
'ലൈഫ് ബോയ് എവിടെയുണ്ടോ, അവിടെയുണ്ട് ആരോഗ്യം..." പത്തുനാൽപ്പത് വർഷം മുമ്പുള്ള ഒരു പരസ്യവാചകമാണിത്. അന്നൊക്കെ സിനിമ കാണാൻ പോയിട്ടുള്ളവർ ഓലത്തിയേറ്ററുകളിൽ ഈ പരസ്യം കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ഇതുപോലൊരു വാചകം കേട്ടത് മാണിസാറിന്റെ 'ബോയി' ആയ ജോസ് കെ. മാണിയിൽ നിന്നാണ്. 'കേരള കോൺഗ്രസ് - എം എവിടെയുണ്ടോ, അവിടെയാണ് ഭരണം" എന്നാണ് പുള്ളി വ്യക്തമായി പറഞ്ഞത്. ഇപ്പോൾ കേരള കോൺഗ്രസ് - എം ഇടതു മുന്നണിക്കൊപ്പമാണ്. അവിടെയാണല്ലോ ഭരണം. അപ്പോൾ ജോസ് പറഞ്ഞത് ശരിയാണ്. ഇനി അടുത്തത് യു.ഡി.എഫാണ് വരുന്നതെങ്കിൽ അപ്പോൾ അങ്ങോട്ട് മാറിയാൽ പോരേ? അപ്പോൾ അവിടെയും ഭരണം കിട്ടില്ലേ?
അതിന് ഇലക്‌ഷനു മുമ്പ് മാറേണ്ട കാര്യമില്ല. കാരണം ഭരണമില്ലാത്തിടത്തു പോയി നിൽക്കേണ്ടി വരില്ലേ? ഇലക്‌ഷൻ കഴിഞ്ഞായാലും തറവാട്ടിലേക്ക് മടങ്ങിച്ചെല്ലുന്ന മാണി സാറിന്റെ മോനെ ലീഗ് കയ്യൊഴിയില്ല. അപ്പോൾ, 'ഭരണം എവിടെയുണ്ടോ, അവിടെയുണ്ട് കേരള കോൺഗ്രസ്- എം" എന്ന് ചെറുതായിട്ടൊന്ന് മാറ്റി പറഞ്ഞാൽ മതി; കറക്റ്റായിരിക്കും. മാത്രമല്ല, അപ്പോൾ കുറച്ചുകൂടെ സ്വാതന്ത്ര്യം ജോസ് കെ. മാണിക്ക് ലഭിക്കുകയും ചെയ്യും.
ഇപ്പോൾ എൽ.ഡി.എഫ് വിടുന്നതിന് തടസമായി നിൽക്കുന്നത് പാർട്ടി ചെയർമാന്റെ അപ്പുറവും ഇപ്പുറവും ഇരിക്കുന്നവർ തന്നെയാണെന്നാണ് പത്രങ്ങളൊക്കെ പറയുന്നത്. 'അയ്യോ ജോസേ പോകല്ലേ; അയ്യോ ജോസേ പോകല്ലേ" എന്ന് ആരോ പറഞ്ഞുപഠിപ്പിച്ചതു പോലെ അവർ പറയുന്നു. എന്തായാലും, അത് ജോസ് കെ. മാണി പറഞ്ഞു പഠിപ്പിച്ചതല്ല എന്നത് അവരുടെ സ്വരത്തിൽ നിന്ന് വ്യക്തമാണ്. ജോസ് കെ. മാണി യു.ഡി.എഫിൽ പോയാൽ ഇപ്പോൾ കൂടെ നിൽക്കുന്നവരുടെ പിടിയിൽ നിൽക്കില്ല. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ പള്ളിമണികൾ മുഴങ്ങുന്നത് ആർക്കു വേണ്ടി എന്ന് അവരും തിരിച്ചറിയാതിരിക്കുമോ? മുങ്ങുവാണെങ്കിൽ ഒരുമിച്ച് മുങ്ങാം എന്നതാവാം തന്ത്രം.
പിന്നെ, മാണിസാറിനെപ്പോലെ ഒരു കോഴക്കേസൊക്കെ അതിജീവിക്കാനുള്ള രാഷ്ട്രീയ ആരോഗ്യവും ജോസ് കെ. മാണിക്കില്ല. അതിനാൽ നിൽക്കുന്നിടത്തു തന്നെ നിൽക്കുന്നതാണ് ബുദ്ധി. അല്ലെങ്കിൽത്തന്നെ ജോസ് കെ. മാണിക്ക് ഒന്നും നഷ്ടപ്പെടാനില്ല. 2030 വരെ രാജ്യസഭാംഗമാണ്. ഇതിനിടയിൽ ഒരു രാഷ്ട്രം; ഒരു തിരഞ്ഞെടുപ്പ് വരികയാണെങ്കിൽ അതുകഴിഞ്ഞും സാദ്ധ്യതകൾ ഏറെയാണ്. ചെയർമാൻ എന്ന നിലയിൽ ഈ തിരഞ്ഞെടുപ്പിൽ നിന്ന് മത്സരിക്കാതെ മാറി നിൽക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ ഭാവി പരിപാടികൾക്ക് നല്ലത്.
യു.ഡി.എഫിനെ സംബന്ധിച്ച് കേരള കോൺഗ്രസ്- എം വരാതിരിക്കുന്നതാണ് നല്ലത്. അവരുടെ സഹായമില്ലാതെ തന്നെ മലയോര ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ല നേട്ടം കൊയ്യാൻ അവർക്ക് കഴിഞ്ഞു. അതിനാൽ 'ലെസ് ലഗേജ്; മോർ കംഫോർട്ട്" എന്ന ഒരു മോഡിലാണ് അവർ ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. കച്ചവടത്തിൽ ഒരു റിസ്‌ക് വേണ്ട എന്നതുകൊണ്ട് ലീഗ് ചില നീക്കങ്ങൾ നടത്തിയെന്നേയുള്ളൂ. പക്ഷേ, അരമനകൾ ജോസിനെ മാടിവിളിച്ചു എന്നത് ഒരു യാഥാർത്ഥ്യമാണ്. മാണിസാറിനു ശേഷം കത്തോലിക്കാ സമൂഹത്തിന് അതുപോലൊരു നേതാവില്ല. അപ്പനോളം വരില്ലെങ്കിലും, ഉള്ളതാകട്ടെ എന്ന് അവർ കരുതിയതിന് തെറ്റ് പറയാനാകില്ല. കാരണം അത്രമാത്രം വെല്ലുവിളികളാണ് കേരളത്തിലെ ക്രൈസ്‌തവ സമൂഹം ഇന്ന് നേരിടുന്നത്.
അതിൽ കൂടുതലും സമ്പന്നതയ്ക്കു ശേഷമുണ്ടാകുന്ന അതിസങ്കീർണമായ പ്രശ്നങ്ങളാണ്.
പള്ളികളിൽ വരുമാനം കുറയുന്നു. വിദേശത്തു പോകുന്ന ആൺകുട്ടിയും പെൺകുട്ടിയും തിരിച്ചു വരുന്നില്ല. സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സഭാംഗങ്ങളേക്കാൾ കൂടുതൽ കുട്ടികൾ മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരാകുന്നു. വലിച്ചാൽ നീളുന്നതും വിട്ടാൽ പൂർവസ്ഥിതി പ്രാപിക്കാത്തതുമായ ഒന്നായി റബർ മാറിയിരിക്കുന്നു. വലിയ വീടുകളിൽ താമസിക്കാൻ ആളില്ല. വലിയ പറമ്പും ആരും താമസിച്ചിട്ടില്ലാത്ത വീടും ചെറിയ വിലയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞാലും തത്കാലം വാങ്ങാൻ ആളില്ല. പക്ഷേ, താമസിയാതെ വാങ്ങാൻ ആളുകൾ വരും. അതിനെ അവർ ഭയക്കുകയും ചെയ്യുന്നു!
അതിനു പുറമെ വന്യമൃഗങ്ങളുടെ ആക്രമണവും അലർച്ചയും അവരുടെ ഉറക്കം കെടുത്തുന്നു. പണ്ടൊന്നും പതിവില്ലാത്തതുപോലെ പെൺകുട്ടികൾ അന്യമതസ്ഥരെ കല്യാണം കഴിക്കുന്നു. അതു തടയാൻ സംഘടനകൾ ഉണ്ടാകുന്നു. ഇതിനൊക്കെ പുറമെ വിവിധ സഭകൾ തമ്മിലുള്ള സ്പർദ്ധകളും തർക്കങ്ങളും മൂർച്ഛിക്കുന്നു. അതിനാൽ കത്തോലിക്കാ സമൂഹത്തിന് കെട്ടുറപ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെയും നേതാവിന്റെയും ആവശ്യം മറ്റെന്നത്തേക്കാൾ ഇപ്പോഴാണ്. മുങ്ങാൻ പോകുമ്പോൾ കച്ചിത്തുരുമ്പിലും പിടിക്കുമല്ലോ! അതുകൊണ്ടാണ് അവർ ജോസ് കെ. മാണിയെ വിളിച്ചത്. ഇഷ്ടമില്ലെങ്കിൽ പോകണ്ട; അത്രതന്നെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |