
ആലപ്പുഴ: തിരഞ്ഞെടുപ്പിൽ മുന്നണി രാഷ്ട്രീയത്തിന്റെ പേരിൽ എല്ലാ മതക്കാരുടെയും വോട്ട് കരസ്ഥമാക്കി വിജയിക്കുന്ന മുസ്ലിം ലീഗ് സ്വന്തം മതത്തിനു വേണ്ടി മാത്രം ഭരണം നടത്തുന്നത് ഭരണഘടനാലംഘനമാണെന്ന് എസ്.എൻ.ഡി.പി യോഗം നേതൃത്വയോഗം പ്രമേയത്തിലൂടെ അറിയിച്ചു. വിദ്യാഭ്യാസ - തൊഴിൽ മേഖലകളിൽ ഈഴവ സമുദായം അനുഭവിക്കുന്ന അവഗണന തുറന്നുപറയുന്ന വെള്ളാപ്പള്ളി നടേശന് എസ്.എൻ.ഡി.പി യോഗം നേതാക്കൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറിയെ വർഗീയവാദിയാക്കാനുള്ള കപട മതേതരത്വ രാഷ്ട്രീയക്കാരുടെ ശ്രമത്തെ നേതൃത്വയോഗം അവഗണനയോടെ തള്ളിയതായി പ്രമേയത്തിൽ പ്രഖ്യാപിച്ചു.
മതത്തിന്റെ പേരിൽ ലീഗ് സ്വയം ആനുകൂല്യങ്ങൾ എഴുതിയെടുക്കുന്നു. സ്വന്തം മതവാദങ്ങൾക്ക് മാത്രമായി നിലവിളി നടത്തുന്നവർക്ക് പുരോഗമന സമൂഹത്തിൽ ഇനിയും ഇടമില്ല. മുസ്ലിം ലീഗ് അവരുടെ അംഗങ്ങളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ മാത്രം ഭരണത്തെ ഉപയോഗിക്കുന്നു. ഇത്തരം ഇരട്ടത്താപ്പുകൾ സാമൂഹ്യനീതി ബോധമുള്ള ജനങ്ങൾ ഇനിയും സഹിക്കില്ല. മലപ്പുറം ജില്ലയിലുൾപ്പടെ കേരളത്തിന്റെ ഓരോ ഇഞ്ചിലും സാമൂഹിക നീതി, സമത്വം, മതേതരത്വം എന്നീ മൂല്യങ്ങൾ അനിവാര്യമാണെന്ന് പ്രമേയം അഭിപ്രായപ്പെട്ടു.
എല്ലാ ജനവിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പാക്കണം. കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ ആകെ വരുമാനത്തിന്റെ 65 % മതവാദികളായ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളായ മന്ത്രിമാരെ ഏൽപ്പിക്കുന്നു. ഭൂരിപക്ഷ സമുദായ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിതരണത്തിൽ പോലും വിവേചനം കാണിക്കുന്നു.
ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ ചേർന്ന എസ്.എൻ.ഡി.പി യോഗം നേതൃത്വ സംഗമത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ.എം.എൻ.സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം കൗൺസിലർമാരായ പി.ടി.മന്മഥൻ, സന്ദീപ് പച്ചയിൽ, ഇ.എസ്.ഷീബ, ബേബി റാം, എബിൻ അമ്പാടിയിൽ, സി.എം.ബാബു, വിപിൻ രാജ്, പി.എസ്.എൻ.ബാബു, പി.കെ.പ്രസന്നൻ, കെ.സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |