SignIn
Kerala Kaumudi Online
Wednesday, 18 February 2026 1.55 PM IST

സി.പി.എമ്മിന്റെ വർഗ്ഗീയതയിൽ മനം മടുത്ത് ലീഗിലേക്ക് !

Increase Font Size Decrease Font Size Print Page
s

സി.പി.എം ഒരു വർഗ്ഗീയ പാർട്ടിയാണെന്ന് കടുത്ത ശത്രുക്കൾ പോലും പറയുമെന്ന് തോന്നുന്നില്ല. പലപ്പോഴും വർഗ്ഗീയ സംഘടനകളുമായി തിരഞ്ഞെടുപ്പിൽ നീക്ക്പോക്കുകൾ ഉണ്ടാക്കുമെന്ന ആരോപണം ഉയരുമെന്നതൊഴിച്ചാൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്ന പാർട്ടിയാണ് സി.പി.എം എന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ മൂന്ന് പതിറ്റാണ്ട് കാലം സി.പി.എമ്മിൽ പ്രവർത്തിക്കുകയും വിവിധ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത വനിതാ നേതാവ് കഴിഞ്ഞ ദിവസം സി.പി.എമ്മിനോട് സലാം പറഞ്ഞ് പോയി ചേർന്നത് മുസ്ലിം ലീഗിൽ ! എന്നിട്ട് സി.പി.എം വിട്ട് ലീഗിൽ ചേക്കേറാൻ അവർ പറഞ്ഞ ന്യായീകരണമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. സി.പി.എമ്മിന്റെ വർഗ്ഗീയ നിലപാടിൽ പ്രതിഷേധിച്ചാണ് താൻ ലീഗിൽ ചേരുന്നതെന്ന് !

നിയമസഭാ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കെ കൊല്ലത്തെ സി.പി.എമ്മിന് കടുത്ത ആഘാതം ഏൽപ്പിച്ച് മറ്റൊരു പ്രമുഖ വനിതാ നേതാവ് കൂടി രാജിവച്ചത് പാർട്ടിക്ക് വൻ തിരിച്ചടിയായി. മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്ന് തവണ കൊട്ടാരക്കര എം.എൽ.എ യുമായിരുന്ന പി. ഐഷാപോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേക്കേറിയതിന്റെ ആഘാതത്തിൽ നിന്ന് മുക്തമാകും മുമ്പെയാണ് പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവുമായ സുജ ചന്ദ്രബാബു പാർട്ടി വിട്ട് മുസ്ലിംലീഗിൽ ചേർന്നത്. മൂന്ന് തവണ അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഒരു തവണ അഞ്ചൽ ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയുമായിരുന്ന സുജ ചന്ദ്രബാബു ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയായും സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ച് ദീർഘകാലമായുള്ള പാർട്ടി ബന്ധമാണ് വിച്ഛേദിച്ചത്. ഒരാഴ്ചയ്ക്കിടെയാണ് ജില്ലയിലെ രണ്ട് പ്രമുഖ വനിതാ നേതാക്കൾ പാർട്ടി വിട്ടത്. ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിച്ച സുജ ചന്ദ്രബാബു, 30 വർഷത്തോളം നീണ്ട സി.പി.എം പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനി മുസ്ലിം ലീഗിനൊപ്പം പ്രവർത്തിക്കുമെന്നും പറഞ്ഞു.

സി.പി.എം വർഗ്ഗീയ പാർട്ടിയെന്ന് സുജ !

മതനിരപേക്ഷ നിലപാടുകളിൽ നിന്ന് മാറിയ സി.പി.എം ഇന്ന് വർഗ്ഗീയ പാർട്ടിയായി മാറിയെന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് സി.പി.എം വിട്ട് ലീഗിൽ അംഗത്വമെടുത്ത സുജ പറയുന്നത്. തിരഞ്ഞെടുപ്പുകളിൽ കുറച്ച് വോട്ടിനു വേണ്ടി ലീഗിനു മേൽ വർഗ്ഗീയത ആരോപിക്കുകയാണ്. പാർട്ടി നേതാക്കളുടെ ചവിട്ടിത്തേപ്പും ധാർഷ്ട്യവും മടുത്താണ് പാർട്ടി വിട്ടത്. പാർട്ടിയിലെ പലരെയും അവരറിയാതെ ചില നേതാക്കൾ കൈകാര്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒരു കാര്യം സാധിക്കണമെങ്കിൽ നേതാക്കളുടെ വീട്ടിൽ പോയി തൊഴുതു നിൽക്കണം. താഴെത്തട്ടിലുള്ളവരുടെ ചെറിയ കാര്യങ്ങൾ പോലും ചെയ്തുകൊടുക്കാൻ സാധിക്കുന്നില്ല. പിന്നെ ആ പാർട്ടിയിൽ നിന്നിട്ടെന്ത് കാര്യം ? ചേരാൻ പറ്റിയ ഏറ്റവും നല്ല പാർട്ടി ലീഗാണെന്ന് തോന്നിയതിനാലാണ് ആ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചത്. എല്ലാവരെയും കണ്ടും മനസ്സിലാക്കിയും സമൂഹത്തിനാവശ്യമായ കാര്യങ്ങൾ ചെയ്യുന്ന പാർട്ടിയാണ് ലീഗ്. അവരുടെ നിലപാടുകളാണ് ലീഗിലേക്ക് തന്നെ ആകർഷിച്ചതെന്നും സുജ ചന്ദ്രബാബു പറഞ്ഞു. എന്നാൽ സി.പി.എം വർഗ്ഗീയ പാർട്ടിയാണെന്നും ലീഗ് മതനിരപേക്ഷ പാർട്ടിയാണെന്നുമുള്ള സുജയുടെ അഭിപ്രായം വിചിത്രവാദമാണെന്ന് സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്.ജയമോഹൻ പറഞ്ഞു. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മൂന്ന് തവണയും അഞ്ചൽ ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയായി 5 വർഷവും സി.പി.എം അവസരം നൽകിയ ആളാണ് ജമാ അത്തെ ഇസ്ലാമിയുമായി ചേർന്ന് അധികാരം പിടിക്കാൻ ഏതറ്റം വരെയും പോകാൻ മടിക്കാത്ത ലീഗിന്റെ വർഗ്ഗീയ നിലപാടിനോട് ഐക്യപ്പെട്ട് പാർട്ടി വിട്ടതെന്നും ജയമോഹൻ കുറ്റപ്പെടുത്തി.

വിശദീകരിക്കാനാകാതെ സി.പി.എം

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച് വിശദീകരിക്കാൻ ഏറെ ബുദ്ധിമുട്ടുന്നതിനിടെയാണ് രണ്ട് പ്രമുഖ വനിതാ നേതാക്കൾ പാർട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മറ്രു രണ്ട് പ്രതിപക്ഷ പാർട്ടികളിലേക്ക് ചേക്കേറിയത്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തോൽവിയെക്കുറിച്ച് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരിക്കാൻ പാടുപെടുന്നതിനിടെ രണ്ട് പ്രമുഖ വനിതാ നേതാക്കൾ പാർട്ടി വിടുന്ന സാഹചര്യം അണികളോട് വിശദീകരിക്കാൻ പാർട്ടി ജില്ലാ നേത‌ൃത്വം പാടുപെടുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 11 ൽ 9 സീറ്റും പിടിച്ച സി.പി.എമ്മും എൽ.ഡി.എഫും ആ വിജയം വരുന്ന തിരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് ഇടിവെട്ടേറ്റതു പോലെ പി. ഐഷാ പോറ്റിയും സുജ ചന്ദ്രബാബുവും പാർട്ടിയിൽ നിന്ന് പടിയിറങ്ങിയത്. പാർട്ടിയിൽ കടുത്ത അവഗണന നേരിട്ട് മടുത്തപ്പോഴാണ് രാജിവച്ചതെന്നാണ് ഐഷാ പോറ്റിയും സുജ ചന്ദ്രബാബുവും കുറ്റപ്പെടുത്തിയത്. 'വർഗ്ഗ വഞ്ചകികൾ' എന്ന് വിളിച്ച് ഇരുവരെയും പാർട്ടി തള്ളുമ്പോഴും അണികളോട് വിശദീകരിക്കാൻ പാടുപെടുകയാണ് . പാർട്ടി വേദികളിലെങ്കിലും ഇതിനു മറുപടി പറയേണ്ട ബാദ്ധ്യതയാണ് പാർട്ടി നേതൃത്വത്തിന് വന്നു ചേർന്നിരിക്കുന്നത്.

ലീഗിന് മുഖം രക്ഷിക്കാൻ പിടിവള്ളിയായി

പേരിൽ പോലും വർഗ്ഗീയത പുലർത്തുന്ന പാർട്ടിയെന്ന് മുസ്ലിം ലീഗിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം ശക്തമായ വിമർശനം ഉന്നയിക്കുന്നതിനിടെ മുസ്ലിം ലീഗിന് ലഭിച്ച ലോട്ടറിയാണ് സി.പി.എം നേതാവായിരുന്ന സുജ ചന്ദ്രബാബുവിന്റെ പാർട്ടി പ്രവേശനം. മതനിരപേക്ഷ പാർട്ടിയാണ് ലീഗെന്ന് ലീഗ് നേതാക്കളും കോൺഗ്രസ് നേതാക്കളും ആവർത്തിച്ച് വിശദീകരിച്ചുകൊണ്ടിരിക്കെയാണ് ലീഗിനെ വർഗ്ഗീയ പാർട്ടിയെന്ന് പറഞ്ഞ് വെള്ളാപ്പള്ളിയും ചില സി.പി.എം നേതാക്കളും വിമർശനം കടുപ്പിച്ചുകൊണ്ടിരുന്നത്. സി.പി.എം പോലൊരു പാർട്ടിയിലെ പ്രമുഖയായൊരു ഹിന്ദു വനിതാ നേതാവിനെത്തന്നെ തങ്ങളുടെ പാർട്ടിയിലെത്തിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് മുസ്ലിം ലീഗ് നേതൃത്വം. മലബാറിൽ മാത്രം സ്വാധീനമുള്ള പാർട്ടിയെന്ന ദുഷ്പേര് ഒഴിവാക്കാൻ ലഭിച്ച അവസരം കൂടിയായാണ് പാർട്ടി ഇതിനെ വീക്ഷിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂരിൽ സുജ ചന്ദ്രബാബുവിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കാമെന്ന ഉറപ്പിന്മേലാണ് ലീഗിലെത്തിയതെന്നാണ് പറയപ്പെടുന്നത്. തെക്കൻ കേരളത്തിൽ ലീഗ് മത്സരിക്കുന്ന ഏക സീറ്റാണ് പുനലൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ ലീഗ്സ്ഥാനാർത്ഥിയായി മത്സരിച്ച അബ്ദുൽ റഹ്മാൻ രണ്ടത്താണിയെ 37,000 ഓളം വോട്ടിന്റെ വൻ വ്യത്യാസത്തിലാണ് സി.പി.ഐ യിലെ പി.എസ് സുപാൽ തോൽപ്പിച്ചത്. 2016 ലെ തിരഞ്ഞെടുപ്പിൽ ഇവിടെ ലീഗ് സ്ഥാനാർത്ഥിയായി എ.യൂനുസ് കുഞ്ഞ് മത്സരിച്ചെങ്കിലും ദയനീയ തോൽവിയായിരുന്നു ഫലം. മുമ്പ് ഇരവിപുരമാണ് ലീഗ് മത്സരിച്ചിരുന്നത്. ആർ.എസ്.പി ഇടതുമുന്നണിയിലായിരുന്നപ്പോൾ അവരുടെ സ്ഥാനാർത്ഥികളായിരുന്നു സ്ഥിരമായി ഇവിടെ ജയിച്ചിരുന്നത്. ഒരു തവണ ലീഗ് നേതാവ് പി.കെ.കെ ബാവ ഇരവിപുരത്ത് ജയിച്ച് മന്ത്രിയായതൊഴിച്ചാൽ മറ്റു തിരഞ്ഞെടുപ്പുകളിലെല്ലാം ഇരവിപുരം ആർ.എസ്.പിക്കൊപ്പമായിരുന്നു. 2015ൽ ആർ.എസ്.പി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിന്റെ ഭാഗമായപ്പോഴാണ് ലീഗിന് പുനലൂരിലേക്ക് മാറേണ്ടി വന്നത്. ജില്ലയിൽ എൽ.ഡി.എഫിന്റെ ശക്തമായ കോട്ടയായ പുനലൂരിൽ സുജ ചന്ദ്രബാബുവിനെ മത്സരിപ്പിച്ച് ഒരു പരീക്ഷണത്തിന് ലീഗ് മുതിരാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്. എല്ലാ ആനുകൂല്യങ്ങളും പറ്റിയശേഷം പാർട്ടിയെ വഞ്ചിച്ച് ലീഗിലേക്ക് ചേക്കേറിയ സുജ ചന്ദ്രബാബുവിനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എന്ത് വില കൊടുത്തും പരാജയപ്പെടുത്താനാകും സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും ശ്രമം. ലീഗിനാകട്ടെ വിജയത്തിനപ്പുറം തങ്ങളുടെ മതനിരപേക്ഷ നിലപാട് ഉയർത്തിക്കാട്ടാനുള്ള ഒരവസരമായി പുനലൂലിൽ സുജ ചന്ദ്രബാബുവിനെ അവതരിപ്പിക്കാനാകും ശ്രമം.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.