SignIn
Kerala Kaumudi Online
Thursday, 22 January 2026 1.30 AM IST

പ്രതിമാസം 687 രൂപ പ്രീമിയം, വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ; മെഡിസെപ് രണ്ടാംഘട്ടം ഫെബ്രുവരി ഒന്നുമുതൽ

Increase Font Size Decrease Font Size Print Page
medicep

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ നടപ്പിൽ വരുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. സർക്കാർ ജീവനക്കാർ, സർവീസ് – കുടുംബ പെൻഷൻകാർ, യുണിവേഴ്സിറ്റികളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെൻഷൻകാരും, അവരുടെ ആശ്രിതരും ഉൾപ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെയും ഗുണഭോക്താക്കളായിരിക്കും.

വർഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ മൂന്നുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി രണ്ടാം ഘട്ടത്തിൽ ഉയർത്തിയിട്ടുണ്ട്. പ്രതിമാസം 687 രൂപ പ്രിമീയം ഇനത്തിൽ നൽകിയാൽ മതി. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രിമീയമായി വർഷം ആകെ നൽകേണ്ടത് 8,244 രൂപ മാത്രവും. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയ്ക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല.

ദേശീയാടിസ്ഥാനത്തിൽ അംഗീകരിച്ചിട്ടുള്ള ഹെൽത്ത് ബെനിഫിറ്റ് പാക്കേജ് 2022 അനുസരിച്ചുള്ള ചികിത്സാ പാക്കേജുകളാണ് പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനാൽ കൂടുതൽ ആശുപത്രികളുടെ സേവനം പദ്ധതിയ്ക്കായി ലഭ്യമാക്കാനാവും. എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിലെല്ലാം ക്യാഷ്‌ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കൽ, സർജിക്കൽ പാക്കേജുകളുൾപ്പെടെ 2,516 പാക്കേജുകൾ പുതുക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 1,920 പാക്കേജുകളാണ് ഉണ്ടായിരുന്നത്. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തുന്നതിനോടൊപ്പം ഓരോ ആശുപത്രിയിലും ലഭ്യമായ എല്ലാ വിഭാഗങ്ങളെയും എംപാനൽ ചെയ്യാനുള്ള വ്യവസ്ഥയും പുതുക്കിയ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതിദിനം 5,000 രൂപവരെ മുറി വാടക നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ പേ വാർഡ് മുറി വാടക പ്രതിദിനം 2,000 രൂപവരെയാക്കി നിശ്ചയിച്ചിട്ടുണ്ട്. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി.

മെഡിക്കൽ പാക്കേജുകൾക്ക് അടിസ്ഥാന നിരക്കിനുപുറമെ വിലകൂടിയ മരുന്നുകൾ, പരിശോധനകൾ എന്നിവയ്ക്ക് പ്രത്യേക തുക നിശ്ചയിക്കുകയും അത് അടിസ്ഥാന നിരക്കിനൊപ്പം ലഭ്യമാക്കുകയും ചെയ്യും. ഡയാലിസിസ്, കീമോതെറാപ്പി എന്നിങ്ങനെ തുടർച്ചയായ ചികിത്സ തേടേണ്ട രോഗങ്ങൾക്ക് ഇൻഷുറൻസ് പോർട്ടലിൽ ഒരു ഒറ്റത്തവണ രജിസ്‌ട്രേഷൻ സംവിധാനമൊരുക്കുകയം അതുവഴി സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്യും.

മുട്ട് മാറ്റിവയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ എന്നീ ശസ്ത്രക്രീയകൾ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കും. നിലവിൽ അവ സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നത് ഒഴിവാക്കും. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി, ജിപ്മർ എന്നീ ആശുപത്രികൾ പദ്ധതിയിൽ എംപാനൽ ചെയ്യാത്തപക്ഷം ഈ ആശുപത്രികളിൽ നടത്തുന്ന ചികിത്സകൾക്ക് മെഡിസെപിൽ റീഇപേഴ്സമെന്റ് ലഭ്യമാക്കാനുള്ള വ്യവസ്ഥയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പത്ത് അതീവ ഗുരുതര, അവയവ മാറ്റ ശസ്ത്രക്രീയകൾക്കുള്ള അധിക പരിരക്ഷ അടുത്ത ഘട്ടത്തിലും തുടരുന്നതാണ്. ഇതിനായി രണ്ടുവർഷത്തേയ്ക്ക് 40 കോടി രൂപ ഇൻഷുറൻസ് കമ്പനി മാറ്റിവയ്ക്കുന്നുണ്ട്. പുതുക്കിയ പദ്ധതി രണ്ടാം വർഷത്തിലേയ്ക്ക് കടക്കമ്പോൾ ചികിത്സാ പാക്കേജ് നിരക്കിൽ 5 ശതമാനം വർദ്ധന അനുവദിക്കാനും ധാരണയായിട്ടുണ്ട്. റോഡ് അപകടം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളിൽ എംപാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ തേടാവുന്നതാണ്. ഇതിന്റെ ചെലവ് കമ്പനി മടക്കി നൽകും. ഇത്തരത്തിൽ റീഇപേഴ്സമെന്റ് ആനുകൂല്യത്തിന് പത്ത് അധിക ചികിത്സകൾക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിന് പ്രായപരിധി ബാധകമാകില്ല. ഏത് പ്രായത്തിലുള്ളവർക്കും പദ്ധതിയിൽ അംഗത്വം നൽകും. 365 ദിവസവും ദിവസം മുഴുവൻ കാൾ സെന്റർ സംവിധാനമുണ്ടാകും. ത്രിതല പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളാ പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളെയും പരാതി പരിഹാര സംവിധാനത്തിൽ ഉൾപ്പെടുത്തും. പാക്കേജുകളുടെ വിശദാംശങ്ങളും ആശുപത്രി ശൃംഖലകളുടെ പൂർണ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാക്കും.

TAGS: MEDICEP, KN BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.