SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.44 PM IST

പൊതു ഇടങ്ങൾ എങ്ങനെ വൃത്തിയാക്കി സൂക്ഷിക്കണം? 'ദ നഴ്‌സിംഗ് ബോയ്' ചെയ്യുന്നത് അത്ര ചെറിയ കാര്യങ്ങളല്ല

Increase Font Size Decrease Font Size Print Page

clean

ശുചിത്വം സ്വാതന്ത്ര്യത്തെക്കാൾ പ്രധാനമാണെന്നാണ് മഹാത്മാഗാന്ധി നമ്മളോരോ ഇന്ത്യക്കാരെയും പഠിപ്പിച്ചിരിക്കുന്നത്. ശുചിത്വം നിഷ്‌കർഷയോടുകൂടി പാലിക്കണമെന്ന് ശ്രീനാരായണ ഗുരുദേവന്റെ മഹദ്‌വചനവുമുണ്ട്. നമ്മളോരോ മലയാളികളും സ്വന്തം വീടും പരിസരവും പരമാവധി വൃത്തിയാക്കിയിടാൻ ശ്രമിക്കുന്നവരാണ്. ഒരു അവധി ദിവസം കിട്ടിയാൽ ഇത്തരത്തിൽ തൂത്തുവൃത്തിയാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങും.

എന്നാൽ പൊതുഇടങ്ങളിൽ മലയാളികളടക്കം നമ്മുടെ നാട്ടുകാർ ശുചിത്വം പാലിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അത് ഇല്ലെന്ന് പറയേണ്ടി വരും. പൊതു ഇടങ്ങളും പൊതു മുതലുകളും നമ്മുടെ ഓരോരുത്തരുടേതുമാണെന്ന ചിന്ത ഓരോരുത്തർക്കും വേണ്ടതാണ്. അത്തരത്തിൽ ചിന്തയില്ലാതെ വരുമ്പോഴാണ് മാറാരോഗങ്ങളും മറ്റ് സാമൂഹ്യപ്രശ്‌നങ്ങളും അനുഭവിക്കേണ്ടി വരുന്നത്.

പൊതുഇടം വൃത്തിയാക്കുന്ന 'നഴ്‌സിംഗ്‌ ബോയ്‌'

പൊതുഇടം എങ്ങനെ വൃത്തിയായി സൂക്ഷിക്കണം എന്നത് കാണിച്ചുതരാൻ യുവാക്കളിൽ നിന്നുതന്നെ ശ്രമങ്ങളുണ്ടാകുന്നു എന്നത് നമ്മുടെ കേരളത്തിന് അഭിമാനിക്കാവുന്ന ഒരു കാര്യമാണ്. ദ നഴ്‌സിംഗ് ബോയ് എന്ന സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ ഇത്തരത്തിൽ താനും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന ശ്രമങ്ങളെ ജനസമക്ഷം അവതരിപ്പിക്കുകയാണ് കോട്ടയം സ്വദേശി ശ്രീഹരി. തന്റെ പ്രവർത്തിയെക്കുറിച്ച് അറിയാനല്ല ജനങ്ങൾ പരിസരം വൃത്തികേടാക്കാതിരിക്കാനും ശുചിത്വം പാലിക്കാനുമാണ് ഇങ്ങനെയൊരു ശ്രമമെന്ന് ഈ ഇരുപത്തഞ്ചുകാരൻ പറയുന്നു.

18 സംസ്ഥാനങ്ങളിലും കേരളത്തിലും യാത്രകൾ

ഇതിനകം വൃത്തിയുടെ പാഠം പകർന്നു നൽകാൻ ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലും കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ജില്ലകളിലും ഈ യുവാവ് യാത്ര നടത്തികഴിഞ്ഞു. കോട്ടയം എസ്എംഇ നഴ്‌സിംഗ് കോളേജിലെ പഠനവും കോട്ടയം മെഡിക്കൽ കോളേജിലെ പരിശീലന കാലവും കഴിഞ്ഞ് ഇന്ത്യാ സന്ദർശനത്തിന് പുറപ്പെട്ടു ശ്രീഹരിയും സുഹൃത്ത് ഗോപീഷും.

അന്ന് മുംബയിലെ റെയിൽവെ സ്റ്റേഷനിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ട ന്യൂമോണിയ ബാധിച്ച പിഞ്ചുകുട്ടിയുടെ ദുരവസ്ഥ പൊതുഇടം ശുചിയാകണം എന്ന ഉറച്ച തോന്നലുണ്ടാകാൻ ഇടയാക്കി. പിന്നീട് ഗുജറാത്തിലും ഭോപാലിലുമെല്ലാം പോയ ഇടങ്ങൾ വൃത്തിയാക്കി. ഒരു ദിവസം വൃത്തിയാക്കിയയിടം പിറ്റേന്നുതന്നെ ജനം വൃത്തികേടാക്കുന്ന വേദനിപ്പിക്കുന്ന കാഴ്‌ചയും കണ്ടു.

സുഹൃത്തുക്കൾ സഹായം

സുഹൃത്തുക്കൾ തന്നെയാണ് ഈ നഴ്‌സിംഗ് ബോയ്ക്ക് സഹായം. സുഹൃത്തായ ആൽബിൻ മാത്യുവാണ് പ്രവർത്തനത്തിന് ആദ്യമായി ധനസഹായം നൽകി ഒപ്പംനിന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലാകെ ജനങ്ങൾ പരിസര ശുചിത്വകാര്യങ്ങളിൽ അൽപം മോശമാണെന്നാണ് അനുഭവം.

cleaning

ഓരോ തവണ വൃത്തിയാക്കുന്നതിനും സാധനങ്ങൾ വാങ്ങാനും, മുറിയെടുക്കാനും ഒപ്പമുള്ളവർക്ക് ഭക്ഷണത്തിനും യാത്രാ‌ചിലവും പിന്നെ ചവർ നിക്ഷേപിക്കുന്നതിനുള്ള സാധനങ്ങൾ സ്ഥാപിക്കാനുമടക്കം 5000 രൂപയോളം കൈയിൽ നിന്നും ചിലവുണ്ട്.

കേരളമാകെ വൃത്തിയാക്കുന്നതിനിടെ എറണാകുളം റെയിൽവെ പരിസരത്ത് എത്തിയപ്പോൾ ചെറിയ തോതിൽ തടസം വന്നു. എന്നാൽ തങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് അധികൃതരെ പറഞ്ഞുമനസിലാക്കാനായി എന്ന് ശ്രീഹരി പറയുന്നു. പരിസരം വൃത്തിയാക്കുന്നതിന് പുറമേ പാവപ്പെട്ട രോഗികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്താനും ഈ കൊച്ചുമിടുക്കൻ മുന്നിട്ടിറങ്ങി.

2030ഓടെ കേരളമാകെ വൃത്തിയാക്കുക ലക്ഷ്യം

വലിയ പിന്തുണയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ നാട്ടിലെ യുവജനങ്ങൾ ഈ പ്രവർത്തനങ്ങൾക്ക് നൽകിയത്. നിലവിൽ ഇതുവരെ സർക്കാർ സംവിധാനങ്ങളുടെയൊന്നും സഹായം തന്റെ പ്രവർത്തനത്തിന് ലഭിച്ചിട്ടില്ല. അത്തരം സഹകരണങ്ങൾ നല്ലതാണ്. 2030ഓടെ കേരളത്തെ സീറോ വേസ്റ്റേജ് ആക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഈ പ്രവർത്തനങ്ങൾ തുടരുന്നത്.

TAGS: THE NURSING BOY, SREEHARI, CLEANING DUTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY