
തിരുവനന്തപുരം: തന്റെ കുടുംബം തകർത്തതും മക്കളെ വേർപിരിച്ചതും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന ആരോപണവുമായി മന്ത്രി കെ.ബി ഗണേശ് കുമാർ.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചത് ഗണേശ് കുമാറാണെന്ന് പത്തനാപുരത്ത് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ പ്രസംഗിച്ചിരുന്നു.
പരാതിക്കാരിയുടെ 18 പേജുള്ള പരാതി 24 പേജായതിനു പിന്നിൽ ഗണേശാണെന്നും നീചപ്രവൃത്തികളാണ് ഗണേശ് ചെയ്തതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചിരുന്നു.
ഇതിനോടാണ് ഗണേശ് കുമാർ പ്രതികരിച്ചത്.
ഉമ്മൻ ചാണ്ടി തന്നെ ദ്രോഹിക്കുകയും ചതിക്കുകയും ചെയ്തു. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അത് താൻ പറഞ്ഞില്ല. അന്ന് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായാണ് സി.ബി.ഐക്ക് മൊഴി നൽകിയത്.
2014 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിസ്ഥാനം തിരിച്ചു നൽകാമെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി വഞ്ചിച്ചു. കുടുംബ പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കാനായി എത്തിയ ഉമ്മൻചാണ്ടി കുടുംബം ഇല്ലാതാക്കി. ഒരു കുടുംബവഴക്കിന് മന്ത്രിസ്ഥാനം രാജിവയ്പ്പിച്ച് രണ്ടു മക്കളെയും വേർപിരിച്ചു. വിവാഹമോചനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതിന് പിന്നിലും ഉമ്മൻ ചാണ്ടിയായിരുന്നു. ഉമ്മൻചാണ്ടി ഇത്ര നന്മയുള്ള ആളാണെങ്കിൽ ദൈവത്തെയോർത്ത് ബൈബിളിലെ വാചകം ചിന്തിക്കണം.
. കൂടുതൽ പറയുന്നില്ല. കൊടിക്കുന്നിൽ സുരേഷിന് എല്ലാമറിയാം. ചാണ്ടി ഉമ്മൻ നിറുത്തുന്നതാണ് നല്ലത്. ഇത്രയും കാലം ചാണ്ടി ഉമ്മൻ എവിടെയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ക്രൈസ്തവ വിഭാഗത്തെ ഇളക്കിവിടുകയാണ് ലക്ഷ്യം. ഇനിയും ഇത്തരം പരാമർശങ്ങൾ വന്നാൽ ഗൗരവകരമായി നേരിടും. പഴയ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഗണേശ് കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |