
തിരുവനന്തപുരം: ജാതി വേർതിരിവ് നിലനിന്ന കാലത്ത് തന്റെ ജീവിതം കൊണ്ട് വിജയിച്ച വിപ്ലവകാരിയായിരുന്നു ഡോ. പി.പല്പുവെന്ന് വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതാവും ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാനുമായ ഗോകുലം ഗോപാലൻ അനുസ്മരിച്ചു.
എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രധാനിയും ഗുരുദേവന്റെ സന്തത സഹചാരിയും ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ശില്പികളിൽ പ്രധാനിയുമാണ് ഡോ. പി.പല്പു. ചരിത്രം പലപ്പോഴും അദ്ദേഹത്തിന്റെ നാമധേയം മൗനത്തിലാഴ്ത്തിയെങ്കിലും സാമൂഹ്യനീതിയുടെ വഴിയിൽ മറക്കാൻ കഴിയാത്ത വിപ്ലവബോധമാണ് അദ്ദേഹത്തിന്റേത്.
ജാതിയുടെ പേരിൽ മനുഷ്യനെ വേർതിരിച്ച കാലത്ത്, “ഈഴവൻ” എന്ന തിരിച്ചറിവ് ഒളിപ്പിക്കാതെയും ലജ്ജിക്കാതെയും അതേ പേരിൽ തന്നെയാണ് അദ്ദേഹം അവകാശങ്ങളുടെ രാഷ്ട്രീയം ഉയർത്തിയത്. നിഷേധിക്കപ്പെട്ടത് ചോദിച്ചു വാങ്ങിയതല്ല, ദീർഘമായ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് ഡോ. പല്പുവിന്റെ ജീവിതചരിത്രം.
എസ്.എൻ.ഡി.പി യോഗം എന്ന പ്രസ്ഥാനത്തിന് ആശയപരമായ അടിത്തറ പാകിയതും ഗുരുദേവ ദർശനത്തിന് സംഘടനാപരമായ ശക്തി നൽകിയതും അദ്ദേഹത്തിന്റെ നിർണ്ണായക സംഭാവനയായിരുന്നു. ജനനന്മയ്ക്കായി ആചാരങ്ങളെയും അധികാരങ്ങളെയും ചോദ്യം ചെയ്ത ആ ജീവിതം, ചരിത്രം മറന്നും ആചാരസംരക്ഷണത്തിന്റെ പേരിൽ അനീതിയെ ന്യായീകരിക്കുന്നവർക്കുള്ള ശക്തമായ ഓർമ്മപ്പെടുത്തലായി ഇന്നും നിലകൊള്ളുന്നു.
ഗുരുദേവന്റെ ദർശനത്തെ സാമൂഹ്യനീതിയുടെ മാർഗമാക്കി മാറ്റാൻ ജീവിതം സമർപ്പിച്ച ഡോ. പല്പുവെന്ന
ധീര നിശബ്ദ വിപ്ലവകാരിയുടെ സ്മൃതിദിനത്തിൽ, അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ കുറിച്ചുള്ള ജ്വലിക്കുന്ന ഓർമ്മകൾ നിറഞ്ഞുനിൽക്കുമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |