
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്‌തഫയ്ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. മരിച്ച ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്തൊടി ദീപക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വടകര സ്വദേശിനി ഷിംജിത രാജ്യം വിട്ടേക്കുമെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. പത്തു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഷിംജിത നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്നു. ഷിംജിത സംസ്ഥാനം വിട്ടെന്നും മംഗലാപുരം ഭാഗത്തേയ്ക്ക് പോയെന്നും പൊലീസിന് കഴിഞ്ഞദിവസം വിവരം ലഭിച്ചിരുന്നു. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ കൂടുതൽ ആളുകളുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ വൈറലായതിന് ശേഷമാണ് തങ്ങള്‍ ഇക്കാര്യം അറിഞ്ഞതെന്നാണ് ബസിലെ ജീവനക്കാര്‍ പറയുന്നത്. ജീവനക്കാരുടേയും മറ്റ് യാത്രക്കാരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നാണ് വിവരം.
ഷിംജിത ദൃശ്യങ്ങൾ പകർത്തിയ ഫോൺ കസ്റ്റഡിയിലെടുക്കും. യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രക്കിടെയുണ്ടായ അനുഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി പ്രതി അവകാശപ്പെട്ടിരുന്നു. എന്നാൽ അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് വടകര ഇൻസ്‌പെക്ടർ വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതിന് പിന്നാലെ ഷിംജിത ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |