തിരുവനന്തപുരം: ആയുർവേദത്തിന്റെ മികവുകൾ വിദേശ രാജ്യങ്ങളിൽ പ്രചരിപ്പിക്കുന്നതിന് കേന്ദ്ര - സംസ്ഥാന വിനോദസഞ്ചാര വകുപ്പുകളുടെ സഹകരണത്തോടെ അന്താരാഷ്ട്ര ആയുർവേദ അംബാസഡർമാരെ കേരളത്തിലെത്തിക്കുന്നതിന് പദ്ധതിയൊരുക്കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 30 രാജ്യങ്ങളിലെ 45 മികച്ച സ്ഥാപനങ്ങളുടെ പ്രതിനിധികളും 24 മുതൽ നവംബർ നാലു വരെ കാസർകോട്ട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്യും. ബിസിനസ് കൂടിക്കാഴ്ചയും നടത്തും. ആയുർവേദ പ്രൊമോഷൻ സൊസൈറ്റിയാണ് യാത്രയുടെ സംഘാടകർ.
24ന് കണ്ണൂർ വിമാനത്താവളത്തിൽ സംഘമെത്തും. 25ന് വൈകിട്ട് ബേക്കലിലെ താജ് ഹോട്ടലിലാണ് ഔദ്യോഗിക ഉദ്ഘാടനം. തുടർന്ന് കണ്ണൂർ, കോഴിക്കോട്, കോട്ടയ്‌ക്കൽ, തൃശൂർ, ചെറുതുരുത്തി, എറണാകുളം, കുമരകം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങൾ സന്ദർശിച്ച് നവംബർ 2ന് സമാപിക്കും. 12 ദിവസം നീളുന്ന യാത്രയിൽ അന്താരാഷ്ട്ര ആയുർവേദ ടൂർ ഓപ്പറേറ്റർമാർ, ബ്ലോഗർമാർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് ആയുർവേദത്തിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ പരിചയപ്പെടുത്തും. ടൂറിസം സെക്രട്ടറി റാണി ജോർജ്, ആയുർവേദ പ്രൊമോഷൻ സൊസൈറ്റി ഭാരവാഹികളായ സജീവ് കുറുപ്പ്, അജി, അലക്സ്, ബേബി മാത്യു സോമതീരം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |