
തിരുവനന്തപുരം: ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ സഹകരണ സംഘങ്ങൾ ഇനിമുതൽ സഹകരണ രജിസ്ട്രാറുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് സർക്കാർ. എന്തിനു വേണ്ടിയാണ് വാങ്ങുന്നതെന്നും വ്യക്തമാക്കണം. വാങ്ങി നഷ്ടമുണ്ടായാൽ ഭരണസമിതി അംഗങ്ങളിൽ നിന്നും നഷ്ടം ഈടാക്കും. സംഘത്തിന് നഷ്ടമുണ്ടാകുന്ന രീതിയിൽ ആദായമില്ലാതെ പണം മുടക്കാൻ തീരുമാനിച്ച ഭരണസമിതി അംഗങ്ങളാകും ഇതിന് പൂർണ ഉത്തരവാദികൾ. ഇതുസംബന്ധിച്ച് സഹകരണ രജിസ്ട്രാർ പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. സർക്കുലറും പുറത്തിറക്കി.
നിരവധി സഹകരണ സ്ഥാപനങ്ങൾ ഭൂമിയും കെട്ടിടവും വാങ്ങിക്കൂട്ടി നഷ്ടത്തിലാകുന്ന പ്രവണത കൂടിയതോടെയാണിത്. ഭൂമിയും കെട്ടിടവും വാങ്ങുന്നതിന് രജിസ്ട്രാറുടെ അനുമതി ലഭിച്ചാൽ സംഘത്തിന്റെ പ്രവർത്തനമേഖലയിൽ നിശ്ചിത പ്രചാരമുള്ള രണ്ട് ദിനപത്രങ്ങളിൽ പരസ്യം നൽകണം. സംഘത്തിന്റെ പേര്, വാങ്ങാനുദ്ദേശിക്കുന്ന ഭൂമി, അളവ് എന്നിവ പരസ്യത്തിൽ കാണിക്കണം. അതിൽ രേഖാമൂലമുള്ള പരാതിയോ, ആക്ഷേപമോ ലഭിച്ചാൽ പരിഹരിച്ചശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കാവൂ.
ജില്ല ജോയിന്റ് രജിസ്ട്രാർ, ജോയിന്റ് ഡയറക്ടർ എന്നിവർ സർക്കാർ നിർദ്ദേശം സംഘങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കും.
ഭരണസമിതി
വിലയിരുത്തണം
1.സംഘത്തിന്റെ ദൈനംദിന വ്യാപാരത്തെ ബാധിക്കാത്ത തരത്തിലാകണം ഭൂമിയും കെട്ടിടവും വാങ്ങേണ്ടത്. പ്രവർത്തന മൂലധനത്തിൽ നിന്നാണ് ഭൂമി വാങ്ങുന്നതെങ്കിൽ അത് അഞ്ചു ശതമാനത്തിൽ കൂടരുത്
2. ഭരണസമിതി ഇത് കൃത്യമായി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കണം. വാങ്ങാനെടുക്കുന്ന തുക പത്തു വർഷത്തിനുള്ളിൽ തുല്യ വാർഷിക ഗഡുക്കളായി തിരികെ സ്വരൂപിക്കണം. വാർഷിക ഗഡുക്കൾ ഉറപ്പുവരുത്തേണ്ട ബാദ്ധ്യത ഭരണസമിതിക്കാണ്
മൂല്യനിർണയത്തിന്
സംയുക്ത സമിതി
വാങ്ങാനോ വിൽക്കാനോ ഉദ്ദേശിക്കുന്ന വസ്തുവിന്റെ മൂല്യനിർണയത്തിന് സംയുക്തസമിതി ഉണ്ടായിരിക്കണം. മൂന്നുവർഷത്തിനുള്ളിൽ, മൂന്നു കിലോമീറ്റർ ചുറ്റളവിൽ നടത്തിയിട്ടുള്ള സമാന സ്വഭാവമുള്ള ഭൂമി കൈമാറ്റങ്ങളുടെ ശരാശരി വില പരിഗണിച്ചാണ് വില നിർണയിക്കേണ്ടത്. ഭൂമി വിൽക്കുമ്പോഴും ഈ നടപടിക്രമങ്ങൾ പാലിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |