
തിരുവനന്തപുരം: ഒരു വാഴയിൽ 10 കുലകൾ. തായ്ലാൻഡ്, വിയറ്റ്നാം സ്വദേശിയാണിത്. അത്യപൂർവമായ ഈ വാഴയെ പൊന്നുപോലെ പരിപാലിക്കുകയാണ് തിരുവനന്തപുരം പാറശാല സ്വദേശി എസ്. വിനോദ്. സ്വദേശികളും വിദേശികളുമായി 520 ഇനം വാഴകളുമുണ്ട് വിനോദിന്റെ നാലരയേക്കർ കൃഷിയിടത്തിൽ. വ്യത്യസ്ത ഇനം വാഴക്കന്നുകൾ തേടിയുള്ള യാത്രകളിൽ രണ്ടുമാസം മുമ്പ് കൊൽക്കത്തയിലെ നഴ്സറിയിൽ നിന്ന് കിട്ടിയതാണ് പത്തുകുല വാഴ. 10 മാസമാകുമ്പോൾ കുലയ്ക്കും.
വിവിധയിനം വാഴകളുടെ അത്ഭുതക്കാഴ്ചയാണ് വിനോദിന്റെ തോട്ടം. വാഴകളോടുള്ള പ്രേമത്തിന് വിനോദിന് വിളിപ്പേരും കിട്ടി, 'വാഴച്ചേട്ടൻ". തായ്ലാൻഡ്, ആഫ്രിക്ക, മലേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നടക്കമുള്ള വാഴകളും കേരളത്തിനകത്തും പുറത്തുമുള്ള അപൂർവ ഇനങ്ങളും വിനോദിന്റെ തോട്ടത്തിലുണ്ട്.
കർണാടകയിൽ നിന്നു കിട്ടിയ 'തിരുവനന്തപുരം" എന്നു പേരുള്ള വാഴയുമുണ്ട്. ബംഗാളിലെ പാഗർ ബനാന, ബോജി മനോഹർ, പഴനി ക്ഷേത്രത്തിൽ പഞ്ചാമൃതം ഉണ്ടാക്കുന്ന വിരുപാക്ഷി, ഗോവയിലെ സാൽടെത്തി, തമിഴ്‍നാട്ടിലെ മനോരഞ്ജിതം, പൂമ്പൊടിയൻ, ഉത്തര കർണാടകയിലെ കൃഷ്ണ വാഴ, വിദേശ ഇനങ്ങളായ സാബാ, പിസാൻ നവാക്ക, ഷുഗർ ബാനന തുടങ്ങിയവയുമുണ്ട്. 'ബനാന മാൻ ഒഫ് ഇന്ത്യ" എന്നപേരിൽ അറിയപ്പെടുന്ന വിനോദ് ലിംകാ ബുക്ക് ഒഫ് റെക്കാഡിലും ഇടംനേടിയിട്ടുണ്ട്.
യാത്രകളിലൂടെയാണ് വിവിധയിനം വാഴകൾ വിനോദ് കണ്ടെത്തുന്നത്. തന്റെ പക്കലുള്ള ഇനങ്ങൾ നൽകി പകരം മറ്രൊരിനം വാങ്ങുകയും ചെയ്യാറുണ്ട്. 53 വർഷമായി വിനോദ് വാഴക്കൃഷി തുടങ്ങിയിട്ട്.
അച്ഛന് മരുന്നായി, വാഴയോട് ഇഷ്ടം കൂടി
വിനോദിന്റെ അച്ഛൻ സഹദേവൻ നായർക്ക് കടുത്ത അൾസർ ബാധിച്ചപ്പോൾ പൂങ്കള്ളി എന്ന വാഴപ്പഴം കഴിക്കാനാണ് വൈദ്യൻ നിർദ്ദേശിച്ചത്. കണ്ണൻ പഴമെന്നും കറയണ്ണാനെന്നും പേരുള്ള ഇത് കുറേനാൾ കഴിച്ചപ്പോൾ അസുഖം മാറി. അതോടെയാണ് വാഴകളോട് വിനോദിന് ഇഷ്ടം തോന്നിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾതന്നെ വാഴക്കൃഷിയിലേക്ക് തിരിഞ്ഞു. വ്യത്യസ്ത ഇനം ശേഖരിച്ചു തുടങ്ങിയിട്ട് 14 വർഷമായി.
എംടെക്കുകാരനായ മകനും വാഴക്കൃഷിയിൽ
എംടെക് ബിരുദധാരിയായ മകൻ അബനീഷ് ഇപ്പോൾ മുഴുവൻ സമയ കർഷകനായി വിനോദിനൊപ്പമുണ്ട്. ഇൻഫോസിസിൽ ജോലി ലഭിച്ചിട്ടും കൃഷി മതിയെന്ന് തീരുമാനിച്ച് അച്ഛനൊപ്പം കൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |