
കോഴിക്കോട്: 'എം.ടി സ്പെയ്സ് ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകം പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും എം.ടിയുടെ മകൾ അശ്വതി. പുസ്തകം പിൻവലിക്കണമെന്ന് എം.ടിയുടെ മൂത്തമകൾ സിതാരയും ആവശ്യപ്പെട്ടിരുന്നു. പുസ്തകം വായിക്കാതെ പ്രതികരിക്കാൻ വിവരക്കേടുള്ള ആളല്ല താനെന്നും അശ്വതി വ്യക്തമാക്കി.
എം.ടിയുടെ മൂത്ത മകൾ സിതാര നിഷേധിച്ച പല കാര്യങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയെന്നും അശ്വതി ആരോപിച്ചു.
പുസ്തകത്തിലെ പലകാര്യങ്ങളും തെറ്റാണ്. പ്രമീള നായർ എന്ന പേര് കേൾക്കുമ്പോൾ യാതൊരു ബുദ്ധിമുട്ടുമില്ല. അവർ അച്ഛന്റെ ആദ്യ ഭാര്യയാണെന്ന് എല്ലാവർക്കുമറിയാം. പുസ്തകത്തിലെ ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്നും അശ്വതി പറഞ്ഞു.
എന്നാൽ പുസ്തകം വായിക്കാതെയാണ് ആരോപണം ഉന്നയിക്കുന്നതും പുസ്തകം എം.ടിയെക്കുറിച്ചല്ലാത്തതിനാൽ അനുവാദം വാങ്ങേണ്ടതില്ലെന്നുമായിരുന്നു ദീദി ദാമോദരന്റെ പ്രതികരണം.
പ്രമീള നായർ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകമെന്നും സിതാരയും അശ്വതിയും ജനിക്കുന്നതിന് മുമ്പുള്ള കാലഘട്ടമാണ് പുസ്തകത്തിൽ ഉളളതെന്നും ദീദി അവകാശപ്പെട്ടു.
ആരെയും വേദനിപ്പിക്കാനല്ല പുസ്തകമെഴുതിയതെന്നും എച്ച്മുക്കുട്ടിയും പ്രതികരിച്ചു. എഴുതിയതിൽ എന്താണ് പ്രശ്നമെന്ന് എം.ടിയുടെ മക്കൾ പറയട്ടെയെന്നും എച്ച്മുക്കുട്ടി പ്രതികരിച്ചു. വേദനിപ്പിക്കുന്നത് ഏതെന്ന് പറയട്ടെ. പിൻവലിക്കണമോ തിരുത്തണമോ എന്നത് പിന്നീട് തീരുമാനിക്കാമെന്നും അവർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |