കൊച്ചി: കേരളത്തിൽ വിതരണവും ഉപയോഗവും നിരോധിച്ച പുകയില ഉത്പന്നങ്ങൾ ട്രെയിൻ മാർഗം കേരളത്തിലേക്ക് ഒഴുകുന്നു. എറണാകുളം സൗത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ റെയിൽവേ പൊലീസും ആർ.പി.എഫും നടത്തിയ പരിശോധനയിൽ ഇന്നലെ പിടികൂടിയത് 32 കിലോ പാൻമസാല. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച സുരക്ഷാ പരിശോധനക്കിടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ പാഴ്സൽ ഓഫീസിന് മുന്നിൽ നിന്നാണ് പാൻമസാലയടങ്ങിയ ചാക്കുകെട്ട് കണ്ടെടുത്തത്. പാഴ്സൽ ഏറ്റുവാങ്ങാനെത്തിയ അസാം സ്വദേശി സദ്ദാം ഹുസൈനെ (28) അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
അന്യസംസ്ഥാനത്ത് നിന്നെത്തിയ ട്രെയിനിൽ പാഴ്സലായി കൊണ്ടുവന്നതാണ് പുകയില ഉത്പന്നങ്ങളെന്ന് പൊലീസ് അറിയിച്ചു. ഇങ്ങനെയെത്തുന്ന പാഴ്സലുകൾ കൃത്യമായി പരിശോധിക്കാൻ മാർഗമില്ലാത്തതിനാൽ കേരളത്തിലേക്ക് കിലോ കണക്കിന് നിരോധിത പാൻമസാലയാണ് മാസം തോറും ഒഴുകുന്നത്.
എറണാകുളം റെയിൽവേ എസ്.ഐമാരായ ഇ.കെ.അനിൽകുമാർ, സാജുപോൾ, പൊലീസ് ഉദ്യോഗസ്ഥരായ കെ.വി.ഡിനിൽ, കെ.ബി. ഷഹേഷ്, ആർ.ഫ്രാൻസിസ്, ആർ.പി.എഫ് ഉദ്യോഗസ്ഥൻ ജോസഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |