
തിരുവനന്തപുരം : മനുഷ്യരിലെ മുറിവുണക്കാൻ പന്നിയുടെ പിത്താശയ സ്തരം ഉപയോഗിച്ചുള്ള കോളിഡേം എന്ന ബാൻഡേജ് വിപണിയിൽ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അലികോൺ മെഡിക്കൽസ് എന്ന കമ്പനിയാണ് വിപണിയിലെത്തിച്ചത്. തൊലിപ്പുറത്ത് ഉപയോഗിക്കാവുന്നതാണിത്. അതിവേഗത്തിൽ മുറവുണക്കുമെന്നതാണ് സവിശേഷത.ലോകത്ത് ആദ്യമായാണ് മൃഗത്തിന്റെ പിത്താശയത്തിൽ നിന്ന് ഇത്തരമൊരു കണ്ടെത്തലെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എക്സ്‌പെരിമെന്റൽ പത്തോളജി വിഭാഗം മേധാവി ഡോ. ടി വി അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു വർഷങ്ങൾ നീണ്ട ഗവേഷണം. പന്നിയുടെ പിത്താശയത്തിൽ നിന്നെടുത്ത പാളികളും കുഴമ്പും മുറിവുകൾ ഉണക്കാൻ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. പ്രമേഹ രോഗികളിലെ മുറിവുകൾ ഉണക്കാൻ ഇത് വേഗത്തിൽ സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
പന്നിയുടെ പിത്താശയത്തിലെ കോശങ്ങളിലെ കുഴമ്പ് തൊലിപ്പുറത്തുള്ള മുറിവുകൾക്കു മുകളിൽ വച്ചു പിടിപ്പിച്ചാൽ വേഗത്തിൽ ഉണങ്ങുമെന്ന് ശ്രീചിത്രയിലെ ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. മുറിവിന്റെ പാടുകൾ കുറയ്ക്കാനും സഹായിക്കും. 7 സെന്റീമീറ്റർ വരെയുള്ള മുറിവുകൾക്ക് യോജിച്ച തരത്തിലാണ് കോളിഡേം തയ്യാറാക്കിയിരിക്കുന്നത്. വലിപ്പം കൂടുതലുള്ള മുറിവുകളിൽ ഒന്നിലധികം കോളിഡേം ചേർത്ത് വച്ച് തൊലിപ്പുറത്ത് തുന്നിച്ചേർക്കണം. 30,000രൂപയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന വില. ആവശ്യം വർദ്ധിക്കുന്നതിന് അനുസരിച്ച് വൻതോതിൽ നിർമ്മിക്കുന്നതോടെ വിലകുറയുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |