽ ഔദ്യോഗിക ഹെൽപ്പ് ലൈൻ നമ്പറിലോ (1930) വെബ്സൈറ്റിലോ മാത്രം ബന്ധപ്പെടുക.
ലോട്ടറി എന്നത് സർക്കാർ നടത്തുന്ന ഒരു ജനക്ഷേമ സംരംഭമാണ്. അതിന്റെ ഗുണഫലങ്ങൾ പൂർണമായും വിജയിക്ക് ലഭിക്കണമെങ്കിൽ നിയമപരമായ വഴിയിലൂടെ മാത്രം സഞ്ചരിക്കുക. അറിവില്ലായ്മ കൊണ്ടുള്ള ഒരു ചെറിയ പിഴവ് വലിയ നഷ്ടങ്ങൾക്കും നിയമ നടപടികൾക്കും കാരണമായേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |