
നമ്മുടെ നാവിൽ മധുരം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഒരു അദ്ഭുതപ്പഴമാണ് 'മിറക്കിൾ ഫ്രൂട്ട്'. നിങ്ങളിൽ പലരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ പേര് കേട്ടിട്ടുണ്ടാകും. ഈ പഴം കഴിച്ചശേഷം രണ്ട് മണിക്കൂർ വരെ നാവിൽ മധുരം ഉണ്ടാകുമെന്ന് മാത്രമല്ല ഈ സമയത്ത് എത്ര പുളിയുള്ള എന്ത് കഴിച്ചാലും അത് അതിമധുരമായി മാറുകയും ചെയ്യും.
ആഫ്രിക്കൻ പഴമാണെങ്കിലും ഇന്ന് കേരളത്തിലും പലരും ഇത് കൃഷി ചെയ്യുന്നുണ്ട്. രോഗ, കീടബാധകളൊന്നും ഈ ചെടിയിൽ കാണാറില്ല. വളപ്രയോഗവും വേണ്ട. ഈ ചെടി പുഷ്പിക്കാൻ ഏകദേശം മൂന്ന് മുതൽ നാല് വർഷം വരെ എടുക്കും. ഒരു ഉഷ്ണമേഖലാ സസ്യമായ മിറക്കിൾ ഫ്രൂട്ട് കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. അമ്ലഗുണമുള്ള മണ്ണാണ് ഇതിന് ഏറ്റവും ഉത്തമം. ഇതിന്റെ തെെകൾ ഇപ്പോൾ നഴ്സറികളിൽ ലഭ്യമാണ്.
മിറക്കിൾ ഫ്രൂട്ട് മരങ്ങൾ വിത്തുകൾ വഴിയോ തെെകൾ വഴിയോ പിടിപ്പിക്കാം. പഴത്തിനുള്ളിലെ വിത്ത് അധികം ഉണങ്ങുന്നതിന് മുൻപ് തന്നെ നടണം. വിത്ത് മുളയ്ക്കാൻ മൂന്ന് മുതൽ നാല് ആഴ്ചവരെ സമയമെടുക്കും. വിത്ത് വഴി വളർത്തുന്ന ചെടികൾ കായ്ക്കാൻ മൂന്ന് മുതൽ നാല് വർഷമെടുക്കും. നഴ്സറികളിൽ നിന്ന് ലഭിക്കുന്ന ലെയർ ചെയ്ത തെെകൾ നട്ടാൽ ഒന്നര അല്ലെങ്കിൽ രണ്ട് വർഷം വരെ മതി കായ്ക്കാൻ. ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും ഇത് നന്നായി വളരും. പറമ്പിലാണ് നടുന്നതെങ്കിൽ വെള്ളക്കെട്ടില്ലാത്ത സ്ഥലം തിരഞ്ഞെടുക്കുക.
നടീൽ
രണ്ടു കപ്പ് മണ്ണ്, ഒരു കപ്പ് ചകിരി ചോറ്, രണ്ടു കപ്പ് ചാണകപ്പൊടി, ജെെവവളം, ഒരു കപ്പ് എല്ലുപൊടി, ഒരു കപ്പ് വേപ്പിൻ പിണ്ണാക്ക് എന്നിവയിലേക്ക് അൽപം സ്യൂഡോമോണസ് കൂടി വിതറി നന്നായി മിക്സ് ചെയ്യുക. ചെടിയ്ക്ക് വളരാൻ ആവശ്യമായ നെെട്രജൻ ലഭ്യമാക്കുന്ന കരിയില, പച്ചില എന്നിവയാണ് യഥാക്രമം ഇതിനായി ആദ്യം ഗ്രോബാഗിലോ ചട്ടിയിലോ ഇടേണ്ടത്. ശേഷം അതിന് മുകളിൽ നേരത്തെ തയ്യാറാക്കിവച്ച മിക്‌സ് നിറയ്ക്കണം. ഇതിലേക്ക് ചെടി നട്ട ശേഷം അൽപം വെള്ളം നനച്ച് കൊടുക്കുക.
വളരാൻ 50ശതമാനം മാത്രം സൂര്യപ്രകാശം മതി എന്നതാണ് ഈ ചെടിയുടെ മറ്റൊരു സവിശേഷത. അതുകൊണ്ട് അധികം സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് വേണം ഇത് വയ്ക്കാൻ. വെള്ളം ചെടിക്ക് ചുറ്റും കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വേനൽക്കാലത്ത് ദിവസവും നനയ്ക്കുന്നത് നല്ലതാണ്. ചെടിയിൽ വെള്ളീച്ചയുടെ ശല്യം ഉണ്ടാകും. ഇത് ഒഴിവാക്കാനായി വേപ്പെണ്ണ വെളുത്തുള്ളി എന്നിവയുടെ മിശ്രിതം തളിക്കുക. ഓൺലെെനിൽ വിപണികളിൽ മിറക്കിൾ പഴത്തിന് കിലോയ്ക്ക് 250 രൂപ മുതൽ 1200 രൂപ വരെ വിലയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |