
തൃശൂർ: പ്രൊമോഷൻ സാദ്ധ്യത കുറഞ്ഞ പ്രൊഫഷണലുകൾക്ക് നിശ്ചിതകാലയളവിൽ ഗണ്യമായ ശമ്പളവർദ്ധന ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീമിൽ ആയുഷ് വിഭാഗത്തെയും വെറ്ററിനറി ഡോക്ടർമാരെയും ഉൾപ്പെടുത്തിയില്ല. ഒൻപതുവർഷമായുള്ള അവഗണനയ്‌ക്കെതിരെ ഗവ.ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെ സംഘടനയായ കെ.എസ്.ജി.എ.എം.ഒ.എ അടക്കമുള്ള സംഘടനകൾ സമരത്തിലേക്ക്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി 27ന് അവകാശ സംരക്ഷണദിനം ആചരിക്കും.
പ്രൊമോഷൻ സാദ്ധ്യത കുറവുള്ള പ്രൊഫഷണൽ വിഭാഗങ്ങളിലുള്ള ജീവനക്കാർക്കായി ഒമ്പതാം ശമ്പള പരിഷ്‌കരണ കമ്മിഷൻ വിഭാവനം ചെയ്തതാണ് സ്‌കീം.
ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി, നാചുറോപ്പതി എന്നിവയാണ് ആയുഷ് വിഭാഗത്തിലുള്ളത്. ആയുർവേദ ഡോക്ടർമാർക്കടക്കം ഇത് നടപ്പാക്കാൻ 2017ൽ ഉത്തരവിറങ്ങി. ധനകാര്യ വകുപ്പ് വിശദമായിപഠിച്ച് സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ച് ഇറക്കിയിട്ടുള്ള ഉത്തരവ് കാരണങ്ങൾ വ്യക്തമാക്കാതെ തൊട്ടടുത്ത ദിവസം വലിയൊരു വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തി. അലോപ്പതി ഡോക്ടർമാർ, എൻജിനിയർമാർ, പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ പ്രൊഫഷണൽ ജീവനക്കാർക്ക് ഇതിന്റെ ആനുകൂല്യം കിട്ടും. 2019ലെ ശമ്പള കമ്മിഷനിൽ 2017ൽ ഇറക്കിയ ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിരുന്നിരുന്നെങ്കിലും ഫലമുണ്ടായില്ല.
തനത് ശാസ്ത്രത്തിന് അവഗണന
തനത് ചികിത്സാ വിഭാഗം എന്ന നിലയിൽ പ്രത്യേക പരിഗണന ആയുർവേദ വിഭാഗത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നുണ്ടെങ്കിലും വേതനത്തിൽ അതുണ്ടായില്ല. ആധുനിക വൈദ്യശാസ്ത്രവുമായി തുല്യത നിലനിന്നിരുന്ന കേരളത്തിൽ ഇപ്പോൾ എൻജിനിയർ ഉൾപ്പെടെയുള്ളവരേക്കാൾ കുറഞ്ഞ വേതനമാണ് ആയുർവേദ ഡോക്ടർമാർക്ക് ലഭിക്കുന്നത്. 8-15 വർഷ ഗ്രേഡ് ലഭിക്കുമ്പോൾ വലിയ അന്തരമുണ്ട്.15 വർഷം കഴിയുമ്പോൾ അലോപ്പതി ഡോക്ടർമാർക്ക് ആയുർവേദ ഡോക്ടർമാരേക്കാൾ 54,400 രൂപയാണ് കൂടുന്നത്. എൻജിനിയർമാർക്ക് 31,900 രൂപയും.
വലിയൊരു വിഭാഗം പ്രൊഫഷണൽ ഉദ്യോഗസ്ഥർക്ക് സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുമ്പോൾ ആയുർവേദ ഡോക്ടർമാർക്കടക്കം ലഭ്യമാകാത്തത് സംബന്ധിച്ച് മുഖ്യമന്ത്രി, ധനമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ആയുർവേദ ഡോക്ടർമാർക്കും സ്‌കീം നടപ്പിലാക്കേണ്ടത് പ്രൊഫഷണൽ തുല്യത ഉറപ്പാക്കാൻ അനിവാര്യമാണ്.
ഡോ: വി.ജെ.സെബി,
സംസ്ഥാന ജനറൽ സെക്രട്ടറി,
കെ.എസ്.ജി.എ.എം.ഒ.എ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |