SignIn
Kerala Kaumudi Online
Wednesday, 18 February 2026 1.24 PM IST

പുരസ്‌കാരങ്ങളിൽ കേരളത്തിളക്കം

Increase Font Size Decrease Font Size Print Page
s

രാജ്യം നൽകുന്ന ആദരവായാണ് പദ്മ പുരസ്‌കാരങ്ങളെ വീക്ഷിക്കേണ്ടത്. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്‌മ പുരസ്‌കാരങ്ങൾ കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്നതായി. സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും പാർട്ടിയുടെ നിറത്തിനപ്പുറം കേരള ജനത സ്വന്തം നേതാവായി മനസാ വരിച്ച പൊതുപ്രവർത്തകനും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പദ്‌മവിഭൂഷൺ ലഭിച്ചത് കേരളത്തിനാകമാനം സന്തോഷം പകരുന്നതാണ്. സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് കെ.ടി. തോമസ്, വിദ്യാഭ്യാസ വിദഗ്ദ്ധനും ജന്മഭൂമി മുൻ പത്രാധിപരുമായ പി. നാരായണൻ എന്നിവരും ഇതേ പുരസ്‌കാരത്തിന് അർഹരായത് ഇരട്ടിമധുരം പ്രദാനം ചെയ്യുന്നതാണ്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് പദ്‌മവിഭൂഷൺ. പദ്‌മവിഭൂഷൺ ബഹുമതിക്ക് അർഹരായവരിൽ അഞ്ചിൽ മൂന്നുപേരും മലയാളികളാണെന്ന അപൂർവതയും ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനത്തിനുണ്ട്. നടൻ മമ്മൂട്ടിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്‌മഭൂഷൺ പുരസ്കാരങ്ങൾ ലഭിച്ചതും അർഹതയ്ക്കുള്ള അംഗീകാരങ്ങൾ തന്നെയാണ്.

പുരസ്‌കാര പ്രഖ്യാപനങ്ങളിൽ രാഷ്ട്രീയം കാണുന്നവർക്ക് അങ്ങനെ കാണാനുള്ള സ്വാതന്ത്ര്യ‌മുണ്ടെങ്കിലും അത് പശുവിന്റെ അകിട്ടിലും ചോര കാണുന്ന കൊതുകിന്റെ കാഴ്ചപ്പാടായി വേണം വിലയിരുത്താൻ. ആര് ഭരിക്കുമ്പോൾ പുരസ്‌കാരം നൽകുന്നു എന്നതിനല്ല,​ അതു ലഭിച്ചവർക്ക് അതിനുള്ള മഹിമ ഉണ്ടോ എന്നതാണ് പരിഗണിക്കപ്പെടേണ്ടത്. അങ്ങനെ നോക്കുമ്പോൾ നൂറു ശതമാനവും അർഹതപ്പെട്ട കേരളത്തിന്റെ പുത്രന്മാരുടെ കരങ്ങളിലാണ് ഈ പുരസ്‌കാരങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. ഇ.എം.എസ് പദ്‌മവിഭൂഷൺ നിരസിച്ചിട്ടുണ്ട്. അത് പക്ഷേ ജീവിച്ചിരുന്നപ്പോഴാണ്. ആരോഗ്യവാനായി ജീവിച്ചിരുന്ന കാലത്ത് ഇതേ പുരസ്‌കാരം ലഭിച്ചിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റുകാരനായ വി.എസ്. അച്യുതാനന്ദനും അതേ ശൈലി പിന്തുടരുമായിരുന്നു. എന്നാൽ കേരളത്തിന്റെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളായി വളർന്ന വി.എസ്സിന് മരണാനന്തര ബഹുമതിയായി അത് ലഭിക്കുമ്പോൾ പാർട്ടിക്കപ്പുറവും ആ സമരനായകനെ സ്നേഹിച്ചിരുന്ന ആബാലവൃദ്ധം ജനങ്ങൾക്കു കൂടി ലഭിക്കുന്ന ബഹുമതിയാണത്. അതിനാൽ സന്തോഷത്തോടെ ആ പുരസ്കാരം സ്വീകരിച്ചതായി പ്രതികരിച്ച കുടുംബവും അഭിനന്ദനം അർഹിക്കുന്നു.

തനിക്കു തോന്നുന്ന ശരികൾ, മറ്റുള്ളവർ എന്തു വിചാരിക്കുമെന്നു കരുതി പറയാതിരിക്കുന്ന കാപട്യമാണ് കേരളത്തിൽ രാഷ്ട്രീയ,​ സാമൂഹ്യ രംഗങ്ങളിൽ വിരാജിക്കുന്നവരിൽ അധികം പേരും കാണിക്കുന്നത്. അവിടെയാണ് വെള്ളാപ്പള്ളി നടേശൻ എന്ന സമുന്നത സാമുദായിക നേതാവിന്റെ നാമം കേരളത്തിലെ ഓരോ ഗൃഹത്തിലും ചർച്ചാവിഷയമായി മാറുന്നത്. തനിക്കു തോന്നുന്ന ശരികൾ, സമുദായത്തിന്റെ അഭിവൃദ്ധിക്ക് ഉതകുന്നതാണെങ്കിൽ അത് ആരുടെ മുഖം കറുത്താലും കാര്യമാക്കാതെ വിളിച്ചു പറയാനുള്ള തന്റേടവും ആത്മധൈര്യവും പച്ചയായ സത്യസന്ധതയും അണുവോളവും കുറയാതെ എന്നും പുലർത്തുന്ന വ്യക്തിത്വമാണ് വെള്ളാപ്പള്ളി നടേശന്റേത്. അക്കാരണത്താൽ തന്നെയാണ് യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും ജനറൽ സെക്രട്ടറി പദവിയിൽ വിദൂരത്തു നിന്നു പോലും ഒരു എതിരാളിയില്ലാതെ കഴിഞ്ഞ മുപ്പതു വർഷത്തിലേറെയായി അദ്ദേഹം തുടരുന്നതും.

മമ്മൂട്ടി എന്ന നടന് ഇനിയും വന്നുചേരാനിരിക്കുന്ന പൊൻതൂവലുകളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോൾ ലഭിച്ച പദ്‌മഭൂഷൺ. ഏത് അംഗീകാരത്തിനും അപ്പുറമുള്ള അംഗീകാരം പ്രേക്ഷക മനസ്സിൽ ആ നടന് എന്നേ ലഭിച്ചുകഴിഞ്ഞിരിക്കുന്നു. മോഹിനിയാട്ടം കലാകാരി വിമലാ മേനോൻ, പരിസ്ഥിതി പ്രവർത്തക ദേവകിഅമ്മ, ബഹിരാകാശ ശാസ്‌ത്രജ്ഞൻ ഡോ. മുത്തുനായകം എന്നിവരാണ് കേരളത്തിൽ നിന്നുള്ള,​ പദ്‌മശ്രീ ലഭിച്ച പ്രമുഖർ. എറണാകുളത്ത് ജനിച്ച എൻ. രാജത്തിന് യു.പി പട്ടികയിൽ ഉൾപ്പെടുത്തിയാണ് പദ്‌മശ്രീ ലഭിച്ചതെങ്കിലും അതും കേരളത്തിന്റെ യശസ് ഉയർത്തുന്ന സമ്മാനം തന്നെയായി കണക്കാക്കാം.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.