SignIn
Kerala Kaumudi Online
Saturday, 24 January 2026 3.08 AM IST

ഗോപിനത്തത്തെ വീരകഥകൾ

Increase Font Size Decrease Font Size Print Page
s

നിധിയുടെ കാവലാളായ കാടിന്റെ നാഥൻ! കാട്ടുകള്ളൻ കുഴിച്ചിട്ട നിധി തേടിയിറങ്ങിയ ഞങ്ങളെ കാത്തിരുന്നത് സെൽവി അക്കയും കുടുംബവുമായിരുന്നു. ഒപ്പം, കഥകൾക്കപ്പുറമുള്ള അവരുടെ ജീവിതവും. താത്ത ചെറുപ്പത്തിൽ മഹാഭാരതം നാടകം കളിച്ചതിന്റെ വരികൾ ഓർത്തെടുത്തു. അയ്യമ്മയുടെ കണ്ണുകൾ നിറഞ്ഞു. പാണ്ഡവരുടെ വനവാസത്തെപ്പോലെ തന്റെ മകന്റെ വനവാസവും ജയിൽവാസവും ഓർമ്മകളായി അവരിലേക്ക് ഇരമ്പിയെത്തി. കാടിന്റെ നാഥനെ തേടിയൊരു യാത്ര!

ചെറുപ്പകാലത്തെ ഫൈറ്റ് സിനിമകളോടുള്ള ഇഷ്ടം മാത്രമായിരുന്നില്ല അതിനു കാരണം. ഇരുകവിളുകളിലുമായി പരന്നുകിടക്കുന്ന കൊമ്പൻ മീശയുള്ള ആ കുപ്രസിദ്ധ കാട്ടുകൊള്ളക്കാരനോട് ഒരു പ്രത്യേക പ്രിയമുണ്ടായിരുന്നു. അയാളാണ് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കാടുകളിൽ രാജാവായി വാണ കൂസ് മുനിസ്വാമി വീരപ്പൻ - ഇന്ത്യ കണ്ട യഥാർത്ഥ ഗ്യാങ്സ്റ്റർ.

1960 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ ചന്ദനവും ആനക്കൊമ്പുകളും കാട്ടിൽ നിന്ന് വൻ നഗരങ്ങളിൽ എത്തിച്ച് കച്ചവടം നടത്തിയപ്പോഴും, മൂന്നു സംസ്ഥാനങ്ങളിലെയും പൊലീസും അർദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാൻ തലകുത്തി മറിഞ്ഞപ്പോഴും, ഒരു നാട് അദ്ദേഹത്തെ വാഴ്ത്തുകയായിരുന്നു. ഒരു പത്തുവയസുക്കാരനെ വീരപ്പനായി മാറ്റിയ കർണാടക കാടിനു നടുവിലെ ചെറിയ ഗ്രാമം, ഗോപിനത്തം!

നാട്ടുകാരിൽ ചിലർക്ക് വീരപ്പൻ എന്നു കേൾക്കുമ്പോഴേ കലിയിളകുമെങ്കിലും മറ്റുള്ളവർക്ക് ഇപ്പോഴും ദൈവം. ഗോപിനത്തത്തേയ്ക്ക് കോഴിക്കോട്ടുനിന്ന് ബുള്ളറ്റിലായിരുന്നു,​ യാത്ര. മുത്തങ്ങ കാടുകടന്ന് കർണാടക കേറി ഗുണ്ടൽപേട്ട് വഴി ചാമരാജ നഗർ കടന്ന് മാലെ മഹാദേശ്വര മലയും കഴിഞ്ഞാൽ ഗോപിനത്തം ഗ്രാമമായി. കർണാടക- തമിഴ്നാട് അതിർത്തിയിൽ കാവേരി നദിയുടെ കരയിൽ! കോഴിക്കോട്ടുനിന്ന് കൃത്യം 337 കിലോമീറ്റർ ദൂരം.

വീരപ്പന്റെ

ഫാംഹൗസ്

ഗ്രാമത്തിലേക്ക് കടക്കുമ്പോൾത്തന്നെ റോഡിന് ഇടതുവശത്ത് ഇളം നീലനിറത്തിൽ ഒരു വീടുണ്ട്. അതാണ് വീരപ്പന്റെ ഫാം ഹൗസ്. ആരും താമസമില്ലാത്ത അവിടവും,​ ചുറ്റുമുള്ള പാടവും നാട്ടുക്കാർ കൃഷിക്കായി ഉപയോഗിക്കുന്നു. വീരപ്പൻ ജനിച്ചതും വളർന്നതും ഇവിടെയാണ്. ഇന്ന് ഭാര്യ മുത്തുലക്ഷ്മിയും രണ്ടു പെൺമക്കളും തമിഴ്നാട് പൊട്ടിനേരിയിലും ചെന്നൈയിലുമായി താമസിക്കുന്നു. വീരപ്പന്റെ നാട് എന്നതിനുപരി ഗോപിനത്തം വളരെ മനോഹരമായ ഒരു ഗ്രാമം തന്നെയാണ്. കിലോമീറ്ററുകളോളം കാട്ടിലൂടെ സഞ്ചരിച്ചു വേണം ഗോപിനത്തത്ത് എത്താൻ. അത്യാവശ്യ സൗകര്യങ്ങൾ മാത്രമുള്ള ഇവരുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ്- ചോളവും പയറും കടലയും ആടുമാടുകളും.

ഗോപിനത്തത്ത് മറ്റൊരു അതിശയമുണ്ട്- 1991 നവംബർ 10-ന് വീരപ്പൻ കൊന്നുകളഞ്ഞ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പി. ശ്രീനിവാസന്റെ പേരിൽ ഒരു കോവിൽ! അവിടെ നിത്യവും പൂജ! ഇരുപതു വർഷത്തോളം പിടികിട്ടാപ്പുള്ളിയായിരുന്ന വീരപ്പനെ പിടികൂടാൻ ഒരേയൊരു പൊലീസ് ഉദ്യോഗസ്ഥനേ കഴിഞ്ഞുള്ളൂ- ആന്ധ്രപ്രദേശിൽ നിന്നുള്ള ശ്രീനിവാസന്. ബംഗളൂരുവിൽ സാർക് ഉച്ചകോടി നടക്കുന്ന സമയം നോക്കി വീരപ്പൻ കാടിറങ്ങിയപ്പോൾ കൃത്യമായി അകപ്പെടുകയായിരുന്നു. ചാമരാജനഗർ ഡിവിഷനിലെ ബുഡിപ്പടക ഫോറസ്റ്റ് റസ്റ്റ് ഹൗസിൽ ദിവസങ്ങളോളം ചോദ്യം ചെയ്തു. എന്നാൽ ശ്രീനിവാസൻ റസ്റ്റ് ഹൗസിൽ നിന്ന് മാറിയതോടെ വീരപ്പനും ചാടി. തലയിൽ തേയ്ക്കാൻ കിട്ടിയ എണ്ണ ഉപയോഗിച്ചാണത്രേ വീരപ്പൻ കൈയിലെ വിലങ്ങഴിച്ചത്.

ശ്രീനിവാസൻ മറ്റു പൊലീസുകാരിൽ നിന്ന് വ്യത്യസ്തമായി,​ നാട്ടുകാരുടെ സ്നേഹം പിടിച്ചുപറ്റിയാണ് വീരപ്പനു വേണ്ടിയുള്ള അന്വേഷണം പുരോഗമിപ്പിച്ചത്. ഗോപിനത്തത്ത് റോഡ് പണിതു, കുടിലുകളിൽ വെള്ളമെത്തിത്തിച്ചു, മാരിയമ്മൻ കോവിൽ പുതുക്കി, ഡിസ്‌പെൻസറി തുടങ്ങി... പതിയെപ്പതിയെ നാട്ടുക്കാർ ശ്രീനിവാസന്റെ ആളുകളായി. വീരപ്പന്റെ സഹോദരി മാരി,​ ഡിസ്‌പെൻസറിയിൽ ജോലിക്കു കയറി. വീരപ്പന്റെ സഹോദരൻ അർജുൻ ഉൾപ്പെടെ നാല്പതോളം പേർ ശ്രീനിവാസനു മുന്നിൽ കീഴടങ്ങി.

എന്നാൽ പിന്നീട് കാര്യങ്ങൾ തലകീഴായി. മാരിയും ശ്രീനിവാസനും തമ്മിൽ ഇഷ്ടത്തിലാണെന്നൊരു ശ്രുതിയും അതിനെത്തുടർന്ന് മാരിയുടെ ആത്മഹത്യയും. അത് വീരപ്പനെ ചൊടിപ്പിച്ചു. കീഴടങ്ങാനാണെന്ന വ്യാജേന കാട്ടിലേക്കു വിളിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ നാട്ടുക്കാർ ശ്രീനിവാസനെ മറന്നില്ല. അതോടെ വീരപ്പനെ ആരാധിക്കുന്നവരുടെ ഇടയിൽ ചിലരെങ്കിലും അയാളെ വെറുക്കാനും തുടങ്ങി.

വീരപ്പന്റെ

വിഹാരഭൂമി

സത്യമംഗലം, ഗുണ്ടിയാൽ വനങ്ങൾ, ബിൽഗിരി രങ്കൻ ബേട്ട, മാലെ മഹാദേശ്വര ബേട്ട മലകൾ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന ഏരിയകൾ. മൂന്നു സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ ആറായിരത്തോളം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനങ്ങളിൽ വീരപ്പൻ വിഹരിച്ചു. കാടായിരുന്നു വീരപ്പനെ വളർത്തിയതും വീരപ്പന്റെ ശക്തിയും. കാട്ടിൽ കയറി വീരപ്പനെ പിടികൂടുക അസാദ്ധ്യമായിരുന്നു. കാട്ടിലെ ഓരോ ചലനവും വീരപ്പന് വഴികാട്ടിയോ, ലക്ഷണങ്ങളോ, മുൻകരുതലുകളോ ആയിരുന്നു.

ഗോപിനത്തത്ത് എത്തുമ്പോഴേക്കും നേരം വൈകിയിരുന്നു. ഗ്രാമത്തിൽ താമസം ബുദ്ധിമുട്ടാവുമെന്നും രാത്രി കാടു കടക്കാൻ കഴിയില്ലെന്നുമുള്ളതിനാൽ ഞങ്ങൾ ബോർഡർ കടന്ന് തമിഴ്നാട് കൊളത്തൂരിൽ തങ്ങി. കൊളത്തൂർ നേരെ വിഭിന്നമായിരുന്നു. മനോഹരമായ, ഒരു റൗണ്ടിൽ തീരുന്ന കൊച്ചു നഗരം. സ്നേഹമുള്ള മനുഷ്യരും രുചിയൂറുന്ന ഭക്ഷണവും! പൂ പോലെയുള്ള ഇഡ്ഡലിയും, മൊരിഞ്ഞ പൊറോട്ടയും, സ്‌പൈസി ചട്‌നികളും.

പിറ്റേന്ന് ഗോപിനത്തം ഗ്രാമം കണ്ട് ഞങ്ങൾ ശ്മശാനം ലക്ഷ്യമാക്കി വിട്ടു. മൂളക്കാട്ട്,​ മറ്റു കുഴിമാടങ്ങളിൽ നിന്നു മാറി നാലെണ്ണം കാണാം. അതിൽ നടുവിലായി വെള്ളപൂശി,​ പൂവും മാലകളും ചാർത്തിയിട്ടുള്ളതാണ് വീരപ്പന്റേത്. ദിവസവും ഇവിടം വൃത്തിയാക്കി പൂവും മാലകളും സമർപ്പിക്കുന്നു. അന്യനാട്ടിൽ നിന്നു പോലും ആളുകൾ ഇവിടെ വന്ന് തൊഴുതുപോവും.

കൂട്ടാളിയുടെ

മീശക്കഥ

വീരപ്പൻ വിഹരിച്ച വനത്തിൽ,​ അതേ മീശയുമായി ഒരാളുണ്ട്! ചാമരാജ്പേട്ട ഗോവിന്ദൻ. ഗോപിനത്തുകാരുടെ സംസാരത്തിൽ നിന്നാണ് വീരപ്പന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നവരിൽ ചിലരുടെ പേരും ഫോൺ നമ്പറുമൊക്കെ കിട്ടിയത്. കൊളത്തൂരിൽ നിന്നും നാലു മണിക്കൂർ യാത്ര. അടുത്തുതന്നെയുള്ള പന്നവാടിയിൽ നിന്ന് ബോട്ട് പിടിച്ചാൽ പെട്ടെന്ന് ചാമരാജ്പേട്ട എത്താം. അങ്ങനെ പന്നവാടി പരിസൽ തുറയിലേക്ക്. അവിടെയെത്തി അരമണിക്കൂർ കഴിഞ്ഞാണ് ബോട്ടെത്തിയത്. കാത്തിരിപ്പ് പക്ഷേ രസമുള്ളതായിരുന്നു. തുറയിൽ,​ പുഴമീനും ഡാമിൽ നിന്നു പിടിച്ച മീനുകളുമായി നിരവധി പേരുണ്ട്. വേണ്ടത് ഏതാണെന്ന് പറയുകയേ വേണ്ടൂ, ഫ്രൈ ആക്കി മുന്നിലെത്തും.

കാവേരി നദി കടന്നു വേണം ബോട്ടിൽ പോകാൻ. പന്നവാടിയിൽ നിന്ന് നാഗമരയിലേക്ക്. റോഡ് മാർഗം ഇവിടുന്ന് ചാമരാജ്പേട്ട എത്താൽ നാലു മണിക്കൂർ എടുക്കുമെങ്കിൽ,​ നദി കടന്നുപോയപ്പോൾ വേണ്ടിവന്നത് ഒരു മണിക്കൂർ മാത്രം. അരമണിക്കൂർ കാവേരിയിലും അരമണിക്കൂർ റോഡിലും. ഒരു ബോട്ടും അതിലേക്ക് കയറാൽ കൂട്ടിക്കെട്ടിയ ഒരു വട്ടത്തോണിയും. വട്ടത്തോണിയിലാണ് ബൈക്കുകൾ കയറ്റുന്നത്. ബുള്ളറ്റിനും മറ്റു ബൈക്കുകൾക്കുമൊപ്പം ഞങ്ങളും വട്ടത്തോണിയിൽ കയറി. നോക്കെത്താ ദൂരത്തായിരുന്നു മറുകര.

പുഴയിൽ ഇടയ്ക്കായി വലിയ പാറകൾ കാണാം, അതിൽ ചിലയിടത്തായി ഇലകളില്ലാതെ,​ നിറയെ ചില്ലകളുള്ള മരങ്ങൾ. കൂടെ യാത്രയ്ക്കു കയറിയ ഒരു തമ്പി പറഞ്ഞു - പുഴയ്ക്കടിയിൽ മുങ്ങി നിൽക്കുന്ന കുറേ മലകളും പാറകളുമൊക്കെയുണ്ടെന്ന്. അവിടെ വർഷങ്ങൾക്കു മുമ്പൊരു നാടായിരുന്നെന്നും,​ മേട്ടൂർ ഡാം പണിതപ്പോൾ വെള്ളത്തിനടിയിലായതാണെന്നും പറഞ്ഞു. അതിന്റെ ബാക്കിപത്രമാണ് ഇപ്പോഴും അടിയിലുള്ള പാറകളും മലകളും. മഴ വളരെ കുറച്ചു ലഭിക്കുന്ന വർഷങ്ങളിൽ നദിയിൽ വെള്ളം വല്ലാതെ കുറയുമ്പോൾ അവയൊക്കെ വെളിച്ചം കാണും. അവരുടെ കഥകളിൽ സമയം പോയതറിയാതെ പുഴ കടന്ന് അക്കരെയെത്തി.

അങ്ങനെ ചാമരാജ്‌പേട്ടയിലേക്ക്, അവിടുന്ന് ചോദിച്ചു ചോദിച്ച് ഒരുവിധം ഗോവിന്ദണ്ണന്റെ വീട്ടിലെത്തിയെന്ന് പറഞ്ഞാൽ മതിയല്ലോ! പേരും ഫോട്ടോയും മീശയും ഒക്കെ പറഞ്ഞാണ് ഞങ്ങൾ വീട് കണ്ടുപിടിച്ചത്. ആ മീശ തന്നെയായിരുന്നു മൂപ്പരെ കാണാനുള്ള പ്രചോദനവും. ഒരു സമയത്ത് നൂറുകണക്കിന് അംഗങ്ങളുള്ള ഒരു സൈന്യം തന്നെ വീരപ്പന് സ്വന്തമായുണ്ടായിരുന്നു. കാടിനോടു ചേർന്ന് താമസിക്കുന്ന ഗോവിന്ദൻ ചെറുപ്പത്തിൽ തന്നെ വീരപ്പനോടുള്ള ആരാധന മൂത്ത് കാടു കയറി വീരപ്പന്റെ വിശ്വാസം പിടിച്ചുപറ്റി കൂടെ കൂടുകയായിരുന്നു.

സത്യമംഗലം കാടുകൾക്കു സമീപവും ഹൊഗനക്കലിലും ധാരാളം ക്വാറികൾ പ്രവർത്തിക്കുന്ന സമയമായിരുന്നു. അവിടുന്ന് കരിമരുന്ന് എത്തിച്ചു നൽകിയാണ് വീരപ്പന്റെ ഇഷ്ടക്കാരനായത്. മെലിഞ്ഞ് പൊക്കം കൂടി,​ റൈഫിൾ തോളിലേന്തിയ ആ മനുഷ്യനെ ആദ്യം കണ്ടത് ഇന്നും തെളിമയോടെ ഗോവിന്ദന്റെ ഓർമ്മയിലുണ്ട്. 'നാൻ താൻ കണ്ണേ, വീരപ്പൻ..." എന്നായിരുന്നു സംശയത്തോടെ നോക്കിയ ഗോവിന്ദനോട് അന്ന് വീരപ്പൻ പറഞ്ഞത്. ഏകദേശം 184 ആളുകളെ വീരപ്പൻ കൊലപ്പെടുത്തിയെന്നാണ് കണക്ക്.

ഇരുപത് വർഷത്തോളം രാജ്യത്തെ പിടികിട്ടാപുള്ളിയായിരുന്ന വീരപ്പൻ രണ്ടായിരത്തോളം ആനകളെ കൊന്ന്, 26 ലക്ഷം ഡോളർ വിലമതിക്കുന്ന ആനക്കൊമ്പുകൾ കടത്തി, 10,000 ടൺ ചന്ദനത്തടികൾ മുറിച്ച് സത്യമംഗലം കാടുകളെ കുടിയൊഴിപ്പിച്ച അധോലോക നായകൻ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും വീരപ്പന്റെ പേരിൽ കേസുകൾ കൂട്ടിയപ്പോഴും, സാധാരണക്കാർക്ക് അദ്ദേഹം 'ഇന്ത്യയുടെ റോബിൻഹുഡ്" ആയിരുന്നു.

സെൽവി അക്കയും

അൻപുമണിയും

പ്രധാന റോഡിൽ നിന്ന് ഉൾപ്രദേശത്തേക്കു കയറി,​ കുറച്ചേറെ ദൂരം പോയാണ് ഗോവിന്ദന്റെ വീട് കണ്ടെത്തിയത്. നേരം ഇരുട്ടിയിരുന്നു. വീടിനടുത്ത് എത്തിയതും കുറെ നായ്ക്കൾ കുരച്ചുചാടിവന്നു. ഞാൻ പേടിച്ച്,​ ബുള്ളറ്റിന്റെ സീറ്റിൽ കാൽ പൊക്കിവച്ചു. അപ്പോഴാണ് സെൽവി അക്കയും മകൻ അൻപുമണിയും വന്നത്. കേരളത്തിൽ നിന്ന് ഇത്രദൂരം യാത്രചെയ്താണ് വരവെന്ന് അറിഞ്ഞപ്പോൾ അവർക്ക് ചെറുചിരി. വിളിച്ച് വീട്ടിലേക്കു കയറ്റി. എന്നാൽ ഗോവിന്ദൻ ഹൊഗനക്കലിൽ പോയതാണ്, നാളെ ഉച്ചകഴിഞ്ഞേ തിരിച്ചെത്തൂ.

ഞങ്ങൾ മടികൂടാതെ തീരുമാനിച്ചു - നാളെ കണ്ടിട്ട് പോകാം! കണ്ട നിമിഷം മുതൽ സെൽവി അക്കയുടെ മുഖത്ത് എപ്പോഴും ഒരു ചിരി. ഉള്ളിലെ സ്‌നേഹവും കനിവും ആ മുഖത്ത് എഴുതിവച്ചിരുന്നു. ഞങ്ങളുടെ മുറിത്തമിഴ് കേട്ട് അവർക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. ചാമരാജ്പേട്ട ടൗണിൽ ഭക്ഷണം കഴിച്ച്,​ തിരിച്ചെത്തിയപ്പോൾ ബസ് സ്റ്റാന്റിൽ 'ശൈശവവിവാഹം" എന്ന തെരുവുനാടകം കണ്ടു. പഞ്ചായത്തിന്റെ ബോധവത്ക്കരണം. അവിടെ ഇപ്പോഴും ചെറിയ പെൺകുട്ടികളെ പ്രായമായവർ വിവാഹം കഴിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞെട്ടി.

സെൽവി അക്കയുടെ വീട് ചെറുതായിരുന്നെങ്കിലും വിശാലമായൊരു ഉമ്മറമുണ്ട്. പ്ലാസ്റ്റിക് വള്ളികൾ മെടഞ്ഞ രണ്ട് കട്ടിലുകൾ. ഒന്നിൽ സ്ലീപ്പിംഗ് ബാഗ് എടുത്തുവച്ച് ഞങ്ങൾ കിടന്നു. ഒരു പരിചയവുമില്ലാത്ത സ്ഥലത്ത്, ഇങ്ങനെ സുരക്ഷ നോക്കാതെ കിടക്കുമ്പോൾ ഉള്ളിലൊരു ഭയം. യാത്രയുടെ ത്രില്ലും പുതിയ മനുഷ്യരോട് ഇടപഴകാനുള്ള കൊതിയുമാണ് ഞങ്ങളെ അവിടെ കിടത്തിയത്. കാടിനോടു ചേർന്ന് ഒറ്റപ്പെട്ടുകിടക്കുന്ന വീട്, ഇടയ്ക്ക് കാടിറങ്ങുന്ന പുലിയുടെ കഥകൾ, പരിചയമില്ലാത്ത ആളുകൾ, ചുറ്റിലും ഓടിനടക്കുന്ന നായ്ക്കൾ - എല്ലാം ചേർന്ന് ഞങ്ങളെ അരക്ഷിതരാക്കി.

അകത്ത് കിടക്കാൻ വടികുത്തി നടക്കുന്ന ഗോവിന്ദന്റെ അമ്മ അയ്യമ്മയോട് മടിച്ചുകൊണ്ട് ചോദിച്ചു - 'ഞങ്ങളുടെ അടുത്ത് കിടക്കാമോ?" ഞങ്ങളുടെ ഭയം മനസിലായിട്ടാവണം, ഒരു മടിയുമില്ലാതെ മറ്റേ കട്ടിൽ ഞങ്ങളുടെ അടുത്തേക്കു നീക്കിയിട്ട് അതിലിരുന്നു. സെൽവി അക്ക തന്ന തലയണ വെച്ച് പുതപ്പു ചുറ്റി വാത്സല്യത്തോടെ ഞങ്ങളെ നോക്കി. സ്ലീപ്പിംഗ് ബാഗിനുള്ളിലെ ഞങ്ങളെ കണ്ട് അവർ ചിരിച്ചു - 'മീൻവലയില്‍ കുടുങ്ങിയതു പോലിരുക്ക്!"

വീരപ്പൻ വന്ന

വീട്ടിൽ

രാത്രിയേറുന്തോറും തണുപ്പ് ഇരച്ചെത്തി. പുതപ്പ് വലിച്ചുചുറ്റി അയ്യമ്മ വീരപ്പന് ചോറു കൊടുത്ത രാത്രിയോർത്തു. കാട്ടുസംഘത്തിൽ ചേർന്നതോടെ വീരപ്പനും ഗോവിന്ദനും വളരെ അടുപ്പമായി. കാടിറങ്ങുമ്പോഴൊക്കെ ഗോവിന്ദന്റെ വീട്ടിൽ വരും. അപ്പോൾ അയ്യമ്മയാണ് ചോറ് വിളമ്പിക്കൊടുത്തിരുന്നത്. ചില രാത്രികളിൽ തങ്ങുകയും കുറേ സംസാരിക്കുകയും ചെയ്യും. സ്വന്തം അമ്മയെപ്പോലെയായിരുന്നു വീരപ്പന് അയ്യമ്മയെ.

'രാജ്യത്തിന് തലവേദനയായിരുന്നെങ്കിലും സാധാരണക്കാർക്ക് പ്രിയമായിരുന്നു വീരപ്പനോട്," അയ്യമ്മ പറഞ്ഞു. സമ്പാദിച്ചതിന്റെ ഒരുപങ്ക് നാട്ടുകാരുടെ സേവനത്തിനായി ചെലവഴിക്കുകയും ചെയ്തിരുന്നു. ഇരു കൈകളും നീട്ടി, 'ഈ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ച വീരപ്പൻ എനിക്കെന്നും മകനെപ്പോലെയായിരുന്നു," അമ്മ കണ്ണുനിറഞ്ഞ് പറഞ്ഞു. ഞങ്ങൾക്കു മുമ്പേ കഴിഞ്ഞുപോയ ഒരു കാലത്തിന്റെ, ഒരു നാടിന്റെ, ചില മനുഷ്യരുടെ കഥകളിൽ മുഴുകി ഞങ്ങളെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി.

പിന്നീട് വീരപ്പനും ഗോവിന്ദനും വീട്ടിൽ വരുന്നത് കുറഞ്ഞു. വന്നാലും ചുറ്റിലും ശ്രദ്ധപതിപ്പിച്ചുകൊണ്ട്. ചോറ് കഴിച്ചുകൊണ്ടിരിക്കെ പൊലീസ് വരുന്നതു മനസ്സിലാക്കി, തീർക്കാതെ കാട്ടിലേക്ക് ഓടിപ്പോയ സന്ദർഭങ്ങളുമുണ്ട്. ഒരിക്കൽ കാട്ടിൽ മുള വെട്ടാനെത്തിയവരെ ഫോറസ്റ്റ് ഗാർഡ് മോഹനയ്യ ഉപദ്രവിച്ചെന്ന് വീരപ്പന്റെ ചെവിയിലെത്തി. അദ്ദേഹം വെട്ടിസൂക്ഷിച്ചിരുന്ന ചന്ദനം കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരിലും മോഹനയ്യ ഉണ്ടായിരുന്നു. കർണാടകയിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്നിടത്തെ പാലാർ ചെക്ക്പോസ്റ്റിനരികെ അവർ ഒളിച്ചിരുന്നു. അവസരം വന്നപ്പോൾ വീരപ്പൻ തന്നെ വെടിയുതിർത്തു. ഗോവിന്ദൻ കുറെക്കാലം ഒളിവിലായി. വീരപ്പന്റെ നിർദ്ദേശപ്രകാരം 1991-ൽ ഡി.എഫ്.ഒ പി. ശ്രീനിവാസന്റെ മുമ്പിൽ കീഴടങ്ങി. പിന്നീട് ഒമ്പതുവർഷം മൈസൂർ ജയിലിൽ. കഥകളിൽ അലിഞ്ഞ് ഞങ്ങൾ ഉറങ്ങി.

രാവിലെ നല്ല ചൂടുചായയുമായി സെൽവി അക്ക വന്നപ്പോഴാണ് ഞങ്ങൾ കണ്ണുതുറന്നത്, വെളിച്ചത്തിൽ ആ വീട് കാണുന്നത്. അപ്പോഴേക്കും അച്ഛൻ മണിയും രംഗത്തെത്തി. കൈയും കാലും മുഖവുമൊക്കെ കഴുകി ഞങ്ങൾ കഥകൾക്കായി ചെവികൂർപ്പിച്ചു. നടക്കാൻ ബുദ്ധിമുട്ടുള്ള താത്തയ്ക്ക് സംസാരിക്കാൻ ആളെ കിട്ടിയതിന്റെ സന്തോഷം. ആരോഗ്യമുള്ള കാലത്ത് അവിടെ മൊത്തം കൃഷി ചെയ്തിരുന്നതിനെക്കുറിച്ചൊക്കെ വാതോരാതെ സംസാരിച്ചു. പഴയ തമിഴ്പാട്ടുകളും നാടകം കളിച്ചപ്പോഴുള്ള ഡയലോഗുകളുമെല്ലാം ഓർത്തെടുത്തു. പാണ്ഡവരുടെ വനവാസഭാഗം പോലും നാവിലുടക്കി. ചിരിച്ചുകൊണ്ടിരുന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഗോവിന്ദൻ കാടുകയറിയതും, ഒളിവുകാലവും, ജയിൽവാസവുമെല്ലാം ആ വൃദ്ധമനസ്സിലൂടെ കടന്നുപോയി.

അവർക്കായുള്ള തിരച്ചിലിൽ പോലീസ് നിരവധി തവണ ആ വീട്ടിൽ കയറിയിറങ്ങി. ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. വീരപ്പനോട് ഇവർക്കു പ്രിയമെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ശ്രീനിവാസനോട് വിരോധമില്ല. വീരപ്പനെ അടുത്തറിയാവുന്നതുകൊണ്ട് ഗോവിന്ദന്റെ അച്ഛൻ മണി ശ്രീനിവാസനോട് മുന്നറിയിപ്പു നൽകിയിരുന്നു - 'ഈ നാട്ടിൽ നിന്ന് പൊയ്ക്കോ, വീരപ്പൻ ഏതു നിമിഷവും കൊല്ലും." എന്നാൽ അതു ചെവിക്കൊള്ളാൻ ശ്രീനിവാസൻ തയ്യാറായില്ല. അതിന്റെ തൊട്ടടുത്ത മാസം വീരപ്പൻ ശ്രീനിവാസനെ കൊലപ്പെടുത്തി,​ തലയരിഞ്ഞെടുത്തു.

'വീരപ്പനെ പിടികൂടുക എളുപ്പമായിരുന്നില്ല, അവർ ചതിച്ചതാണ്. വെടിവയ്പ്പിന് മുമ്പുതന്നെ അവന്റെയുള്ളിൽ വിഷം ചെന്നിരുന്നു. അല്ലെങ്കിൽ പൊലീസുക്കാരേക്കാൾ ഉന്നമുള്ള അവനെ എങ്ങനെയാണ് വെടിവയ്പ്പിൽ കൊല്ലാൻ കഴിയുക?​" താത്ത ചോദിച്ചു. അമ്മയും അച്ഛനും ഓർമ്മകൾ പുറത്തെടുത്തപ്പോൾ സെൽവി നിശബ്ദയായി അടുത്തിരുന്നു. ചുണ്ടിലെ ചിരിക്ക് മങ്ങലില്ലെങ്കിലും കണ്ണുകളിൽ ഒരു ചെറുനനവ് പടർന്നു. കാടിനോട് വിടപറഞ്ഞതിനു ശേഷമാണ് കല്യാണം നടന്നതെങ്കിലും വർഷങ്ങളോളം നീണ്ട കേസും പ്രശ്നങ്ങളും അവരെയും മടുപ്പിച്ചിരിക്കാം.

കഥകളിലേക്ക്

വീണ്ടും വരും

വെയിലുദിച്ചപ്പോൾ സെൽവി അക്ക ആടുകളെ വെള്ളം കുടിപ്പിക്കാനായി പുറത്തിറക്കി. എന്നെ കാവലിനായി ഏൽപ്പിച്ച് മറ്റു പണികൾ ഒതുക്കി. ആടും പശുവും കുറച്ചു കൃഷിയുമാണ് വരുമാനമാർഗം. ചോളവും കടലയും പൂക്കളും ആരോഗ്യത്തോടെ ആ മണ്ണിൽ വിരിയുന്നു. കൃഷിപ്പാടത്തേക്ക് കാട്ടിൽ നിന്ന് വരുന്ന കുരങ്ങുകളെ ഓടിക്കാനാണ് ഇത്രയധികം നായ്ക്കളെ വളർത്തുന്നത്. നായ കുരച്ചുകൊണ്ടു പാഞ്ഞടുക്കുമ്പോൾ വാനരന്മാർ ചാടി കാട്ടിലേക്ക് മറയും. സെൽവി അക്ക റെഡിയായി ഒരു കുപ്പിയിൽ വെള്ളമെടുത്ത് ആടുകളെ കാട്ടിൽ തീറ്റാൻ കൊണ്ടുപോകാൻ ഇറങ്ങി.

അപ്പോഴേക്കും അവിടം ഞങ്ങൾക്ക് സ്വന്തം വീട്‌ പോലെയായിരുന്നു. തിരിച്ചെത്തുമ്പോഴേക്കും ഞങ്ങൾ പോയിരിക്കുമെന്നത് അക്കയെ സങ്കടപ്പെടുത്തി. 'ഒരു ദിവസം കൂടെ നിന്ന് ചിക്കൻ കറിയൊക്കെ വെച്ചു കഴിച്ചിട്ടു പോകണേ," അവർ പറഞ്ഞെങ്കിലും ഞങ്ങൾക്ക് നാട്ടിൽ എത്തേണ്ടതുണ്ടായിരുന്നു. സുഗന്ധമുള്ള രണ്ട് മുല്ലപ്പൂക്കൾ ഇറുത്ത് അക്ക എന്റെ മുടിയിൽ തിരുകി, ഒന്ന് ആലിംഗനം ചെയ്തു. മായാത്ത ചിരിയുമായി ആടുകളുമായി കാട്ടിലേക്കു നടന്നു.

ഉച്ചകഴിഞ്ഞ് ഗോവിന്ദണ്ണനെത്തി. ഒറ്റനോട്ടത്തിൽ തന്നെയുണ്ട് ഒരെടുപ്പ്. അറിയാതെ ഒരിഷ്ടം, ഒരു ബഹുമാനം തോന്നിപ്പോവും. കൊമ്പൻ മീശ, വിരിഞ്ഞ നെഞ്ച്, കരുത്തുറ്റ, പ്രായം വിളിച്ചുപറയാത്ത ശരീരം. വില്ലനിസം മൂപ്പർ മറന്നിരുന്നു. ദൂരെനിന്നു കണ്ടപ്പോഴേ നിറചിരിയുണ്ട് ചുണ്ടിൽ. വീടിനകത്തുനിന്ന് ഒരു ഫോട്ടോ എടുത്തു കാണിച്ചുതന്നു. മൂത്ത മകളുടെ കല്യാണത്തിന് വീരപ്പന്റെ അണ്ണന്റെ മകൻ കിളിമുത്തു കൊടുത്ത സമ്മാനം. വീരപ്പനും ഗോവിന്ദനും മറ്റു സംഘാംഗങ്ങളും ചേർന്നു നിൽക്കുന്ന ഒരു ഫോട്ടോ. ആ വീട്ടിലെ ബൈക്കിന്റെ മുന്നിലും വീരപ്പന്റെ ഫോട്ടോ പതിപ്പിച്ചിട്ടുണ്ട്.

ഹൊഗനക്കലിൽ നിന്ന് മാടുകളെയും കൊണ്ട് കൃഷ്ണഗിരിയിലേക്ക് പോവേണ്ടിയിരുന്ന ഗോവിന്ദൻ ഞങ്ങളെ കാണാനായി മാത്രം ഇവിടേക്ക് വന്നതായിരുന്നു. മാടുകളെ വില്പനക്ക് വയ്ക്കേണ്ടിയിരുന്നതിനാൽ തിരിച്ചു പോവാൻ തിടുക്കമുണ്ടായി. സമയം വൈകിയതോടെ ഞങ്ങൾക്കും വിട പറയാൻ നേരമായിരുന്നു. 'പിന്നീടൊരിക്കൽ വരാം, അന്ന് അച്ഛന്റെയും അമ്മയുടെയും ഫോട്ടോ പ്രിന്റ് ചെയ്തെടുക്കാം" എന്ന് പറഞ്ഞപ്പോൾ, എന്നാൽ രണ്ട് മാസം കഴിഞ്ഞുള്ള കടല വിളവെടുപ്പിന് എത്താമോ എന്നായി. അന്ന് രണ്ടുമൂന്ന് ദിവസം ഇവിടെ താമസിച്ച് നാടൻ കരിങ്കോഴിയെ കറിവച്ചു കഴിച്ചിട്ടൊക്കെ പോവാം എന്ന്! അവർക്ക് സ്നേഹം വിളമ്പി മതിയാകുന്നില്ല. വിളവെടുപ്പിലേക്ക് എത്താം എന്ന് ഉറപ്പ് കൊടുക്കാതെ ഞങ്ങളെ യാത്രയാക്കാൻ അവർക്കും വിട പറഞ്ഞിറങ്ങാൻ ഞങ്ങൾക്കും കഴിയില്ലായിരുന്നു.

ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അയ്യമ്മയുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. വിളവെടുപ്പ് കാലമാവുമ്പോൾ വിളിക്കാമെന്നു പറഞ്ഞ് ഗോവിന്ദണ്ണൻ ഞങ്ങളുടെ മൊബൈൽ നമ്പർ നോട്ട് ചെയ്തു. അന്ന് വരുമ്പോൾ ഒരുപാട് കഥകൾ പറഞ്ഞു തരാമെന്നും ടീമിലുണ്ടായിരുന്ന ചിലരെ കാണിച്ചുതരാമെന്നും പറഞ്ഞു. ഭാര്യ മുത്തുലക്ഷ്മിയെ പരിചയപ്പെടുത്താമെന്നും കാട്ടിനുള്ളിലുള്ള വീരപ്പന്റെ കോവിലിൽ കൊണ്ടുപോവാമെന്നും ഉറപ്പ് നൽകി. പറയാത്ത കഥകളുടെ സസ്പെൻസ് നൽകി, ഒരു ജന്മത്തിൽ കേട്ടു തീർക്കാൻ കഴിയാത്ത വീരപ്പന്റെ ജീവിതകഥയുടെ മറ്റൊരദ്ധ്യായം മുന്നിൽ തുറന്നിട്ടാണ് ഗോവിന്ദൻ ഞങ്ങളെ യാത്രയാക്കിയത്. വരും, താത്കാലികമായി അടഞ്ഞ വീരപ്പൻ കഥകളുടെ അടുത്ത ഭാഗം തേടി ഞങ്ങൾ വീണ്ടും വരും...

TAGS: VEERAPPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.