
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിലേക്ക് തന്റെ പിതാവിനെ ക്ഷണിച്ച് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി. മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം സ്വീകരിച്ച ശേഷം വേടന്റെ മറുപടി പ്രസംഗത്തിലാണ് നാടകിയ നിമിഷങ്ങൾക്ക് നിശാഗന്ധി വേദിയായത്. പ്രസംഗത്തിനിടയിൽ 'ഞാനന്റെ അപ്പനെ ക്ഷണിച്ചോട്ടെ, ഈ വേദിയിലേക്ക് പ്ലീസ്...' എന്ന് വേടൻ അഭ്യർത്ഥിച്ചപ്പോൾ കൈയ്യടിച്ചുകൊണ്ടാണ് സദസ് അനുവാദം നൽകിയത്.
'എവിടെ എന്റെ പ്രിയപ്പെട്ട അപ്പൻ...?' സദസിനിടയിൽ നിന്നും അദ്ദേഹം എണീറ്റു. ''ഈ അവാർഡ് എനിക്ക് കിട്ടാൻ കാരണക്കാരനായുളള ഒരേയൊരു വ്യക്തി എന്റെ അപ്പൻ മാത്രമായിരിക്കും. കാരണം സ്വന്തം ആരോഗ്യവും സ്വന്തം ഇഷ്ടങ്ങളൊക്കെ മാറ്റി വച്ചിട്ട് എന്നെ വളർത്താൻ വേണ്ടിയിട്ട് ഒരുപാട് പണിയെടുത്തിട്ടുള്ള മനുഷ്യനാണെ. അപ്പാ...'' വേടന്റെ പിതാവ് മുരളി അപ്പോഴേക്കും വേദിയിൽ എത്തി.
മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ കൈകൊടുത്ത് അദ്ദേഹത്തെ സ്വീകരിച്ചു. ''ആദ്യമായിട്ടാണ് എന്റെ അപ്പൻ ഇങ്ങനെ ഒരുങ്ങി വെള്ളമുണ്ടും പുതിയ വസ്ത്രവുമൊക്കെഇട്ടു വരുന്നത്. കണ്ടില്ലേ. സുന്ദരനായിട്ടില്ലേ? ഇങ്ങനെ എന്റെ അപ്പനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.''
എന്തെങ്കിലും മിണ്ടാനുണ്ടോ? എന്ന് പിതാവിനോട് വേടൻ മുരളി ചുണ്ടനക്കിയെങ്കിലും ശബ്ദം വന്നില്ല
''ഒന്നും മിണ്ടാനില്ലെന്ന്''- വേടന്റെ മറുപടി.
താൻ അനുഗ്രഹീതനാണെന്ന് വേടൻ പറഞ്ഞു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു സ്വതന്ത്ര കലാകാരന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുന്നതെന്നും വേടൻ പറഞ്ഞു. ശേഷം ഏതാനും വരികൾ പാടിയ ശേഷമായിരുന്നു വേദി വിട്ടത്
''പിടിച്ചതെല്ലാം പുലിവാലെടാ...
കാണ്ടമൃഗത്തിന്റെ തോലെടാ...
അഴുക്കിൽ പിറന്നവരാണെടാ...
പദവി പണമൊന്നും വേണ്ടെടാ...''
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |