
ന്യൂഡൽഹി: 77-ാമത് റിപ്പബ്ലിക് ദിനം രാജ്യം നാളെ ആഘോഷിക്കാനിരിക്കെ, കനത്ത സുരക്ഷാവലയത്തിലാണ് ഡൽഹി. കഴിഞ്ഞ നവംബർ 10ന് ചെങ്കോട്ടയ്‌ക്കു സമീപം സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷാ സംവിധാനമാണെങ്ങും.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ കഴിയുന്ന, ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമുള്ള എ.ഐ കണ്ണടകൾ ധരിച്ചാവും കർത്തവ്യപഥിൽ പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടി. പൊലീസ് ഡേറ്റ ബേസിൽ ക്രിമിനൽ റെക്കോർഡുള്ളവരുടെ മുഖം കാണുന്നതോടെ കണ്ണടയിൽ ചുവന്ന വെളിച്ചം തെളിയും. കൈയോടെ കസ്റ്റഡിയിലെടുക്കാം. സി.സി.ടി.വി ക്യാമറകൾ, ഡ്രോണുകൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. പരേഡ് കടന്നു പോകുന്ന റൂട്ടിൽ 10,000ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്.
തദ്ദേശ ശക്തി
പ്രദർശിപ്പിക്കും
രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് നാളെ രാവിലെ 10.30ന് ആരംഭിക്കും. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് മുഖ്യാതിഥികൾ. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റാഫേൽ,സുഖോയ്,മിഗ്,ജാഗ്വാർ യുദ്ധവിമാനങ്ങൾ ഫ്ലൈ പാസ്റ്റ് നടത്തും. വന്ദേമാതരത്തിന്റെ 70-ാം വാർഷികവുമായി ബന്ധപ്പെട്ട ഛായാചിത്രങ്ങളും പുഷ്‌പാലങ്കാരവും രാജവീഥിയെ ശോഭനമാക്കും.. ബ്രഹ്‌മോസ് -ആകാശ് മിസൈൽ സിസ്റ്റം, മീഡിയം റേഞ്ച് സർഫസ് ടു എയർ മിസൈൽ (എം.ആർ.എസ്.എ.എം) സിസ്റ്റം, അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലെറി ഗൺ സിസ്റ്റം, നാഗ് മിസൈൽ സിസ്റ്റം, ധനുഷ് ആർട്ടിലെറി ഗൺ, അർജുൻ യുദ്ധടാങ്ക്, തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾ തുടങ്ങിയവ ഇന്ത്യയുടെ കരുത്ത് വിളിച്ചോതും. അതിർത്തികളിൽ അതിവേഗ നീക്കങ്ങൾ നടത്താൻ രൂപീകരിച്ച പുതിയ 'ഭൈരവ് ബറ്റാലിയനും'.,9 വനിതാ അഗ്നിവീറുകളുടെ ബാൻഡ് സംഘമുണ്ടാകും.
കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും, കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്. നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) ദേശീയ ടീമിൽ സംസ്ഥാനത്തു നിന്നുള്ള 12 അംഗ സംഘവും ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |