
തിരുവനന്തപുരം:സർക്കാർ ഏറ്റെടുത്ത വടക്കൻ പറവൂരിലെ കേസരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 21 തസ്തികകൾ പുതുതായി സൃഷ്ടിക്കാൻ സർക്കാർ അനുമതി നൽകി.
സീനിയർ സൂപ്രണ്ട്- 1, ലൈബ്രേറിയൻ -1, അറ്റന്റർ- 1, നൈറ്റ് വാച്ച് മാൻ- 1, സ്വീപ്പർകം സാനിറ്റേഷൻ വർക്കർ -1 എന്നിങ്ങനെ ആറ് അനധ്യാപക തസ്തികകളും. 15 അധ്യാപക തസ്തികകളുമാണ് സൃഷ്ടിക്കുന്നത്. നിലവിലുള്ള അധിക സ്ഥിര അധ്യാപകരെ സ്ഥലം മാറ്റി പുനർ വിന്യസിച്ച് ആവശ്യമെങ്കിൽ ഗസ്റ്റ് അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തും. അറ്റന്റർ, സ്വീപ്പർ തസ്തികകളിൽ എംപ്ലോയിമെന്റ് എക്സ്‌ചേഞ്ച് മുഖേനയും നൈറ്റ് വാച്ച്മാൻ തസ്തികയിൽ കെക്സ്‌കോൺ വഴിയുമാകും നിയമനം.
സംസ്ഥാന വനിതാ വികസന കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാർക്ക് 2019 ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്ക്കരണം നടപ്പാക്കും.കേരള സെറാമിക്സിലെ ജീവനക്കാരുടെ സേവന വേതന കരാറിന് അനുമതി നൽകി. ഐ.എച്ച്.ആർ.ഡിയിൽ കഴിഞ്ഞ മേയ് 30ന് വിരമിച്ച ജീവനക്കാരെ സർവീസിൽ തിരിച്ചെടുക്കാനും 60 വയസ് വരെ ജോലിയിൽ തുടരുവാനും അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനും തീരുമാനിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കുവാൻ ഗവർണറോട് ശിപാർശ ചെയ്യും.കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ അസിസ്റ്റന്റ് തസ്തിക അപ്‌ഗ്രേഡ് ചെയ്ത് ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയായി ഉയർത്തും. ധനകാര്യ വകുപ്പിലുള്ള ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |