തിരുവനന്തപുരം: കിഫ്ബി കൊണ്ട് സംസ്ഥാന സർക്കാരിന് ഒരുരൂപയുടെ പോലും കട ബാദ്ധ്യതയുണ്ടാകില്ലെന്ന് കിഫ്ബി സി.ഇ.ഒ ഡോ. കെ,എം, എബ്രഹാം പറഞ്ഞു. കിഫ്ബി കാരണം കടം ഉണ്ടാകുമെന്ന് പറയുന്നത് തെറ്റായ ധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൗമുദി ടി.വിയുടെ സ്ട്രെയ്റ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ,എം, എബ്രഹാം.

കിഫ്ബി രൂപീകരിച്ചപ്പോൾ സർക്കാർ കണ്ട ലക്ഷ്യങ്ങൾ വലിയ ഒരു പരിധി വരെ ഈ 25 വർഷത്തിനുള്ളിൽ സാക്ഷാത്കരിക്കാൻ കഴിഞ്ഞുവെന്നും കെ.എം. എബ്രഹാം പറഞ്ഞു. 10 വർഷത്തിനുള്ളിൽ 90000 കോടി രൂപയുടെ പദ്ധതികൾ അപ്രൂവ് ചെയ്തു. കിഫ്ബിയുടെ സാമ്പത്തിക മോഡൽ എന്നു പറയുന്നത് വളരെ ഇന്ററസ്റ്റിംഗ് ആയ ഒന്നാണ്. കിഫ്ബിയിൽ ഉള്ളത് കൺട്രോൾഡ് ലവറേജ് മോഡൽ ആണ്. മോട്ടോർ വെഹിക്കിൾ ടാക്സിൽ നിന്നും സെസിൽ നിന്നും സർക്കാർ നൽകുന്ന തുകയിൽ ഒതുക്കി കൊണ്ടു മാത്രമേ കിഫ്ബിക്ക് പ്രോജക്ടുകൾ ചെയ്യാൻ സാധിക്കൂ. അതു കൊണ്ടാണ് കേന്ദ്രത്തോട് കൃത്യമായി പറയാൻ സാധിക്കുന്നത് ഇത് ഓഫ് ബഡ്ജറ്റ് കടമെടുപ്പ് അല്ല എന്ന്. .
നാഷണൽ ഹൈവേ അതോറിട്ടി തുടങ്ങുന്ന പ്രൊജക്ടുകൾക്ക് കേന്ദ്രം റീപേയ്മെന്റ് നൽകും. എന്നാൽ കിഫ്ബിയുടെ പ്രവർത്തനം അങ്ങനെയല്ല. നമ്മൾ ചെലവാക്കുന്നതിന് അപ്പർ ലിമിറ്റ് ഉണ്ട്. കൺട്രോൾ മോഡലായതു കൊണ്ട് ഒരിക്കലും കടക്കെണിയിലേക്ക് പോകില്ല.കിഫ്ബി വായ്പ എടുക്കുന്നത് സർക്കാരിൽ നിന്ന് ലഭിക്കുന്ന തുകയ്ക്ക് അകത്ത് നിന്നാണ്. ലോംഗ് ടേം പ്രോജക്ട് ആണിതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ കടവും കിഫ്ബിയും തമ്മിൽ ബന്ധമില്ലെന്നും കെ.എം. എബ്രഹാം പറഞ്ഞു. ഓരോ മലയാളിയുടെയും പുറത്ത് രണ്ടുതരം കടമുണ്ട്. കേന്ദ്രം എടുക്കുന്ന കടവും കേരളം എടുക്കുന്ന കടവും. ഇതിൽ സംസ്ഥാനം എടുക്കുന്ന കടത്തെ കുറിച്ചാണ് എല്ലാവരും പറയുന്നത്. എന്നാൽ കേന്ദ്രത്തിന്റെ കടത്തെ കുറിച്ച് ആരും പറയുന്നില്ല. ദേശീയ ആഭ്യന്തര ഉത്പാദനത്തിന്റെ 58 മുതൽ 60 ശതമാനം വരെ കേന്ദ്രം ഉണ്ടാക്കുന്ന കടമാണ്. കേരളത്തിന്റെ കടം 30 മുതൽ 31 ശതമാനം വരെയാണ്. മസാല ബോണ്ട് കേസിന് പ്രസക്തിയില്ലെന്നും അത് അടഞ്ഞ അദ്ധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |