
തിരുവനന്തപുരം: എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പള ബില്ലുകൾ മേലധികാരികൾക്ക് പുറമേ, സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ അംഗീകരിക്കണമെന്ന ധനവകുപ്പിന്റെ വിവാദ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. അദ്ധ്യാപക സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും ശക്തമായ എതിർപ്പിനെത്തുടർന്നാണ് പിൻവലിച്ചത് . ഇതു സബന്ധിച്ച ഉത്തരവ് ഇന്നലെ അഡിഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചു. ഇതോടെ പഴയ രീതിയിൽ ശമ്പള ബില്ലുകൾ മാറാൻ വഴിതെളിഞ്ഞു.
കഴിഞ്ഞ സെപ്തംബറിൽ സമാനമായ ഉത്തരവ് പിൻവലിച്ചിരുന്നു. അതു പരിഷ്കരിച്ചാണ് ധനവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്. ഇതു പ്രകാരം ശമ്പള ബില്ലുകൾ മാറുന്നതിന് സ്ഥാപന മേധാവിക്ക് പുറമേ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതാധികാരികളുടെ സാക്ഷ്യപ്പെടുത്തൽ നിർബന്ധമാക്കി.
എ.ഇ.ഒ, ഡി.ഇ.ഒ, ആർ.ഡി.ഡി എന്നിവർക്കാണ് അവരുടെ കീഴിൽ വരുന്ന എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പള ബില്ലുകൾ പാസാക്കാൻ അധികാരം കൊടുത്തത്.
പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി അദ്ധ്യാപക സംഘടനകൾ പ്രതിഷേധവുമായെത്തി.
ബന്ധപ്പെട്ട ഓഫീസുകളിലെ ജീവനക്കാരുടെ കുറവും അമിതമായ ജോലിഭാരവും കാരണം ശമ്പളം കൃത്യസമയത്ത് ലഭിക്കില്ലെന്നായിരുന്നു ആശങ്ക.
ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് ജില്ലകൾക്ക് ഒരു ഡെപ്യൂട്ടി ഡയറക്ടർ മാത്രമുള്ള സാഹചര്യം ബില്ലുകൾ വൈകാൻ ഇടയാക്കുമെന്ന് സർക്കാർ വിലയിരുത്തി.
സ്ഥാപന മേധാവികൾക്ക് (ഡി.ഡി.ഒ) നിലവിലുള്ളത് പോലെ നേരിട്ട് ഓൺലൈൻ വഴി ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കാം. എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസുകളുടെ അധിക പരിശോധന തൽക്കാലം ഉണ്ടാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |