
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ 21 കേന്ദ്രങ്ങളിലെ റെയ്ഡിനു പിന്നാലെ മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ 1.3 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു. ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിൽ നിന്ന് നൂറുഗ്രാമിന്റെ സ്വർണക്കട്ടിയും പിടിച്ചെടുത്തു. ശ്രീകോവിലിന്റെ വാതിലിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് മനഃപൂർവം രേഖപ്പെടുത്തി കടത്താൻ ഉപയോഗിച്ച മഹസറും നിരവധി ഡിജിറ്റൽ തെളിവുകളുൾപ്പെടെയുള്ള രേഖകളും പിടിച്ചെടുത്തു.
ശബരിമലയിൽ നിന്ന് കടത്തിയ സ്വർണപ്പാളിയിലേതെന്ന് സംശയിക്കുന്നതാണ് സ്‌മാർട്ട് ക്രിയേഷൻസിൽ നിന്ന് പിടിച്ചെടുത്ത സ്വർണക്കട്ടി. പാളിയിലെ സ്വർണം രാസവസ്‌തുക്കൾ ഉപയോഗിച്ച് വേർപെടുത്തി തട്ടിയെടുത്തത് സ്‌മാർട്ട് ക്രിയേഷൻസിൽ വച്ചാണെന്നാണ് നിഗമനം.
2019 മുതൽ 2025 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ ഔദ്യോഗിക ശുപാർശകളുടെ രേഖകൾ, ഉത്തരവുകൾ, കത്തിടപാടുകൾ, ജുവലറികൾക്ക് നൽകിയ പണമിടപാട് രസീതുകൾ, സ്വർണം വീണ്ടും പൂശുന്നതിന് നൽകിയ വാറന്റി സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയും പിടിച്ചെടുത്തു.
വൻതോതിൽ വ്യാജരേഖകളും ഡിജിറ്റൽ തെളിവുകളും വിവിധ സ്ഥലങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥ ഇടപാട് കുഴപ്പം
ക്ഷേത്രത്തിൽ കാണിക്കയായി ഭക്തർ സമർപ്പിക്കുന്ന സ്വർണം, പണം എന്നിവയിലും പൂജകളിലും നടന്ന വ്യാപക ക്രമക്കേടിന്റെയും തട്ടിപ്പിന്റെയും തെളിവുകൾ ലഭിച്ചു. കാണിക്കകൾ വകമാറ്റൽ, ഗുണനിലവാരം കുറയ്‌ക്കൽ, സ്വത്തുക്കൾ നഷ്‌ടപ്പെടുത്തൽ, ചില ദേവസ്വം ഉദ്യോഗസ്ഥരുടെ സംശയകരമായ സാമ്പത്തികയിടപാടുകൾ എന്നിവയുടെയും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്‌തിരുന്നു.
ശുദ്ധമായ സ്വർണത്തിൽ നിർമ്മിച്ച ദ്വാരപാലകശില്പം, വാതിൽപ്പാളികൾ, പീഠങ്ങൾ എന്നിവ രേഖകളിൽ ചെമ്പാണെന്ന് ആസൂത്രിതമായി എഴുതിച്ചേർത്ത് ക്ഷേത്രത്തിൽ നിന്ന് കടത്തിയത് റെയ്ഡിൽ വ്യക്തമായി. സ്വർണം കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ സ്‌മാർട്ട് ക്രിയേഷൻസ്, റൊദ്ദം ജുവലേഴ്സ് എന്നിവിടങ്ങളിലെത്തിച്ചു. അറ്റകുറ്റപ്പണി, പൂശൽ എന്നിവയുടെ മറവിൽ രാസപ്രക്രിയ വഴി സ്വർണം വേർതിരിച്ച് കടത്തുകയായിരുന്നു.
എട്ട് ഭൂസ്വത്തുക്കൾ
ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ എട്ട് ഭൂസ്വത്തുക്കളാണ് മരവിപ്പിച്ചത്. തിരുവനന്തപുരത്തെ വീടുകളും കുടുംബാംഗങ്ങളുടെ പേരിലുള്ള സ്ഥലങ്ങളും ബംഗളൂരുവിലെ ഫ്ളാറ്റും മരവിപ്പിച്ചതിൽ ഉൾപ്പെടും. കള്ളപ്പണ നിരോധനനിയമത്തിലെ (പി.എം.എൽ.എ) 17-ാം വകുപ്പ് (ഒന്ന് എ) പ്രകാരമാണ് നടപടി. സ്വത്തുക്കൾ വിറ്റഴിക്കുന്നത് തടയുന്ന വ്യവസ്ഥയാണിത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |