
തൊടുപുഴ: പദ്മവിഭൂഷൺ ബഹുമതി വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകനായ പി.നാരായണൻ പറഞ്ഞു. സംസ്ഥാനത്തെ മുതിർന്ന ആർ.എസ്.എസ് പ്രവർത്തകരിൽ ഒരാളായ അദ്ദേഹം ബി.ജെ.പിയുടെ പൂർവരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായും ദേശീയ നിർവാഹക സമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ജൻമഭൂമി പത്രത്തിന്റെ മുഖ്യപത്രാധിപരായിരുന്നു. സ്വദേശി ജാഗരൺ മഞ്ചിന്റെ സംസ്ഥാന സംഘടനാ കാര്യദർശിയുമായിരുന്നു.
പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നൂറിലധികം പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്നരയ്ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഫോൺ വിളിച്ചാണ് പദ്മവിഭൂഷൺ നൽകാൻ തീരുമാനിച്ച വിവരമറിയിച്ചത്. 90 വയസെത്തി നിൽക്കുന്ന വേളയിൽ ലഭിക്കുന്ന ഈ ബഹുമതി അത്യന്തം വിനയത്തോടെ സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തൊടുപുഴ താലൂക്കിലെ മണക്കാട് ഗ്രാമത്തിലാണ് നാരായണൻ ജനിച്ചത്. പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്ന എം.എസ്. പത്മനാഭൻ നായരുടെയും സി.കെ.ദേവകി അമ്മയുടെയും മകനാണ്. തൊടുപുഴ ഗവ. ഹൈസ്‌കൂളിലായിരുന്നു പഠനം. കോളേജ് പഠനകാലത്ത് ഒരു സുഹൃത്ത് വഴിയാണ് രാഷ്ട്രീയ സ്വയംസേവക് സംഘത്തിലേക്ക് എത്തുന്നത്.
ഇന്റർമീഡിയറ്റിന് ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എസ്‌സി ഫിസിക്‌സ് പൂർത്തിയാക്കി. 1957ൽ ബിരുദം നേടിയശേഷം കുറച്ചുകാലം സ്വന്തം നാടായ മണക്കാട്ടെ എൻ.എസ്.എസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായി. പിന്നീട് ആർ.എസ്.എസ് പ്രചാരകനായി ഗുരുവായൂരിലേക്ക് പോയി. കണ്ണൂർ, കോട്ടയം ജില്ലകളിലും പ്രചാരകനായി.
എറണാകുളം മുളവുകാട് മഠത്തിൽ കുടുംബാംഗമായ എം.എ. രാജേശ്വരിയാണ് ഭാര്യ. മക്കൾ: മനു നാരായണൻ (സോഫ്റ്റ് വെയർ എൻജിനിയർ, നാഷ് വിൽ, യു.എസ്.എ), അനു നാരായണൻ (മാദ്ധ്യമപ്രവർത്തകൻ, ഇന്ത്യ കോൺട്രിബ്യൂട്ടർ എസ്.ബി.എസ് റേഡിയോ) മരുമക്കൾ: നീനു കുര്യൻ, പ്രീനാലക്ഷ്മി. പി.കെ (അഡ്മിനിസ്‌ട്രേറ്റർ, മടുക്കക്കുഴി ലേക് സൈഡ് ആയുർവേദ, കുടയത്തൂർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |