
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ശിൽപ്പിയെന്ന് വിശേഷിപ്പിക്കാനാവുന്നത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 1990മുതൽ കാൽനൂറ്റാണ്ട് കാലം സ്വപ്നമായിരുന്നു വിഴിഞ്ഞം. അത് യാഥാർത്ഥ്യമാക്കാൻ മുൻകൈയെടുത്തത് ഉമ്മൻചാണ്ടിയാണ്. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ നിർമ്മാണോദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014ൽ ആരംഭിച്ച പദ്ധതി 2019ൽ ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. ഒന്നാംഘട്ടം ആരംഭിക്കാനായത് അഞ്ചു വർഷം വൈകി 2024ലാണ്. ഇനി എല്ലാ കാര്യങ്ങളും മുന്നോട്ടാക്കണം. അദാനി പല സംസ്ഥാനങ്ങളിലും തുറമുഖങ്ങൾ വിജയകരമായി നടത്തുന്നു. ഈ രംഗത്തെ അവരുടെ പരിചയം മുതൽക്കൂട്ടാക്കണം.
2019ൽ ഒന്നാം ഘട്ടം പൂർത്തിയാവുമ്പോൾ റോഡ്, റെയിൽ കണക്ടിവിറ്റിയുണ്ടാവുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും 11വർഷമായിട്ടും പൂർത്തിയായിട്ടില്ല. പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള മത്സ്യബന്ധന തുറമുഖവും മത്സ്യസംസ്കരണ പാർക്കും തുടങ്ങാനായില്ല. ഔട്ടർ റിംഗ് റോഡും യാഥാർത്ഥ്യമായില്ല. വികസന ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കാനായില്ല. 2014ന് മുൻപ് 90ശതമാനം സ്ഥലവും ഏറ്റെടുത്തെങ്കിലും പിന്നീട് സ്ഥലമെടുപ്പ് മന്ദഗതിയിലായി. കുറവുകൾ മനസിലാക്കി പരിഹരിക്കണം. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലാക്കണം. മൂന്നോ നാലോ വർഷത്തിനകം വിഴിഞ്ഞം നമ്മൾ ആഗ്രഹിച്ചതുപോലെ മാറ്റണം. വിഴിഞ്ഞം വഴി കേരളത്തിന്റെ വികസനത്തിന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |