
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ ബേപ്പൂരിലെ സ്ഥാനാര്‍ത്ഥിയായാല്‍ അവിടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അറിവോ കൂടിയാലോചനയോ ഇല്ലാതെയാണ് അന്‍വര്‍ യുഡിഎഫിന്റെ ഭാഗമായതെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ സി.ജി ഉണ്ണി ആരോപിച്ചു. ഇടത് മുന്നണിയില്‍ നിന്നും കലഹിച്ച് എംഎല്‍എ സ്ഥാനം രാജിവച്ച അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് പിവി അന്‍വറിന്റെ നീക്കം. ഇതിനായി പ്രചാരണവും തുടങ്ങിയിരുന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ സിറ്റിംഗ് സീറ്റായ ബേപ്പൂര്‍ എല്‍ഡിഎഫ് പതിവായി വിജയിക്കുന്ന മണ്ഡലമാണ്. ഈ സാഹചര്യത്തിലാണ് പിവി അന്‍വര്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയത്. മുസ്ലീം ലീഗ് ജില്ലാ നേതൃത്വവും അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. അന്‍വര്‍ മത്സരിച്ചാല്‍ വിജയസാദ്ധ്യതയുണ്ടെന്നാണ് ലീഗിന്റെ നിലപാട്.
മരുമോനിസമാണ് മുഖ്യമന്ത്രിയെ തകര്‍ത്തതെന്ന് മണ്ഡലത്തില്‍ വോട്ടര്‍മാരെ കാണാനെത്തിയ പിവി അന്‍വര്‍ പറഞ്ഞിരുന്നു. മരുമോനായി മുഹമ്മദ് റിയാസ് വന്നതിന് ശേഷമാണ് സഖാവ് പിണറായി സഖാവ് പിണറായി അല്ലാതായി മാറിയത്. മരുമോനെ കൊണ്ടുവന്നപ്പോള്‍ കോഴിക്കോട് ജില്ലയിലെ പല നേതാക്കളും അവഗണിക്കപ്പെട്ടു. അവരുടെയെല്ലാം പിന്തുണ തനിക്ക് കിട്ടുമെന്നും അന്‍വര്‍ പറഞ്ഞു. തന്റെ പോരാട്ടം കുടുംബാധിപത്യത്തിന് എതിരെയാണെന്നും മുന്‍ നിലമ്പൂര്‍ എംഎല്‍എ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |